supreme-court-5

ശബരിമല യുവതീപ്രവേശനത്തിലെ പുന:പരിശോധന ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. മതാചാരവും വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഹര്‍ജികളാണ് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഹർജികളിൽ വാദം കേള്‍ക്കുമോ എന്നാണ് ആകാംക്ഷ.

സംഘര്‍ഷങ്ങള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും കാരണമായ ശബരിമല യുവതീപ്രവേശന കേസ് ഒരിടവേളയ്ക്കുശേഷം വീണ്ടും സുപ്രീംകോടതിയില്‍. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടനാ ബെ‍ഞ്ച് വിധിക്കെതിരായ പുനഃപരിശോധനയടക്കം ഹര്‍ജികളാണ് പരിഗണിക്കുന്നത്. സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ വരുക. ശബരിമല കേസ് മാത്രമല്ല, മറ്റ് മതങ്ങളിലെ സ്ത്രീകളോടുള്ള വിവേചനപരമായ ആചാരങ്ങളും ഹര്‍ജികളായി കോടതിക്ക് മുന്‍പിലുണ്ട്. 

മുസ്‍‌ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, പാഴ്സി സ്ത്രീകളുടെ അവകാശങ്ങൾ എന്നിവയാണ് അവ. ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ഉടൻ ശബരിമല യുവതീ പ്രവേശന വിധിയിലെ പുന:പരിശോധന ഹർജികൾ പരിഗണിക്കാൻ ഒൻപതംഗ ബെഞ്ച് രൂപീകരിക്കുമെന്ന് സൂര്യകാന്ത് പറഞ്ഞിരുന്നു. ഹർജികൾ പരിഗണിക്കാൻ ഒന്‍പതംഗം ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതില്‍ തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. ഒൻപതംഗ ബെഞ്ചിൽ കേസിന്റെ വാദം എന്ന് തുടങ്ങുമെന്നതിലാണ് ഇനി ആകാംക്ഷ. ഹർജികൾ പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാരിന് നിലപാട് സുപ്രീംകോടതിയില്‍ അറിയിക്കേണ്ടി വരും. യുവതീപ്രവേശനത്തിന് അനുകൂലമാണ് സംസ്ഥാന സർക്കാരിന്‍റെ നിലവിലെ നിലപാട്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഹർജികളിൽ വാദം കേള്‍ക്കുമോ എന്നതും പ്രധാനമാണ്. 

ENGLISH SUMMARY:

Sabarimala Temple entry review petitions will be heard by the Supreme Court on Monday, addressing the intersection of religious customs and individual freedom. The bench will consider petitions related to women's entry into the temple, potentially impacting future religious practice judgments.