New Delhi 2023 November 20 : Rahul Mamkootathil , Youth Congress Kerala State Prasident  @ Rahul R Pattom

New Delhi 2023 November 20 : Rahul Mamkootathil , Youth Congress Kerala State Prasident @ Rahul R Pattom

യുവനടിയുടെ ആരോപണത്തിന് പിന്നാലെ പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റേതാണ് തീരുമാനം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റും നല്‍കില്ല. പാര്‍ട്ടിക്കുള്ളില്‍ നിന്നും രാഹുലിനെതിരെ നിരവധി പരാതികള്‍ എഐസിസിക്ക് ലഭിച്ചതിന് പിന്നാലെ അന്വേഷണത്തിന് കെപിസിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷിയാണ് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെ വി.ഡി.സതീശനും കെപിസിസി ജനറല്‍ സെക്രട്ടറി സണ്ണി ജോസഫും അനൗദ്യോഗിക ചര്‍ച്ച നടത്തിയിരുന്നു. 

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ  പ്രവാസി എഴുത്തുകാരി ഹണി ഭാസ്കരനും വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. തന്നോട് ചാറ്റ് ചെയ്തശേഷം രാഹുൽ തന്നെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിച്ചുവെന്ന് അവർ ആരോപിച്ചു. എതിർ രാഷ്ട്രീയത്തിലുള്ളവർ പോലും തന്നോട് സംസാരിക്കാൻ വരുന്നുണ്ടെന്ന് രാഹുൽ അഹങ്കാരത്തോടെ പറഞ്ഞുവെന്നും ഹണി ഭാസ്കർ വ്യക്തമാക്കി. രാഹുൽ ഇരയാക്കിയ ഒരുപാട് സ്ത്രീകളെ തനിക്ക് അറിയാമെന്നും, അവരിൽ വനിതാ കോൺഗ്രസ് പ്രവർത്തകർ പോലും ഉണ്ടെന്നും ഹണി ഭാസ്കർ പറയുന്നു. ഈ വിഷയത്തിൽ നിയമനടപടികൾ ആലോചിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അവർ, ധൈര്യമുണ്ടെങ്കിൽ രാഹുൽ മാനനഷ്ടക്കേസ് നൽകട്ടെ, നേരിടാൻ തയ്യാറാണെന്ന് വെല്ലുവിളിച്ചു.

നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റും ഹണി ഭാസ്കര്‍ പങ്കുവച്ചിരുന്നു. രാഹുലിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പോസ്റ്റില്‍ രാഹുലിനെ വ്യക്തിപരമായി അറിയില്ലെന്നും ജൂണ്‍ മാസം താന്‍ നടത്തിയ ശ്രീലങ്കന്‍ യാത്രയ്ക്കിടെ വിശേഷങ്ങള്‍ ചോദിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചതായും ഹണി ഭാസ്കര്‍ പറയുന്നു. ഫോട്ടോയ്ക്ക് ഹൃദയം അയച്ച് ശ്രീലങ്ക പോവാൻ പ്ലാൻ ഉണ്ട്‌ എന്ന് പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. രാവിലെ നോക്കിയപ്പോളും മെസേജുകളുടെ തുടർച്ച കണ്ടു. ചാറ്റ് നിർത്താൻ ഉദ്ദേശം ഇല്ല എന്ന് മനസിലായപ്പോള്‍ പ്രോത്സാഹിപ്പിച്ചില്ലെന്നും മറുപടി നല്‍കാത്തതിനാല്‍‌ ആ ചാറ്റ് അവിടെ അവസാനിച്ചുവെന്നും ഹണി പറയുന്നു. 

രാഹുലിന്‍റെ ചൂഷണ ശ്രമങ്ങളെ നേരിട്ട സ്ത്രീകൾ അനുഭവങ്ങൾ തുറന്നു പറഞ്ഞുകൊണ്ടിരിക്കെ അന്നത്തെ തന്‍റെ ധാരണ തെറ്റിയില്ലെന്ന് തനിക്ക് ബോധ്യം വന്നന്നെന്നും ഹണി പോസ്റ്റില്‍ പറയുന്നു. എന്നാല്‍ തന്നോട് നടത്തിയ സംഭാഷണത്തിന്‍റെ അറിയാകഥകള്‍ യൂത്ത്‌ കോൺഗ്രസ്സിലെ രാഹുലിന്‍റെ തന്നെ സുഹൃത്തുക്കളില്‍നിന്നും അറിയാന്‍ ഇടയായെന്നും ഹണി പറയുന്നു. രാഹുല്‍ സുഹൃത്തുക്കളോട് പറഞ്ഞത് താൻ അങ്ങോട്ട് വന്നു ചാറ്റ് ചെയ്തു എന്നാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. രാഹുല്‍ പറഞ്ഞതും വിശ്വസിച്ച് മറ്റൊരു കോണ്‍ഗ്രസ് പ്രവർത്തകൻ തന്റെ ഒരു സുഹൃത്തിനോട് ഈ കാര്യം പറഞ്ഞുവെന്നും ആ വ്യക്തി തക്കതായ മറുപടി നല്‍കിയതായും പോസ്റ്റിലുണ്ട്. സ്ത്രീകളോട് അങ്ങോട്ട് പോയി മിണ്ടി, അവരുമായുള്ള സംഭാഷണങ്ങളെ പെർവേർട്ടുകൾക്ക് ഇടയിൽ മോശമായി ചിത്രീകരിച്ച് ആളാകുന്ന സൈക്കോയെ ജനം അറിയേണ്ടതുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.

ENGLISH SUMMARY:

Rahul Mamkootathil is facing action following allegations from a young actress and writer Honey Bhaskaran. The Youth Congress leader has been asked to resign, and may not be given a seat in the upcoming elections.