NEW DELHI 2024 JUNE  24   :   Youth congress leader Rahul Mamkootathil. @ JOSEKUTTY PANACKAL / MANORAMA

Image Credit: Manorama ( ജോസുകുട്ടി പനയ്ക്കല്‍)

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ വാട്സാപ്പ് ഗ്രൂപ്പില്‍ രൂക്ഷ വിമര്‍ശനം. രാഹുല്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം സംഘടനയില്‍ ചര്‍ച്ച ചെയ്യണമെന്ന് വനിതാ നേതാവാണ് ആവശ്യമുയര്‍ത്തിയത്. പെണ്ണുപിടിയന്‍ എന്ന ആരോപണം നിരന്തരം ഉണ്ടാകുന്നു. ആരോപണം വെറുതേ ചിരിച്ചു തള്ളാനാകില്ല. രാഹുല്‍ മറുപടി പറയണമെന്നും തെറ്റുകാരനെങ്കില്‍ മാറി നില്‍ക്കണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു. വാട്സാപ്പ് ഗ്രൂപ്പിലയച്ച ശബ്ദ സന്ദേശം മനോരമന്യൂസിന് ലഭിച്ചു. 

അതേസമയം, യുവ നേതാവിനെതിരായ നടിയുടെ വെളിപ്പെടുത്തലിൽ പ്രതിസന്ധിയിലായി കോൺഗ്രസ് നേതൃത്വം. നടിയോട് മോശമായി പെരുമാറി എന്ന് ആരോപിക്കപ്പെടുന്ന യുവ നേതാവിനെതിരെ പാർട്ടിയിലും ആക്ഷേപമുണ്ട്. യുവ നേതാവിനെതിരെ സംസ്ഥാന, ദേശീയ നേതൃത്വങ്ങൾക്ക് മുൻപിലും ചില ആക്ഷേപങ്ങളുണ്ടെന്നാണ് വിവരം. അതേസമയം, പരാതികളിന്മേൽ നേതൃത്വം എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമല്ല. യുവനേതാവിന്റെയും പാർട്ടിയുടെയും പേര് നടി വെളിപ്പെടുത്താത്ത പശ്ചാത്തലത്തിൽ വിഷയത്തിൽ പരസ്യ പ്രതികരണം ഇപ്പോൾ വേണ്ടെന്ന നിലപാടിലാണ് നേതൃത്വം. എന്നാല്‍ ഇടതു  സംഘടനകൾ ഉൾപ്പെടെ വിഷയം രാഷ്ട്രീയ ആയുധമാക്കുന്നതും കോൺഗ്രസിന് തലവേദനയാണ്. പേര് വെളിപ്പെടുത്തിയില്ലെങ്കിലും, സംശയം നീളുന്നത് ഒരാളിലേയ്ക്കാണ്. യുവതി കൂടുതൽ വെളിപ്പെടുത്തൽ നടത്താനും സാധ്യതയുണ്ട്. 

ആരോപണ വിധേയന്‍ രാഹുല്‍ മാങ്കൂട്ടത്തിലാണെന്നാരോപിച്ച് ബിജെപി ഇന്നരെ രാത്രി എംഎല്‍എയുടെ പാലക്കാട്ടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാർച്ച് പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോയ പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സൗത്ത് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. വരും ദിവസങ്ങളിലും പ്രതിഷേധം കടുപ്പിക്കാൻ ആണ് ബിജെപി തീരുമാനം. പാലക്കാട്ടെ എംഎല്‍എ രാത്രി ആക്ടീവാകുന്ന ആളാണെന്നും കോൺഗ്രസ് പാർട്ടിയിലെ സ്ത്രീകൾ രാഹുലുള്ള പരിപാടിക്ക് വരാൻ മടിക്കുന്നെന്നുമായിരുന്നു കൃഷ്ണകുമാറിന്റെ ആരോപണം.

ENGLISH SUMMARY:

Rahul Mamkootathil is facing serious allegations. The Palakkad MLA is under scrutiny following accusations of inappropriate behavior towards women, leading to internal criticism within the Youth Congress and protests from the BJP.