NEW DELHI 2024 JUNE 24 : Youth congress leader Rahul Mamkootathil. @ JOSEKUTTY PANACKAL / MANORAMA
യുവനടിയുടെ ആരോപണത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി വന്നേക്കും. ദേശീയ നേതൃത്വത്തിന് പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണിത്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ലഭിച്ച പരാതികളായതിനാല്‍ സംഭവത്തില്‍ അന്വേഷണം നടത്താന്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും രാഹുലിനെ നീക്കിയേക്കുമെന്നാണ് സൂചന. Also Read: പലരെയും യൂസ് ചെയ്തു, വെളിപ്പെടുത്തലിനു പിന്നാലെ നിരവധി പെണ്‍കുട്ടികള്‍ വിളിച്ചു
അതിനിടെ കോണ്‍ഗ്രസ് കോണ്‍ക്ലേവിന്‍റെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നേരത്തെ നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം ഒഴിവാക്കി. രാവിലെ പത്തുമണിക്ക് തീരുമാനിച്ചിരുന്ന വാര്‍ത്താസമ്മേളനം ആരോഗ്യപരമായ കാരണങ്ങളാല്‍ ഒഴിവാക്കുന്നുവെന്നാണ് വിശദീകരണം. രാഹുലിനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ വാട്സാപ്പ് ഗ്രൂപ്പിലും രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. പെണ്ണുപിടിയനാണെന്ന ആരോപണം നിരന്തരം ഉയരുന്നുവെന്നും രാഹുല്‍ മറുപടി നല്‍കുകയും വസ്തുതയുണ്ടെങ്കില്‍ മാറി നില്‍ക്കുകയും വേണമെന്നാണ് വനിതാ നേതാവ് ആവശ്യപ്പെട്ടത്. രാഹുലിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ ചിരിച്ചുതള്ളാന്‍ കഴിയില്ലെന്നും പെണ്ണുപിടിയനാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷനെന്ന ആരോപണം അപമാനമാണെന്നും അവര്‍ ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, യുവനേതാവിന്റെയും പാർട്ടിയുടെയും പേര് നടി വെളിപ്പെടുത്താത്ത പശ്ചാത്തലത്തിൽ വിഷയത്തിൽ പരസ്യ പ്രതികരണം ഇപ്പോൾ വേണ്ടെന്ന നിലപാടിലാണ് നേതൃത്വം. എന്നാല്‍ ഇടതു സംഘടനകൾ ഉൾപ്പെടെ വിഷയം രാഷ്ട്രീയ ആയുധമാക്കുന്നതും കോൺഗ്രസിന് തലവേദനയാണ്. പേര് വെളിപ്പെടുത്തിയില്ലെങ്കിലും, സംശയം നീളുന്നത് ഒരാളിലേക്കാണെന്നതും പേരെടുത്ത് പറഞ്ഞ് സമൂഹമാധ്യമത്തില്‍ എഴുത്തുകാരി ഹണി ഭാസ്കരനുള്‍പ്പടെയുള്ളവര്‍ പങ്കുവച്ച കുറിപ്പുകളും നേതൃത്വത്തെ സമ്മര്‍ദത്തിലാക്കുന്നുണ്ട്.