ലോക്സഭയില്‍ അസാധാരണ രംഗങ്ങള്‍. നടുത്തളത്തിനിറങ്ങി പ്രതിഷേധിക്കുകയും ചെയറിനു നേരെ പേപ്പര്‍ കീറിയെറിയുകയും ചെയ്ത ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരടക്കം എട്ട് എം.പിമാരെ സസ്പെന്‍ഡ് ചെയ്തു. ഈ സഭാകാലയളവ് പൂര്‍ത്തിയാകുന്നതുവരെയാണ് സസ്പെന്‍ഷന്‍. ലോക്സഭ ഉച്ചയ്ക്ക് രണ്ടുമണിക്ക് ചേര്‍ന്നപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. Also Read: 'ചൈനീസ് പട അടുത്തെത്തി, എന്തുചെയ്യണം; മന്ത്രി മിണ്ടിയില്ല' - നരവനെയുടെ പുസ്തകം, വിവാദം

നന്ദിപ്രമേയ ചര്‍ച്ചയില്‍ എം.എം.നരവനെയുടെ പുസ്തഭാഗം വീണ്ടും ഉന്നയിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമം ഭരണപക്ഷം തടഞ്ഞു.  രാഹുലിന് അവസരം നിഷേധിച്ച് മറ്റ് അംഗങ്ങളെ സംസാരിക്കാന്‍ ക്ഷണിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. ചെയറിനു നേരെ പേപ്പര്‍ കീറിയെറിഞ്ഞു. ഇതോടെ മൂന്നുമണിവരെ സഭ നിര്‍ത്തിവച്ചു. 

വീണ്ടും സഭചേര്‍ന്നപ്പോള്‍ ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, മാണിക്കം ടാഗോര്‍, അമരീന്ദര്‍ സിങ് രാജ വാറിങ്, ഗുര്‍ജീത് സിങ് ഓജ്ല, കിരണ്‍ കുമാര്‍ റെഡ്ഡി, പ്രശാന്ത് പഡോളെ, എസ്.വെങ്കടേശന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം പാര്‍ലമെന്‍ററി കാര്യമന്ത്രി അവതരിപ്പിച്ചു. പാര്‍ലമെന്‍റിന് പുറത്ത് മകരകവാടത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ പ്രതിഷേധിച്ചു

അതേസമയം, ഇന്ത്യ യു എസ് വ്യാപാര കരാറില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വ്യാപാര കരാറിനായി കര്‍ഷകതാല്‍പര്യം ബലികഴിച്ചെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. മോദിയുടെ പ്രതിച്ഛായ നഷ്ടമായെന്നും  രാഹുല്‍ ഗാന്ധി.

ENGLISH SUMMARY:

Eight opposition MPs, including Hibi Eden and Dean Kuriakose, were suspended from the Lok Sabha following dramatic protests. Rahul Gandhi slams the India–US trade deal, alleging sacrifice of farmers' interests and loss of PM Modi’s credibility.