ലീഗ് നഗരസഭയുടെ വേദിയിൽ സിപിഎമ്മിന് മറുപടിയുമായി പി.കെ ശശി. മണ്ണാർക്കാട്ടെ രാഷ്ട്രീയ സാമൂഹിക രംഗത്ത് താൻ സജീവമായുണ്ടാകുമെന്നും തന്നെ എന്തിനു ഭയക്കണമെന്നും പ്രാദേശിക സിപിഎം നേതാക്കളെ വേദിയിലിരുത്തി ശശി പ്രസംഗിച്ചു. പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠനും അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എയും പരോക്ഷമായി പി.കെ. ശശിയെ കോൺഗ്രസിലേക്ക് ക്ഷണിച്ചു.
മണ്ണാർക്കാടിൽ സിപിഎമ്മും പി.കെ ശശിയും തമ്മിലുള്ള പോര് തുടങ്ങിയിട്ട് കാലം കുറെയായി. മുസ്ലിംലീഗ് ഭരിക്കുന്ന നഗരസഭയുടെ ഔദ്യോഗിക പരിപാടിയിൽ ഇന്നലെ ശശിയെ മുഖ്യാതിഥിയായി ക്ഷണിച്ചത് ആ പോരിനു ആക്കം കൂട്ടി. പി കെ കുഞ്ഞാലിക്കുട്ടിക്ക് പുറമേ വി കെ ശ്രീകണ്ഠനും എംപിയും എൻ. ഷംസുദ്ദീൻ എം.എൽ.എയും പങ്കെടുത്ത വേദിയിൽ ശശിയെത്തിയത് പതിവിന് വിപരീതമായി വെള്ള വസ്ത്രത്തിൽ. പ്രസംഗിച്ചതത്രയും സിപിഎമ്മിനും ഡിവൈഎഫ്ഐക്കും ഒളിയമ്പ് വെച്ച്. ഇന്നലകളിലെന്ന പോലെ വരാൻ പോകുന്ന നാളെകളിലും എന്‍റെ സാന്നിധ്യമുണ്ടാകും. ഞാൻ വരുന്നുവെന്ന് പറയുമ്പോൾ ആ൪ക്കാണിത്ര ബേജാറെന്നും ശശി. കൊച്ചി പഴയ കൊച്ചിയല്ല, ബിലാല് പഴയ ബിലാല് തന്നെയാണെന്ന ഡയലോഗും കൂടെ.
വെള്ള വസ്ത്രത്തിനു പകരം ഖദർ ആയിരുന്നെങ്കിൽ ഒന്ന് കൂടി നല്ലതായിരുന്നെന്ന് പ്രസംഗത്തിനിടെ വി. കെ ശ്രീകണ്ഠൻ. നഗരസഭ ഭരണസമിതിയെ പുകഴ്ത്തി പ്രസംഗിക്കുക കൂടെ ചെയ്തതോടെ ശശി രാഷ്ട്രീയക്കളം മാറ്റി ചവിട്ടുകയാണോ എന്ന് സംശയം ഉയർന്നു. സിപിഎം കൗൺസില൪മാരും പാ൪ട്ടി ലോക്കൽ സെക്രട്ടറിയും പരിപാടിയിൽ പങ്കെടുത്തു. ജനപ്രതിനിധി അല്ലാതിരുന്നിട്ടും പി.കെ.ശശിയെ ക്ഷണിച്ചതിനെതിരെ സി.പി.എമ്മിലെ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ടായിരുന്നു. ഡിസ്പെൻസറി കെട്ടിടം നിർമിച്ചതിൽ അഴിമതി ആരോപിച്ച് ഡി.വൈ.എഫ്.ഐ ഇന്നലെ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.