കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളില്‍ കൊടിയും തോരണങ്ങളും മാറ്റണമെന്ന മന്ത്രി ഗണേഷിന്‍റെ വാക്കുകള്‍ക്ക് പുല്ലുവില. മന്ത്രിയുടെ സ്വന്തം ജില്ലയിലെ ബസ് സ്റ്റാന്‍ഡിലും നിറയെ തോരണങ്ങളും ഫ്ലെക്സും. സിഐടിയു മാറ്റിയാല്‍ തോരണം മാറ്റാന്‍ റെഡിയെന്നു ഐ.എന്‍.ടി.യു.സി.
പത്തനാപുരത്തെ മന്ത്രിയുടെ പ്രസംഗം കേട്ട് സ്വന്തം ജില്ലയായ കൊല്ലത്തെ ബസ് സ്റ്റാന്‍റില്‍ പോയപ്പോള്‍ ഗണേഷ് കുമാറിന്‍റെ കൂടി ചിത്രമുള്ള സിഐടിയുവിന്‍റെ ബോര്‍ഡാണ് സ്റ്റാന്‍ഡിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. തലങ്ങും വിലങ്ങുമാണ് ബാനര്‍, കൊടിഎന്നിവ കെട്ടിയിരിക്കുന്നതെന്നു മാത്രമല്ല സ്റ്റാന്‍ഡിനകത്ത് യാത്രക്കാര്‍ക്ക് പോലും നേരാംവണ്ണം നടക്കാന്‍ പോലും സാധിക്കുന്നില്ല.
മന്ത്രിയുടെ പ്രസ്താവന വന്നു ഉടന്‍തന്നെ കെ.എസ്.ആര്‍.ടി.സി യൂണിയന്‍ നേതാക്കള്‍ക്ക് കൊടി തോരണങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ട് നൊട്ടിസ് നല്‍കിയിരുന്നു. പ്രതികരണം ആരാഞ്ഞെങ്കിലും സി.ഐ.ടിയു നേതാക്കള്‍ പ്രതികരിച്ചില്ല.അംഗീകൃത യൂണിയനെ തെരഞ്ഞെടുക്കാനുള്ള റഫറണ്ടത്തിന്‍റെ ഭാഗമായാണ് സംഘടനകള്‍ സ്റ്റാന്‍ഡുകളില്‍ നിറയെ പോസ്റ്ററും തോരണങ്ങളും പതിച്ചത്.