പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ തുറന്നടിച്ച് പി.വി.അന്‍വര്‍ . വി.ഡി.സതീശന് ഗൂഢലക്ഷ്യമെന്ന് അന്‍വര്‍ വിമര്‍ശിച്ചു. ഈ തിരഞ്ഞെടുപ്പ് അന്‍വറിനെ ഒതുക്കാനോ പിണറായിയെ ഒതുക്കാനോ?. കെ.സി.വേണുഗോപാലിനെ ചര്‍ച്ചയില്‍നിന്ന് പിന്തിരിപ്പിച്ചത് രാജിഭീഷണി മുഴക്കിയാണ്. യു.ഡി.എഫ് ചെയര്‍മാന്‍ പദവി രാജിവയ്ക്കുമെന്ന് സതീശന്‍ ഭീഷണിപ്പെടുത്തി.
തന്നെ കൊല്ലാനാണ് സതീശന്റെ ശ്രമം. തല്‍ക്കാലം സതീശന്‍ ആവശ്യപ്പെടുംപോലെ നയം വ്യക്തമാക്കാനില്ല. യു.ഡി.എഫുമായി ഇനിയെന്താണ് ചര്‍ച്ചയെന്നും അന്‍വര്‍ ചോദിക്കുന്നു.
Read Also: 'സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള പ്രസ്താവന അന്‍വര്‍ തിരുത്തണം: അല്ലാതെ സഹകരിക്കാന്‍ ബുദ്ധിമുട്ട്'
ആര്യാടൻ ഷൗക്കത്തിനെതിരായ പ്രസ്താവനകൾ പി.വി. അൻവർ തിരുത്തിയാൽ തൊട്ടടുത്ത മണിക്കൂറുകളിൽ യുഡിഎഫ് അസോഷ്യേറ്റ് അംഗമാക്കുന്നതിൽ തീരുമാനമുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. അൻവർ കടുത്ത നിലപാട് തുടർന്നാൽ അവഗണിച്ചു മുന്നോട്ടുപോകും. തിരുത്താതെ സഹകരിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും അൻവർ മര്യാദ കാണിക്കണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശും മനോരമ ന്യൂസിനോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള അൻവർ - കോൺഗ്രസ് തർക്കം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ, പന്ത് അൻവറിന്റെ കോർട്ടിലേക്ക് തട്ടി മാറിനിൽക്കുകയാണ് യുഡിഎഫ്. ആര്യാടൻ ഷൗക്കത്തിനും പ്രതിപക്ഷനേതാവിനും എതിരെ നടത്തിയ പ്രസ്താവനകൾ തിരുത്തി, യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കാതെ മുന്നോട്ടുപോകാൻ ആവില്ലെന്ന് സണ്ണി ജോസഫ് നയം വ്യക്തമാക്കി.
കെ സിയിൽ ശരണം കണ്ട് ഇന്നലെ കോഴിക്കോട്ടേക്ക് പോയെങ്കിലും അൻവറിന് മുഖം കൊടുക്കാൻ തയ്യാറാകാതിരുന്ന കെ.സി.വേണുഗോപാൽ സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പിനെ തുടർന്ന് അൻവറിനെ കൈയ്യൊഴിഞ്ഞു.