ആര്യാടൻ ഷൗക്കത്തിനെതിരായ പ്രസ്താവനകൾ പി.വി. അൻവർ തിരുത്തിയാൽ തൊട്ടടുത്ത മണിക്കൂറുകളിൽ യുഡിഎഫ് അസോഷ്യേറ്റ് അംഗമാക്കുന്നതിൽ തീരുമാനം. അൻവർ കടുത്ത നിലപാട് തുടർന്നാൽ അവഗണിച്ചു മുന്നോട്ടുപോകും. തിരുത്താതെ സഹകരിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും അൻവർ മര്യാദ കാണിക്കണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശും മനോരമ ന്യൂസിനോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള അൻവർ - കോൺഗ്രസ് തർക്കം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ, പന്ത് അൻവറിന്റെ കോർട്ടിലേക്ക് തട്ടി മാറിനിൽക്കുകയാണ് യുഡിഎഫ്. ആര്യാടൻ ഷൗക്കത്തിനും പ്രതിപക്ഷനേതാവിനും എതിരെ നടത്തിയ പ്രസ്താവനകൾ തിരുത്തി, യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കാതെ മുന്നോട്ടുപോകാൻ ആവില്ലെന്ന് സണ്ണി ജോസഫ് നയം വ്യക്തമാക്കി. അതേസമയം, വൈകിട്ട് മഞ്ചേരിയിൽ ചേരുന്ന തൃണമൂൽ കോൺഗ്രസിന്റെ യോഗത്തിന് ശേഷം അൻവർ നിലപാട് വ്യക്തമാക്കുമെന്നാണ് അറിയുന്നത്.
തിരഞ്ഞെടുപ്പില്‍ വിവാദങ്ങള്‍ സ്വാഭാവികമെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. വിവാദങ്ങള്‍ക്ക് മറുപടി പറയാനില്ല. അന്‍വറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നേതൃത്വം മറുപടി പറയുമെന്നും ഷൗക്കത്ത് പറഞ്ഞു. പി.വി. അന്‍വറുമായി ഒന്നിച്ചുപോകുമെന്ന് രമേശ് ചെന്നിത്തല. ഇന്നലെയും അന്‍വറുമായി സംസാരിച്ചു. ഇന്നും ചര്‍ച്ചകള്‍ തുടരുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.