New Delhi, Mar 26 (ANI): Congress MP Shashi Tharoor at Parliament during the Budget session, in New Delhi on Wednesday. (ANI Photo/Rahul Singh)
കോൺഗ്രസിന്‍റെ പൊതു നിലപാടില്‍ നിന്നും വ്യത്യസ്തമായ നിലപാട് തുടരുന്നതില്‍ എഐസിസി താക്കീതിന് പിന്നാലെയും പറഞ്ഞതിലുറച്ച് ശശി തരൂർ. ശരിയെന്നു തോന്നിയ കാര്യങ്ങളാണ് വ്യക്തമാക്കിയതെന്നാണ് തരൂരിന്റെ പക്ഷം. അതേസമയം പാർട്ടി താക്കീത് മറികടന്ന് പരസ്യപ്രതികരണവുമായി ശശി തരൂർ മുന്നോട്ടുപോയാൽ തുടർനടപടികളിലേക്ക് കടക്കാനാണ് ഹൈക്കമാൻഡിന്‍റെ ആലോചന. ശശി തരൂരിന്റെ പ്രസ്താവനകൾ നിരവധി തവണ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടും കണ്ടില്ലെന്നു നടിച്ചു മുന്നോട്ട് പോവുകയായിരുന്നുവെന്നും എന്നാൽ പ്രവർത്തകസമിതി അംഗത്തിന്റെ ഭാഗത്തുനിന്നുള്ള തുടർച്ചയായ നടപടി ഗൗരവതരം ആണെന്നും നേതാക്കളില്‍ ഒരുവിഭാഗം പറയുന്നു.
നേതൃത്വവുമായി ഉടക്കി പാർട്ടിയിൽ നിന്ന് പുറത്തു പോകാനുള്ള വഴിയാണ് ശശി തരൂർ തേടുന്നതെന്ന് വിലയിരുത്തുന്നവരുമുണ്ട്. ഇന്ത്യ–പാക് സംഘർഷത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായ പ്രതികരണം നടത്തിയതിനാണ് ശശി തരൂരിനെ ഇന്നലെ താക്കീത് ചെയ്തത്. പാര്‍ട്ടിയുടെ അഭിപ്രായങ്ങള്‍ പൊതുസമൂഹത്തില്‍ അറിയിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും വ്യക്തിപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സമയം ഇതല്ലെന്നും നേതൃത്വം തരൂരിനെ അറിയിച്ചിരുന്നു. തരൂര്‍ പരിധി ലംഘിക്കുകയാണെന്ന കടുത്ത വിമര്‍ശനമാണ് മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ ഉയര്‍ത്തിയത്. ഇതോടെയാണ് എഐസിസി താക്കീത് ചെയ്തത്.