മണ്ഡല-മകരവിളക്ക് തീർഥാടനകാലത്തിന് മുന്നോടിയായി ശബരിമലയിലേക്ക് ഭക്തജന പ്രവാഹം. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള യാത്രയുടെ ആദ്യ ദിവസം തന്നെ തീർഥാടകർക്ക് വലിയ തിരക്ക് നേരിടേണ്ടിവന്നു. കെ.എസ്.ആർ.ടി.സി ബസുകളിൽ തിക്കിത്തിരക്കിയാണ് പലർക്കും യാത്ര ചെയ്യേണ്ടിവന്നത്. തിരക്ക് കണക്കിലെടുത്ത് നിശ്ചയിച്ചതിലും 50 മിനിറ്റ് നേരത്തെ ആദ്യ സർവീസ് ആരംഭിച്ചെങ്കിലും യാത്രക്കാരുടെ തിരക്ക് നിയന്ത്രണാതീതമായി. ഒരു മണിക്കൂറിനുള്ളിൽ നിലയ്ക്കൽ-പമ്പ പാതയിൽ 66 ചെയിൻ സർവീസുകളാണ് കെ.എസ്.ആർ.ടി.സി നടത്തിയത്.
മണ്ഡലകാലത്തിനായി ശബരിമല നട തുറക്കുന്നതിന് മുന്നോടിയായി തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ സന്നിധാനത്ത് പൂർത്തിയായി. വൈകിട്ട് നാലിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറക്കും. തുടർന്ന് ആഴിയിലേക്ക് അഗ്നി പകർന്ന ശേഷമായിരിക്കും തീർഥാടകരെ പ്രവേശിപ്പിക്കുക. നട തുറന്ന ശേഷമാണ് പുതിയ മേൽശാന്തിമാരുടെ അഭിഷേകച്ചടങ്ങുകൾ നടക്കുക.
ശബരിമലയിലെ പുതിയ മേൽശാന്തിയായി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയെയും ചുമതലയേൽപ്പിക്കും. ഇന്ന് 30,000 തീർഥാടകരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. പ്രതിദിനം 80,000 പേർക്കാണ് ദർശനത്തിന് അനുമതി. ഇതിൽ 66,000 പേർക്ക് ഓൺലൈൻ ബുക്കിങ്ങിലൂടെയും ബാക്കിയുള്ളവർക്ക് നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിലെ സ്പോട്ട് ബുക്കിങ്ങിലൂടെയുമാണ് പ്രവേശനം.
നാളെ വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിയായിരിക്കും നട തുറക്കുക. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അയ്യായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് ചീഫ് പൊലീസ് കോർഡിനേറ്റർ എ.ഡി.ജി.പി പി. വിജയൻ അറിയിച്ചു. തീർഥാടകരുടെ സഹകരണവും അദ്ദേഹം അഭ്യർഥിച്ചു. തിരക്ക് നിയന്ത്രിക്കാൻ മണിക്കൂറിൽ 75 മുതൽ 80 വരെ തീർഥാടകരെ പതിനെട്ടാംപടി കയറ്റേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആർ.എ.എഫ്, എൻ.ഡി.ആർ.എഫ് സംഘങ്ങളും സന്നിധാനത്തെത്തി ചുമതലയേറ്റിട്ടുണ്ട്.
ഇടനിലക്കാരെ ഒഴിവാക്കി ശർക്കര നേരിട്ട് വാങ്ങിയ ശേഷമുള്ള ആദ്യ മണ്ഡലകാലമാണിത്. പമ്പയിലെത്തിച്ച സാധനങ്ങൾ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് സന്നിധാനത്തെത്തിച്ച് പ്രസാദ നിർമാണത്തിന് ഉപയോഗിച്ചത്.