• പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മണർകാട് പള്ളിയില്‍ പ്രവേശിച്ചതില്‍ സർക്കാരിനെതിരെ അതൃപ്തി പ്രകടപ്പിച്ച് ഓർത്തഡോക്സ് സഭ. മാധ്യമവിഭാഗം അധ്യക്ഷന്‍ യൂഹാനോൻ മാർ ദിയസ്കോറസ് ആണ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മുന്നിൽ അതൃപ്തി തുറന്നു പറഞ്ഞത്.

പരിശുദ്ധ പാത്രിയർക്കീസ് ബാവാ മണർകാട് പള്ളിയില്‍ പ്രവേശിച്ചതില്‍ സർക്കാരിനെതിരെ അതൃപ്തി പ്രകടപ്പിച്ച്  ഓർത്തഡോക്സ് സഭ. മാധ്യമവിഭാഗം അധ്യക്ഷന്‍ യൂഹാനോൻ മാർ ദിയസ്കോറസ് ആണ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മുന്നിൽ അതൃപ്തി തുറന്നു പറഞ്ഞത്. സർക്കാരിന് ലഭിച്ചത് വിചിത്രമായ നിയമോപദേശമെന്നും ഓർത്തഡോക്സ് സഭയ്ക്ക് ഉണ്ടായത് വലിയ മുറിവാണെന്നും അദ്ദേഹം പറഞ്ഞു. ആ മുറിവുണ്ടാക്കിയവർ തന്നെ അത് ഉണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയം മൂലേടം പള്ളിയിൽ സ്പീക്കർ കൂടി പങ്കെടുത്ത വേദിയിലാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്.

അതേസമയം  ശ്ലൈഹിക സന്ദർശനത്തിനായി കേരളത്തിൽ എത്തിയ യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷ്യൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ബെയ്റൂട്ടിലേക്ക് മടങ്ങി. സന്ദർശനം ഫലപ്രദമായിരുന്നെന്നും സഭാ തർക്കം അവസാനിക്കാൻ  തുറന്ന മനസോടെയുള്ള ചർച്ചകൾ തുടരണമെന്നും പാത്രിയർക്കീസ് ബാവ നെടുമ്പാശേരി വിമാനത്താവളത്തില്‍ പറഞ്ഞു.

പാത്രിയർക്കീസ് ബാവായുടെ മണർകാട് പള്ളിയിലെ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനെ കുറ്റപ്പെടുത്തേണ്ടെന്ന്  ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ. സർക്കാർ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും യാക്കോബായ സഭ ത്യാഗം ചെയ്യാൻ തയാറാണെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ പറഞ്ഞു.

ഓർത്തഡോക്സ്–യാക്കോബായ സഭാതർക്കത്തിൽ എരിതീയിൽ എണ്ണ ഒഴിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ നടത്തേണ്ടതില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നമാണിതെന്നും എല്ലാവരും ആഗ്രഹിക്കുന്നത് പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാനാണെന്നും തിരുവഞ്ചൂർ പറഞ്ഞു. സഭാതർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രത്യേകിച്ച് ഒരു അഭിപ്രായവും പറയാനില്ലെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് വേണ്ടതെന്നും സ്പീക്കർ വ്യക്തമാക്കി. ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിലുള്ള തർക്കം വർഷങ്ങളായി തുടരുന്ന വിഷയമാണ്. ഇരു വിഭാഗങ്ങൾക്കും സ്വീകാര്യമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിച്ച് സമാധാനപരമായി മുന്നോട്ടുപോകണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

The Orthodox Church has expressed strong dissatisfaction with the Kerala government's handling of the Patriarch's entry into Manarcad Church. Orthodox Church media wing president Yuhanon Mar Dioscoros criticised the government's legal advice, describing the incident as deeply hurtful to the Church. Meanwhile, Jacobite Patriarch Ignatius Aphrem II concluded his Kerala visit and called for continued open-minded discussions to resolve the decades-old Church dispute. Jacobite Catholicos Baselios Joseph defended the government's actions, stating that no illegality had occurred and that legal remedies were available if necessary. Speaker Thiruvanchoor Radhakrishnan urged both sides to avoid inflammatory statements and focus on finding a peaceful resolution to the longstanding Orthodox–Jacobite dispute.