അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ടശേഷം അപ്പീല്‍ ജാമ്യത്തിലുള്ള മുൻ ഡിജിപി ടോമിൻ.ജെ.തച്ചങ്കരിക്കെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷ പിൻവലിച്ചാലും തച്ചങ്കരിയുടെ അസുഖത്തെക്കുറിച്ച് അറിയാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തച്ചങ്കരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നത് അന്വേഷിക്കേണ്ട കാര്യമാണ്. ശ്വാസംമുട്ടൽ ഉള്ളയാൾ ദുബായിൽ പോയിട്ട് എന്ത് ചെയ്യാനാണെന്നും കോടതി ചോദിച്ചു. Also Read: യുഎഇയില്‍ മലയാളി കുടുംബത്തിലെ 3 കുട്ടികള്‍ വാഹനാപകടത്തില്‍ മരിച്ചു; 4 പേര് ചികില്‍സയില്‍
ടോമിൻ.ജെ.തച്ചങ്കരിയുടെ അസുഖങ്ങളെ കുറിച്ചുള്ള ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് ഹൈക്കോടതി വിശദമായി പരിശോധിച്ചിരുന്നു. എന്തൊക്കെയാണ് ആരോഗ്യപ്രശ്നങ്ങൾ എന്ന കോടതിയുടെ ചോദ്യത്തിന് ശ്വാസംമുട്ടടക്കമുള്ളവയുണ്ടെന്ന് തച്ചങ്കരിയുടെ അഭിഭാഷകൻ മറുപടി നൽകി. വിദേശത്തേക്ക് പോകുമ്പോൾ ശ്വസന സഹായത്തിനാവശ്യമായ ഉപകരണം കൂടി കൊണ്ടുപോകേണ്ടതുണ്ടെന്നും തച്ചങ്കരി വ്യക്തമാക്കി. ശ്വാസം മുട്ടുള്ളയാൾ വിദേശത്ത് പോയിട്ട് എന്ത് ചെയ്യാനാണെന്നും, ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഒരാൾ എങ്ങനെയാണ് ജോലിക്കായി വിദേശത്തേക്ക് പോകാനാവുകയെന്നും കോടതി. ഇത് കോടതിയല്ല, ഇന്ത്യയിലെ സാധാരണ പൗരൻ ഉന്നയിക്കുന്ന ചോദ്യമാണെന്നും ജസ്റ്റിസ് എ.ബദറുദ്ദീൻ പറഞ്ഞു.
ഇതിന് പിന്നാലെയാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന അപേക്ഷ പിൻവലിക്കാൻ തച്ചങ്കരി അനുമതി തേടിയത്. ഹർജി പിൻവലിച്ചാലും ഞാൻ നിങ്ങളെ വെറുതെ വിടില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി. എന്താണ് രോഗമെന്ന് സ്ഥിരീകരിക്കാൻ മെഡിക്കൽ ബോർഡ് മുഖേന പരിശോധനയ്ക്ക് ഉത്തരവിടും. ഏതെങ്കിലും രോഗത്തിന്റെ പേരിലാണോ തച്ചങ്കരിയെ ജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്? അതോ അതിന് പിന്നിൽ മറ്റെന്തെങ്കിലും ഗൂഢാലോചനയുണ്ടോ? അവിടെയുള്ള ഡോക്ടർക്ക് ഇതിൽ പങ്കുണ്ടോ എന്നും പരിശോധിക്കണം.
ജയിൽ സൂപ്രണ്ടോ അതോ പൊലീസിലെ മറ്റാരെങ്കിലുമോ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതെല്ലാം അന്വേഷിക്കേണ്ട കാര്യങ്ങളാണെന്നും കോടതി പറഞ്ഞു. തച്ചങ്കരി ജയിൽമുറി കണ്ടിട്ടുള്ളത് ഡിജിപി ആയിരുന്നപ്പോൾ മാത്രമാണെന്നും കോടതി പരിഹസിച്ചു. തുടർന്ന് ജാമ്യാപേക്ഷയിൽ ഇളവ് തേടിയുള്ള ഉപഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി.