ബലാത്സംഗക്കേസിൽ പ്രതിയായ ഡോക്ടർ ജോൺസൺ കെ. വർഗീസിനെതിരെ നേരത്തെയും പരാതി ലഭിച്ചിരുന്നുവെന്നും അന്ന് താക്കീത് നൽകിയിരുന്നുവെന്നും സ്വകാര്യ ആശുപത്രി. ആശുപത്രിയിലെ ജീവനക്കാരിയോട് മോശമായി സംസാരിച്ചെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് ഡോക്ടറെ താക്കീത് ചെയ്തതെന്നാണ് ആശുപത്രിയുടെ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നൽകിയ കത്തിനുള്ള മറുപടിയിലാണ് ആശുപത്രി ഇക്കാര്യം വ്യക്തമാക്കിയത്. Also Read: 'ആ ജന്മദിനത്തിന് പാർട്ടി ഒരുക്കി രാഹുൽ കാത്തിരുന്നു, പക്ഷേ സുഹൃത്തുക്കളാരും വന്നില്ല'; സോണിയ
ഡോക്ടറുടെ ഫോൺ പരിശോധിച്ചപ്പോൾ പന്ത്രണ്ടോളം സ്ത്രീകളുമായുള്ള ദൃശ്യങ്ങൾ കണ്ടെത്തിയതായും വിവരമുണ്ട്. ഡോക്ടറെ മർദിച്ച കേസിൽ പ്രതിയായ യുവതിയുടെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസിൽ മുൻകൂർ ജാമ്യം തേടി ഡോക്ടർ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ മാസം 17ന് ഹർജി പരിഗണിക്കുമ്പോൾ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനാണ് പോലീസിന്റെ തീരുമാനം. നിലവിൽ ഒളിവിൽ കഴിയുന്ന ഡോക്ടറെ കണ്ടെത്താനുള്ള തിരച്ചിൽ പോലീസ് തുടരുകയാണ്.