നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ രണ്ട് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചത് ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാഗമെന്ന് വിശദീകരിച്ച് എക്സൈസ് കമ്മിഷണര്‍ സാംബശിവ റാവു. എഫ്എല്‍ സെവന് ലൈസന്‍സ് അനുവദിക്കാനുള്ള ഉത്തരവാദിത്തം 2011 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ നിയമമാണെന്നും അത് പിന്തുടരുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും വിശദീകരണം. ബാര്‍ ലൈസന്‍സ് അനുവദിച്ചതിന്റെ രേഖകള്‍ പുറത്ത് വന്നതിന് പിന്നാലെയുള്ള വിശദമായ മറുപടിയിലാണ് എക്സൈസ് കമ്മിഷണര്‍ നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചത്.
അതേസമയം, മദ്യനയം വരും മുന്‍പ് ബാര്‍ ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ എക്സൈസ് കമ്മിഷണറെ മാറ്റണമെന്ന് ആവശ്യപ്പെടാന്‍ മന്ത്രി എം.ലിജു. ദുരൂഹത നിറഞ്ഞ തീരുമാനങ്ങളുമായി ഗുരുതര വീഴ്ച വരുത്തി നിരന്തരം വകുപ്പിനെ വിവാദങ്ങളിലേക്ക് നയിക്കുന്നുവെന്നും ഉദ്യോഗസ്ഥ മാറ്റം സര്‍ക്കാര്‍ പോളിസിയുടെ ഭാഗമെന്നും ലിജു പറഞ്ഞു. Read Also: ‘വിചാരണയ്ക്ക് കാത്തുനിൽക്കേണ്ട, ലൈസൻസ് ഉടൻ റദ്ദാക്കണം!’ മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ ഹൈക്കോടതി
മദ്യനയം വരും മുന്‍പ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന് ഉത്തരവിറക്കും. മന്ത്രി ജനങ്ങളെ വിഢ്ഢികളാക്കുന്നുവെന്ന മുന്‍ എക്സൈസ് മന്ത്രി എം.ബി രാജേഷിന്റെ പ്രതികരണത്തിന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് നല്കിയ ബാറുകളുടെ അനുമതി ഉള്‍പ്പെടെ പരിശോധിക്കുമെന്നും ലിജു. കമ്മിഷണറുടെ തീരുമാനങ്ങള്‍ പലതും ദുരൂഹത നിറഞ്ഞത്. എക്സൈസ് വകുപ്പിനെ പൊതുജനമധ്യത്തില്‍ വിമര്‍ശനത്തിനിടയാക്കുന്ന തീരുമാനങ്ങളെടുക്കുന്നു. ഈ സാഹചര്യത്തിലാണ് കമ്മിഷണറെ മാറ്റണമെന്ന ആവശ്യം മന്ത്രിക്കുള്ളത്.
വിവാദങ്ങള്‍ക്ക് പിന്നാലെ എക്സൈസ് മന്ത്രിക്ക് എക്സൈസ് കമ്മിഷണര്‍ സാംബശിവ റാവു വിശദീകരണം നല്‍കിയിരുന്നു. ഇതുവരെ നിയമപരമായി മാത്രമാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ബാര്‍ ലൈസന്‍സ് ഉള്‍പ്പെടെയുള്ള അനുമതിയില്‍ സര്‍ക്കാരിലേക്ക് കൃത്യമായ അറിയിപ്പ് നല്‍കിയിരുന്നു. സര്‍ക്കാരിന്റെ മദ്യനയത്തിന് വിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നും മന്ത്രിക്ക് നല്കിയ വിശദീകരണത്തിലുണ്ട്.