ശ്രീകാര്യം അഭിരാം കൊലപാതക കേസില്‍ പ്രതി ഉമറിന്റെ കാമുകിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നു എന്ന കണ്ടെത്തലിലാണ് ആക്കുളം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയെ രാത്രിയോടെ കസ്റ്റഡിയിലെടുത്തത്. കേസിൽ നേരിട്ട് പങ്കെടുത്ത കാപ്പ കേസ് പ്രതിയായ ഉമർ കൃത്യത്തിന് മുമ്പും ശേഷവും വിവരങ്ങൾ ഇവരോട് പങ്കുവെച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അഭിരാമിനെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്താൻ ഇവർ സഹായിച്ചതായും വിവരമുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. ഇതോടെ 17 കാരനായ അഭിരാം കൊല്ലപ്പെട്ട കേസിൽ പിടിയിലായവരുടെ എണ്ണം നാലായി.
കൊലപാതകത്തിൽ നേരിട്ട് പങ്കാളിയായ കാപ്പ കേസ് പ്രതി ഉമറിനെ കഴിഞ്ഞ ദിവസം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാമുകിയുടെ പങ്കിനെക്കുറിച്ച് അന്വേഷണസംഘത്തിന് പ്രാഥമിക വിവര ലഭിക്കുന്നത്. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം രാത്രി പത്തു മണിയോടെ ആക്കുളത്തെ വീട്ടിലെത്തിയാണ് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് മുൻപും ശേഷവും അതിക്രൂരമായ കൃത്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉമർ ഈ പെൺകുട്ടിയുമായി പങ്കുവെച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
അഭിരാമിനെ സന്ദേശങ്ങൾ അയച്ച് തന്ത്രപൂർവ്വം വിളിച്ചുവരുത്തുന്നതിൽ പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതിയുടെ പെൺസുഹൃത്തിന് പുറമേ ഈ യുവതിക്കും പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. കസ്റ്റഡിയിലെടുത്ത യുവതിയെ ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണെന്നും രാവിലെയോടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അറസ്റ്റ് രേഖപ്പെടുത്തുന്നതോടെ അഭിരാം കൊലപാതക കേസിൽ രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ഉൾപ്പെടെ നാല് പ്രതികളാകും. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് വരികയാണെന്നും സിറ്റി പൊലീസ് അറിയിച്ചു.