ഏരിയകമ്മിറ്റി അംഗവും, മുൻ ലോക്കൽ സെക്രട്ടറിയും പാർട്ടി വിട്ടതിന് പിന്നാലെ കുട്ടനാട്ടിൽ സിപിഎം വിടാനൊരുങ്ങി നിരവധിപേർ. സിപിഐ അടക്കമുള്ള പാര്‍ട്ടികളുമായി ഇവര്‍ ചര്‍ച്ച നടത്തി. എന്നാല്‍ വിഭാഗീയതയിൽ കുട്ടനാട്ടിൽ കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഏരിയ സെക്രട്ടറി സി.ബി.ബ്രീവൻ പറഞ്ഞു. 

കുട്ടനാട്ടിലെ സിപിഎമ്മിൽ നിലനിൽക്കുന്ന ആഭ്യന്തര പ്രശ്നങ്ങളുടെ തുടർച്ച എന്ന നിലക്കാണ് കൂടുതൽ പേർ പാർട്ടിവിടാൻ ഒരുങ്ങുന്നത്. ഇക്കൂട്ടർ സിപിഐ പ്രാദേശിക നേതൃത്വവുമായി ചർച്ച നടത്തി. കൊഴിഞ്ഞുപോക്ക് മുന്നിൽക്കണ്ട് സിപിഎമ്മും മുൻകരുതൽ നടപടി എടുക്കുന്നുണ്ട്. വിഭാഗീയത പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ പുറത്താക്കൽ ഉൾപ്പെടെയുള്ള നടപടികൾ ആണ് ആലോചന.

പാർട്ടി വിട്ട ഏരിയ കമ്മിറ്റി അംഗം തോമസ് പൈലിയ്ക്കും, മുൻ ലോക്കൽ സെക്രട്ടറി ഡി. വിനോദിനും എതിരെ പാർട്ടി വളരെ നേരത്തെ നടപടി എടുത്തിരുന്നെന്ന് ഏരിയ സെക്രട്ടറി ബ്രീവൻ പറഞ്ഞു.

ആലപ്പുഴയിൽ വിഭാഗീയ പ്രവർത്തനം രൂക്ഷമായ കുട്ടനാട്ടിൽ പ്രശ്നങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഎം വിശാല ജില്ലാകമ്മിറ്റി തീരുമാനം എടുത്തിരുന്നെങ്കിലും അത് പൂർണമായും പ്രായോഗികമായിട്ടില്ല എന്നാണ് കൊഴിഞ്ഞുപോക്ക് സൂചിപ്പിക്കുന്നത്. കുട്ടനാട്ടിൽ പാർട്ടിയിൽ ഭിന്നത രൂക്ഷമായതിനെ തുടർന്നു രാമങ്കരിയിൽ ഉൾപ്പെടെ നിരവധിപേർ നേരത്തെ മറ്റുപാർട്ടികളിൽ ചേർന്നിരുന്നു.

ENGLISH SUMMARY:

Kuttanad CPM crisis is deepening as multiple members plan to leave the party following severe internal factionalism and recent high-profile resignations. The ongoing political turmoil in Alappuzha has triggered discussions with rival parties, prompting the leadership to consider strict disciplinary actions.