• ലക്ഷങ്ങള്‍ മുടക്കി ഹൈദരബാദിലെത്തി വധുവിനെ വാങ്ങുന്നവരില്‍ കേരളത്തില്‍നിന്നുള്ള വ്യവസായികളടക്കമുണ്ടെന്ന് മനോരമ ന്യൂസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി. നാട്ടിലുള്ള ഭാര്യയെയും നാലു മക്കളെയും അറിയിക്കാതെ കണ്ണൂർ സ്വദേശിയായ 60-കാരൻ ഹൈദരാബാദിൽ 22 വയസ്സുകാരിയെ വിവാഹം കഴിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നു.

ലക്ഷങ്ങള്‍ മുടക്കി ഹൈദരബാദിലെത്തി വധുവിനെ വാങ്ങുന്നവരില്‍ കേരളത്തില്‍നിന്നുള്ള വ്യവസായികളടക്കമുണ്ടെന്ന് മനോരമ ന്യൂസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി. നാട്ടിലുള്ള ഭാര്യയെയും നാലു മക്കളെയും അറിയിക്കാതെ കണ്ണൂർ സ്വദേശിയായ 60-കാരൻ ഹൈദരാബാദിൽ 22 വയസ്സുകാരിയെ വിവാഹം കഴിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നു. Also Read: ഏഴു മണിക്കൂറിൽ അഞ്ച് പെണ്ണുകാണൽ; വധുവിന് അഞ്ചുലക്ഷം, ബ്രോക്കർക്ക് ഒരുലക്ഷം

മനോരമ ന്യൂസ് സംഘം ഹൈദരാബാദിലെത്തിയ അതേദിവസമായിരുന്നു ഈ ആഡംബര വിവാഹം നടന്നത്. വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കിയതിന് പിന്നാലെ ഇടനിലക്കാരായ രണ്ട് ബ്രോക്കർമാർ സംഘം എത്തിയ സ്ഥലത്തേക്ക് എത്തി. വിവാഹസൽക്കാരത്തിൽ പങ്കെടുക്കാനായി വരൻ അയച്ച ആഡംബര കാറും ഇവരെ തേടിയെത്തി.

വരന്റെ സാമ്പത്തികശേഷി കണക്കിലെടുത്ത് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെടാതെ തന്നെ ഏഴ് ലക്ഷം രൂപ നൽകി. കേരളത്തിൽ നേരത്തേ ഭാര്യയും നാലു മക്കളുമുള്ള ഇയാൾ, പുതിയ ഭാര്യയെ ഗൾഫിലേക്ക് കൊണ്ടുപോകാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പ്രവാസി വ്യവസായിയുടെ രണ്ടാം ഭാര്യയായാണ് യുവതിയെ കൊണ്ടുപോകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. Also Read: സൗന്ദര്യം കൂടുംതോറും വില കൂടുന്ന ‘വധുവില്‍പ്പന’! പെണ്‍കുട്ടികളെ വിലപേശി വാങ്ങുന്ന ഹൈദരാബാദ് കല്യാണം

വിവാഹം ഉറപ്പിച്ചുനൽകിയതിന് ഒരു ലക്ഷം രൂപ ദല്ലാൾ ഫീസായി ലഭിച്ചതായും വിലയേറിയ വാച്ചും വസ്ത്രങ്ങളും സമ്മാനമായി ലഭിച്ചതായും ബ്രോക്കർമാരിലൊരാൾ വെളിപ്പെടുത്തി. പ്രായമായ പുരുഷന്മാർക്ക് പ്രായം കുറഞ്ഞ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചുനൽകുന്നത് പുണ്യകർമമാണെന്ന വിചിത്രമായ ന്യായീകരണവും ഇയാൾ മുന്നോട്ടുവച്ചു.

ഇത്തരത്തിൽ രഹസ്യമായി രണ്ടാം വിവാഹത്തിനായി ഹൈദരാബാദിലെത്തിയ നിരവധി മലയാളികളുടെ വിവരങ്ങളും ബ്രോക്കർമാർ മനോരമന്യൂസ് സംഘത്തോട് വെളിപ്പെടുത്തി. പണവും ഇടനിലക്കാരും കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം വിവാഹങ്ങളുടെ പിന്നിലെ ഇടപാടുകളും ചൂഷണസാധ്യതകളും ഗൗരവമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്.

ENGLISH SUMMARY:

A Manorama News investigation has uncovered alleged secret marriage arrangements in Hyderabad involving wealthy Malayali businessmen. One case involves a 60-year-old businessman from Kannur who reportedly married a 22-year-old woman without informing his wife and four children in Kerala. He allegedly gave the bride's family Rs 7 lakh and plans to take her to the Gulf as his second wife. Marriage brokers reportedly received substantial commissions and expensive gifts for arranging such marriages. The investigation also points to several other Malayali men allegedly involved in similar secret marriages, raising concerns about potential exploitation and the role of intermediaries.