‘ഇനി വിവാഹം കഴിക്കാന്‍ കാലങ്ങള്‍ കാത്തിരിക്കേണ്ട. മഹര്‍ എന്ന ഈ ഗ്രൂപ്പിലൂടെ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ വിവാഹസാഫല്യം നേടിയവര്‍ നിരവധിയാണ്. ഇനിയും സമയം കളയാതെ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക. വേഗത്തില്‍ ഒരാഴ്ച കൊണ്ട് നടത്താന്‍ കഴിയും. ആദ്യം ആര്‍ക്കും പണം നല്‍കേണ്ടതില്ല. അനുയോജ്യമായ ഇണയെ കണ്ടെത്തി വിവാഹം നടക്കുന്ന അന്നുമതി ബ്രോക്കര്‍ ഫീസ്. മഹര്‍ കൊടുത്ത് വിവാഹം കഴിച്ച് നാട്ടിലേക്കോ ഗള്‍ഫിലേക്കോ കൊണ്ടുപോകാം. ആദ്യവിവാഹം, രണ്ടാം വിവാഹം എന്നൊന്നും ഹൈദരാബാദില്‍ വിഷയമല്ല...’
ഫെയ്സ്ബുക്കില്‍ വന്ന് ഈ മെസേജാണ് ഒരു അന്വേഷണത്തിന് ഞങ്ങളെ പ്രേരിപ്പിച്ചത്. ഫെയ്സ്ബുക്കില്‍ കണ്ട ഫോണ്‍ നമ്പറില്‍ വിളിച്ചു. ഏത് പ്രായക്കാര്‍ക്കും ഹൈദരാബാദില്‍ നിന്ന് പെണ്‍കുട്ടികളെ കിട്ടും. നിക്കാഹ് ചെയ്യാം. നേരത്തേ വിവാഹം കഴിച്ചതാണോ ഭാര്യയോ കുട്ടികളോ ഉണ്ടോ എന്നൊന്നും ആരും തിരക്കില്ല. പതിനെട്ടിനും മുപ്പതിനുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ഏര്‍പ്പാട് ചെയ്യും. കണ്ട് ഇഷ്ടപ്പെട്ടാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് പണം നല്‍കി കൊണ്ടുപോകാം. ഇത്രയും കേട്ടപ്പോള്‍ത്തന്നെ കാര്യങ്ങളെക്കുറിച്ച് ഏതാണ്ട് ബോധ്യം വന്നു. പിന്നെ ഹൈദരാബാദിലേക്ക് വണ്ടി കയറാന്‍ തീരുമാനിച്ചു. Also Read: 5 ലക്ഷം കൊടുത്താൽ പെണ്ണും മണിയറയും റെഡി; വിവാഹക്കമ്പോളത്തിന്റെ മറനീക്കി മനോരമ ന്യൂസ്
ചെറിയൊരു രൂപമാറ്റവും വേഷപ്പകര്‍ച്ചയുമൊക്കെ നടത്തിയാണ് ഹൈദരാബാദിലെത്തിയത്. ഇടനിലക്കാരില്‍ ഏറെയും മലയാളികള്‍. അതില്‍ ഒരാളെ കൂടെ കൂട്ടി. അയാള്‍ മലയാളിയല്ലാത്ത ഒരു വനിതാ ബ്രോക്കറുടെ വീട്ടിലെത്തിച്ചു. അവിടെയായിരുന്നു ആദ്യത്തെ പെണ്ണുകാണല്‍! 18 വയസുപോലും പ്രായം തോന്നാത്ത ഒരു കുട്ടിയെ അവര്‍ പരിചയപ്പെടുത്തി. ‘കുട്ടിക്ക് പതിനെട്ടു വയസല്ലേയുള്ളു, വരന് 44 കഴിഞ്ഞു, കുഴപ്പമുണ്ടോ...?’ – ഞങ്ങള്‍ ചോദിച്ചു. ഒരു കൂസലുമില്ലാത്ത മറുപടി ഇങ്ങനെ ‘എന്തുകുഴപ്പം, അറുപത് വയസായാലും കുഴപ്പമില്ല.’
വരന്മാരായി വേഷം മാറി ഞാനും വിഡിയോ ജേണലിസ്റ്റ് മുഹമ്മദ് ഷമീമും അന്നുമുഴുവന്‍ ബ്രോക്കര്‍ക്കൊപ്പം നടന്നു. ഏഴ് മണിക്കൂറിനിടെ അഞ്ച് പെണ്‍കുട്ടികളെ ഞങ്ങള്‍ കണ്ടു. പതിനെട്ടിനും മുപ്പതിനുമിടയില്‍ പ്രായമുള്ള കുട്ടികളും യുവതികളും. മലയാളി ബ്രോക്കര്‍ പറഞ്ഞു: പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടാല്‍ പിതാവിന് അല്ലെങ്കില്‍ വീട്ടുകാര്‍ക്ക് അഞ്ചുലക്ഷം രൂപ നല്‍കണം. ബ്രോക്കര്‍ക്ക് ഒരുലക്ഷവും. വിവാഹത്തിനുള്ള സൗകര്യം അവര്‍ ചെയ്തുതരും. വേണമെങ്കില്‍ മണിയറയും ഒരുക്കും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെയാണ് ബ്രോക്കർമാർ ലക്ഷ്യമിടുന്നത്. ഹൈദരാബാദിലെ ശാസ്ത്രി നഗറിലെ ഒറ്റമുറി വീട്ടിൽ കഴിയുന്ന ഇരുപതുകാരി മുതൽ വനിതാ ബ്രോക്കറുടെ വീട്ടിലെത്തിച്ച പെൺകുട്ടി വരെ ഈ വിവാഹക്കമ്പോളത്തിന്റെ ഭാഗമാകുന്നു. പെൺകുട്ടിയുടെ ഉയരവും മുടിയും പരിശോധിച്ച്, വീട്ടുജോലികൾ ചെയ്യാനുള്ള കഴിവും ഭക്ഷണകാര്യങ്ങളിലെ അനുസരണശീലവും വരെ വിവാഹക്കച്ചവടത്തിന്റെ യോഗ്യതകളായി അവതരിപ്പിച്ചു.
ഏഴു മണിക്കൂറിനുള്ളിൽ അഞ്ച് പെൺകുട്ടികളെ വിവാഹത്തിനായി മുന്നിലെത്തിച്ച ബ്രോക്കർമാരുടെ പ്രവർത്തനം മനുഷ്യരെ വിലപേശി കൈമാറുന്ന കച്ചവടത്തിന്റെ നേർചിത്രമായി. ദാരിദ്ര്യത്തെ ചൂഷണം ചെയ്ത് പെൺകുട്ടികളെ വിൽപനച്ചരക്കുകളാക്കുന്ന ഈ സംവിധാനത്തിന്റെ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളാണ് മനോരമ ന്യൂസ് അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്നത്.