തൃശൂർ മണ്ണുത്തിയിൽ ഡോൺ ബോസ്കോ സ്കൂൾ വിദ്യാർത്ഥിയായ 15 വയസ്സുകാരൻ ജോയല്‍ ജോയ് ജോയിസി ജോഷിയെ കാണാനില്ലെന്ന് പരാതി. ചൊവ്വാഴ്ച രാവിലെ സ്കൂൾ യൂണിഫോം ധരിച്ച് വീട്ടിൽ നിന്നിറങ്ങിയ കുട്ടി, പിന്നീട് വസ്ത്രം മാറി നടന്നുപോകുന്നതിന്റെ സി.സി.ടി.വി (CCTV) ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മണ്ണുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.

രാവിലെ സാധാരണ പോലെ സ്കൂളിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ വിദ്യാർത്ഥി, വഴിമധ്യേ വസ്ത്രം മാറിയതാണ് ദുരൂഹത വർധിപ്പിക്കുന്നത്. സമീപത്തെ കടകളിലും കെട്ടിടങ്ങളിലുമുള്ള സി.സി.ടി.വി ക്യാമറകളിൽ നിന്നാണ് കുട്ടി യൂണിഫോം മാറ്റി മറ്റ് വസ്ത്രങ്ങൾ ധരിച്ച് സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. കുട്ടി സ്വന്തം ഇഷ്ടപ്രകാരം മാറിപ്പോയതാണോ അതോ ആരെങ്കിലും കാത്തുനിന്ന് ചതിക്കുഴിയിൽപ്പെടുത്തിയതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. പൊലീസും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.

സംഭവത്തിന് പിന്നാലെ കുട്ടിയുടെ ചിത്രവും വിലാസവും വീട്ടുകാരുടെ ഫോൺ നമ്പറും ഉൾപ്പെടുത്തി സമൂഹമാധ്യമങ്ങൾ വഴിയും പ്രാദേശികമായും വിവര ശേഖരണത്തിനുള്ള പരസ്യം നൽകിയിട്ടുണ്ട്. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ചും സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്നും സമഗ്ര അന്വേഷണം പുരോഗമിക്കുകയാണ്.  

ENGLISH SUMMARY:

A 15-year-old student, Joyal Jeevan Joshi from Don Bosco School in Mannuthy, Thrissur, has been reported missing after leaving home on Tuesday morning. Although he left wearing his school uniform, CCTV footage obtained by authorities shows him changing into civil clothes en route, raising deep concerns. Based on a complaint filed by his family, the Mannuthy police have intensified their investigation to determine whether the boy left voluntarily or was lured away.