ജമ്മുകശ്മീരിലെ പ്രമുഖ ഷിയാ നേതാവും ശ്രീനഗര്‍ എംപിയുമായ സയ്ദ് ആഗാ റൂഹുള്ള മെഹ്ദി പാര്‍ട്ടിവിട്ടു. ലോക്സഭാംഗത്വവും രാജിവയ്ക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇക്കാര്യമറിയിച്ച് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചിട്ടുണ്ട്. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി പുനസ്ഥാപിക്കല്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പില്‍ നല്കിയ വാഗ്ദാനങ്ങളെല്ലാം മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും നാഷണല്‍ കോണ്‍ഫറന്‍സും കാറ്റില്പ്പറത്തിയെന്നാരോപിച്ചാണ് മെഹ്ദിയുടെ രാജി. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് സൂചന.
ബദ്ഗാമില്‍ പിതാവ് ആഗാ സയ്ദ് മെഹ്ദിയുടെ ഇരുപത്താറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിയിലാണ് റൂഹുള്ള മെഹ്ദി സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തിയത്. പാര്‍ട്ടിയില്‍ നിന്നുള്ള രാജിക്കത്ത് 2010ലെ വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട തുഫയ്ല്‍ മാട്ടുവിന്റെ പിതാവ് മുഹമ്മദ് അഷ്റഫ് മാട്ടുവിനാണ് അദ്ദേഹം കൈമാറിയത്. തന്റെ കയ്യില്‍ നിന്ന് ഈ കത്ത് സ്വീകരിക്കാനുള്ള അര്‍ഹതയോ നിലവാരമോ നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുല്ലയ്ക്ക് ഇല്ലെന്ന് മെഹ്ദി പറഞ്ഞു. വഞ്ചനയും അഴിമതിയും നിറഞ്ഞ സംഘടനയില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ സന്ദേശമാണിതെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പാര്‍ട്ടി അധ്യക്ഷൻ ഫറൂഖ് അബ്ദുല്ലയ്ക്കും മുഖ്യമന്ത്രി ഒമർ അബ്ദുല്ലയ്ക്കുമെതിരെ മെഹ്ദി രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാനുള്ള പോരാട്ടത്തിൽ നിന്ന് ഇരുവരും പിന്മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘തിരഞ്ഞെടുപ്പ് സമയത്ത് ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്നും തടവുകാരെ മോചിപ്പിക്കുമെന്നും സൗജന്യ വൈദ്യുതി നൽകുമെന്നും പറഞ്ഞ് നടത്തിയ പ്രകടനങ്ങളെല്ലാം ശുദ്ധ നുണകളായിരുന്നു. ഇനിയും ഈ നുണകളുടെ ഭാഗമായി തുടരാൻ എനിക്ക് കഴിയില്ല,’ റുഹുല്ല പറഞ്ഞു.
താഴെത്തട്ടിലെ യാഥാർത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലാത്ത പ്രാപ്തിയില്ലാത്ത രാഷ്ട്രീയക്കാരനാണ് ഒമര്‍ അബ്ദുല്ലയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘ജമ്മുകശ്മീരിലെ ജനങ്ങളോട് ബി.ജെ.പിയും ആർ.എസ്.എസും ചെയ്ത അനീതികൾ ഇല്ലാതാക്കാനാണ് ജനങ്ങൾ ഒമറിനെ തിരഞ്ഞെടുത്തത്. എന്നാൽ ജനങ്ങളുടെ വികാരങ്ങളെയും ആത്മാഭിമാനത്തെയും മുറിവേൽപ്പിച്ചവരെ ഷാളണിയിച്ച് ആദരിക്കുകയാണ് അയാള്‍ ചെയ്തത്.’ മെഹ്ദി പറഞ്ഞു.
താൻ പുതിയ പാർട്ടി രൂപീകരിക്കണമെന്ന് ചിലർ ആഗ്രഹിക്കുന്നുണ്ടെങ്കിലും, ജമ്മു കശ്മീരിലെ ജനങ്ങളുടെ ആത്മാഭിമാനവും അന്തസ്സും വീണ്ടെടുക്കാനുള്ള ഒരു മുന്നേറ്റം ആരംഭിക്കുന്നതിനാണ് തനിക്ക് കൂടുതൽ താല്പര്യമെന്ന് റുഹുല്ല പറഞ്ഞു. ‘നാഷണല്‍ കോണ്‍ഫറന്‍സ് പോരാട്ടം ഉപേക്ഷിച്ചിരിക്കാം, എന്നാൽ ഞങ്ങൾ പിന്മാറിയിട്ടില്ല. നമ്മിൽ നിന്ന് പിടിച്ചെടുക്കപ്പെട്ടവ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നൽകാൻ സത്യസന്ധരായ മനുഷ്യർ ഒത്തുചേരുന്ന ഒരു ജനകീയ മുന്നേറ്റം ഞങ്ങൾ ആരംഭിക്കും,’ അദ്ദേഹം കൂട്ടിച്ചേർത്തു.
റൂഹുള്ള പാര്‍ട്ടി വിട്ടതും രാജി പ്രഖ്യാപിച്ചതും റാലി നടത്തിയതുമെല്ലാം ‘ഞങ്ങളുടെ ആളുകളുടെ’ അനുഗ്രഹാശിസുകളോടെയാണെന്ന് ബിജെപി നേതാവ് റാം മാധവ് പ്രഖ്യാപിച്ചത് നാഷണല്‍ കോണ്‍ഫറന്‍സിന്റെ മുറിവില്‍ ഉപ്പുപുരട്ടുന്നതിന് തുല്യമായി. മന്ത്രിസഭാ പുനസംഘടനയ്ക്കുപിന്നാലെ നാഷണല്‍ കോണ്‍ഫറന്‍സില്‍ ഉടലെടുത്ത അസ്വാരസ്യങ്ങളുടെ തുടര്‍ച്ചയായാണ് മെഹ്ദിയുടെ രാജിയും പാര്‍ട്ടി രൂപീകരണ നീക്കവും വിലയിരുത്തപ്പെടുന്നത്. പാര്‍ട്ടിയിലും സര്‍ക്കാരിലും അഴിച്ചുപണി ആവശ്യപ്പെട്ട് 20 എംഎല്‍എമാര്‍ നേതൃത്വത്തിന് കത്തുനല്‍കിയിരുന്നു. ഇത് പരിഹരിക്കാനുള്ള നീക്കത്തിനിടെയാണ് പുതിയ വെല്ലുവിളി.