പേര് വിവാഹം! രണ്ടാം വിവാഹമെന്നും വിളിക്കും. പക്ഷേ അക്ഷരാര്‍ഥത്തില്‍ കച്ചവടമാണ് ഹൈദരാബാദ് കല്യാണം എന്ന വിളിപ്പേരില്‍ നടക്കുന്ന ഇടപാടുകള്‍. ‘വരന്’ പ്രായം എത്രയായാലും പ്രശ്നമല്ല, പണം കൊടുത്താല്‍ 18 മുതല്‍ 30 വരെ പ്രായമുള്ള ‘വധു’വിനെ കിട്ടും. അതിന്റെ പിന്നാമ്പുറ ഇടപാടുകളെക്കുറിച്ചുള്ള മനോരമന്യൂസ് അന്വേഷണത്തില്‍ കണ്ടെത്തിയത് നടുക്കുന്ന വിവരങ്ങള്‍. പെണ്ണുകാണൽ ചടങ്ങുകൾ കഴിഞ്ഞാണ് വിലപേശല്‍ തുടങ്ങുന്നത്. പെൺകുട്ടിയുടെ പ്രായവും സൗന്ദര്യവും അനുസരിച്ചാണ് ബ്രോക്കർമാർ വില നിശ്ചയിക്കുന്നത്. പ്രായം കുറഞ്ഞവർക്കും കൂടുതൽ സൗന്ദര്യമുള്ളവർക്കും ഉയർന്ന വില. ചില പെൺകുട്ടികൾക്ക് 20 ലക്ഷം രൂപ വരെയാകുമെന്നാണ് ബ്രോക്കർമാരുടെ വെളിപ്പെടുത്തൽ. Also Read: ഏഴു മണിക്കൂറിൽ അഞ്ച് പെണ്ണുകാണൽ; വധുവിന് അഞ്ചുലക്ഷം, ബ്രോക്കർക്ക് ഒരുലക്ഷം
ഹൈദരാബാദിലെ വനിതാ ബ്രോക്കറുടെ വീട്ടിൽ വധുവിനെ തേടിയെത്തിയവരായി അഭിനയിച്ച മനോരമ ന്യൂസ് സംഘത്തിന് മുന്നിലേക്ക് ആദ്യം കൊണ്ടുവന്നത് 18 വയസ്സുകാരിയുടെ ലൈവ് വീഡിയോയുമായാണ്. പെൺകുട്ടിയെ നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടതോടെ ബ്രോക്കർ അവളെ വീട്ടിലെത്തിച്ചു. പ്ലസ് വണിന് പഠിക്കുന്ന പെൺകുട്ടിയുടെ ഇരുവശത്തും അമ്മയും വനിതാ ബ്രോക്കറും ഇരുന്നു. പെണ്ണുകാണാനെത്തുന്നവരുടെ ഓരോ ആവശ്യങ്ങൾക്കും മറുപടിയുമായി ബ്രോക്കർമാർ സജ്ജരായിരുന്നു. ചിലർക്ക് തടിച്ച പെൺകുട്ടികളെ വേണം, മറ്റു ചിലർക്ക് മെലിഞ്ഞവരെ. ആവശ്യങ്ങൾക്കനുസരിച്ച് വിലയും മാറും. Also Read: 5 ലക്ഷം കൊടുത്താൽ പെണ്ണും മണിയറയും റെഡി; വിവാഹക്കമ്പോളത്തിന്റെ മറനീക്കി മനോരമ ന്യൂസ്
സാധാരണ രൂപഭംഗിയുള്ള പെൺകുട്ടികൾക്ക് അഞ്ചുമുതൽ ആറുലക്ഷം രൂപ വരെ ‘വില’ പറയും. കൂടുതൽ സുന്ദരികളായ പെൺകുട്ടികളെ തിരഞ്ഞെടുക്കുന്നത് വലിയ ചെലവുണ്ടാക്കുമെന്നും ബ്രോക്കര്‍മാര്‍ മുന്നറിയിപ്പ് നൽകുന്നു. 20 ലക്ഷം രൂപ വരെ അത്തരക്കാര്‍ക്കുവേണ്ടി ആവശ്യപ്പെടുമെന്നും കുറഞ്ഞത് പത്തുലക്ഷം രൂപയെങ്കിലും നൽകേണ്ടിവരുമെന്നുമാണ് ബ്രോക്കറുടെ വാദം.
‘വലിയ സുന്ദരികൾക്ക് അല്പം ജാഡ കൂടും. ഇപ്പോൾ കണ്ടവരൊക്കെ നിങ്ങളുടെ കാൽ തിരുമ്മി തരണം എന്നു പറഞ്ഞാൽ തിരുമ്മിയിരിക്കും. കാൽ തടവ് മോളെ എന്നു പറഞ്ഞാൽ അനുസരിച്ചിരിക്കും. വലിയ സുന്ദരികൾ ആണെങ്കിൽ മേക്കപ്പിന് തന്നെ വലിയ സംഖ്യ ഉണ്ടാക്കണം. പെൺകുട്ടികളുടെ സൗന്ദര്യം, സ്വഭാവം, അനുസരണശീലം, മേക്കപ്പിനുള്ള ചെലവ് എന്നിവയെല്ലാം നോക്കിത്തന്നെയാണ് വിലയിടുന്നത്.’ ഒരു മറയുമില്ലാതെ ബ്രോക്കര്‍ പറയുന്നു.
പെൺകുട്ടികളുടെയും കുടുംബങ്ങളുടെയും സാമ്പത്തിക പിന്നാക്കാവസ്ഥ പരമാവധി ചൂഷണം ചെയ്താണ് ഈ വിലപേശൽ. വിവാഹമെന്ന പേരിൽ പെൺകുട്ടികളെ വിൽപനച്ചരക്കുകളാക്കി മാറ്റുന്ന ഇടപാടുകളുടെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് മനോരമ ന്യൂസ് സംഘത്തിന്റെ അന്വേഷണത്തിലൂടെ പുറത്തുവരുന്നത്.