എറണാകുളം, കോട്ടയം ജില്ലകളിലെ മൂന്ന് ബിയർ, വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് പുതുക്കി നൽകിയതിൽ എക്സൈസ് ഡപ്യൂട്ടി കമ്മിഷണർമാർക്ക് വീഴ്ചയുണ്ടായെന്ന മന്ത്രി എം. ലിജുവിന്റെ വാദം തള്ളി എക്സൈസ് കമ്മിഷണർ എസ്. സാംബശിവ റാവു. ഉദ്യോഗസ്ഥർ സ്വീകരിച്ച നടപടി നിലവിലെ നിയമങ്ങൾക്ക് അനുസൃതമാണെന്നും അവരിൽനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും വ്യക്തമാക്കി നികുതി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കമ്മിഷണർ റിപ്പോർട്ട് സമർപ്പിച്ചു. Also Read: സ്വർണവിലയിൽ വൻ ഇടിവ്; ലക്ഷത്തിന് താഴേക്ക്! രാജ്യാന്തര വില 4,000 ഡോളറിന് താഴെ; സംഭവിക്കുന്നതെന്ത്?
എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം, കോട്ടയം എക്സൈസ് ഡപ്യൂട്ടി കമ്മിഷണർമാരെ സസ്പെൻഡ് ചെയ്തതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാൽ, ഇതേ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്ത വകുപ്പുതല നിലപാടിന് വിരുദ്ധമാണ് കമ്മിഷണറുടെ റിപ്പോർട്ടെന്നാണ് പുറത്തുവരുന്ന വിവരം.
സർക്കാരിന്റെ മദ്യനയം നിലവിൽ വരുന്നതിന് മുൻപ് ഉദ്യോഗസ്ഥർ ബാർ ലൈസൻസ് അനുവദിച്ചത് ചട്ടലംഘനമാണെന്നും മന്ത്രിയുമായോ വകുപ്പുമായോ ആലോചിക്കാതെയാണ് തീരുമാനമെടുത്തതെന്നും സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, നിലവിലുള്ള നിയമങ്ങൾക്കനുസൃതമായാണ് ലൈസൻസ് പുതുക്കി നൽകിയതെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയില്ലെന്നും കമ്മിഷണർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
കമ്മിഷണറുടെ റിപ്പോർട്ടിലെ പരാമർശങ്ങൾ തള്ളിയ മന്ത്രി എം. ലിജു, ഉദ്യോഗസ്ഥർക്ക് തോന്നിയതുപോലെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ബാറുകൾക്ക് ലൈസൻസ് അനുവദിക്കാനുള്ള ഡപ്യൂട്ടി കമ്മിഷണർമാരുടെ അധികാരം ഒഴിവാക്കുമെന്നും മന്ത്രി പ്രതികരിച്ചു. ഇതോടെ ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട വിവാദം മന്ത്രിയും എക്സൈസ് കമ്മിഷണറും തമ്മിലുള്ള പരസ്യമായ അഭിപ്രായവ്യത്യാസമായി മാറി.
2014-ലെ യുഡിഎഫ് സർക്കാരിന്റെ മദ്യനയപ്രകാരം ടു സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിക്കാൻ കഴിയില്ല. ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ, എറണാകുളം, പാലാ എന്നിവിടങ്ങളിലെ മൂന്ന് ഹോട്ടലുകൾക്ക് മദ്യവിൽപനയ്ക്കുള്ള അനുമതി ആദ്യം റദ്ദാക്കിയിരുന്നു. എന്നാൽ, തുടർപരിശോധനകളിൽ ഹോട്ടലുകൾക്ക് ത്രീ സ്റ്റാർ പദവിയുണ്ടെന്ന് വ്യക്തമായതോടെ എക്സൈസ് ഡപ്യൂട്ടി കമ്മിഷണർമാർ ലൈസൻസ് പുതുക്കി നൽകുകയായിരുന്നു. ഉദ്യോഗസ്ഥരുടെ നടപടിയിൽ നിയമപരമായ പിഴവില്ലെന്ന് കമ്മിഷണറുടെ റിപ്പോർട്ട് വ്യക്തമാക്കുമ്പോഴും സസ്പെൻഷൻ നടപടികൾ വേഗത്തിൽ നടപ്പാക്കിയതാണ് വിവാദത്തിന് ആക്കം കൂട്ടുന്നത്. എക്സൈസ് മന്ത്രി എം. ലിജു നേരിട്ട് നടപടിക്ക് നിർദേശം നൽകിയതാണ് വിവാദത്തിന് കാരണമായത്.