സ്വര്‍ണ വില ഇടിവ്
  • കേരളത്തിൽ സ്വർണവില പവന് 2,480 രൂപ കുറഞ്ഞ് 1,01,840 രൂപയിലും ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയിലുമെത്തി.

കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്. പവന് 2,480 രൂപ കുറഞ്ഞ് 1,01,840 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയായി. സമീപകാലത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഇതോടെ സ്വർണവില വീണ്ടും ഒരു ലക്ഷത്തിനു താഴെയെത്തുമെന്ന പ്രതീക്ഷ ശക്തമായി. മാർച്ചിലാണ് ഇതിനു മുൻപ് സ്വർണവില ഒരു ലക്ഷത്തിനു താഴെയെത്തിയത്.

18 കാരറ്റ് സ്വർണത്തിനും വിലയിടിവുണ്ട്. ഗ്രാമിന് 250 രൂപ കുറഞ്ഞ് 10,420 രൂപയും പവന് 2,000 രൂപ കുറഞ്ഞ് 83,360 രൂപയുമായി. ഇന്നത്തെ വിലയിടിവോടെ ആഭരണങ്ങൾ വാങ്ങാനുള്ള ചെലവും കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവൻ ആഭരണം വാങ്ങാൻ പണിക്കൂലി, ജിഎസ്ടി എന്നിവയടക്കം ഏകദേശം 1,15,400 രൂപ മതിയാകും. 10 ശതമാനം പണിക്കൂലി കണക്കാക്കിയാൽ അഞ്ചു പവൻ ആഭരണങ്ങൾ വാങ്ങാൻ ഏകദേശം 5.77 ലക്ഷം രൂപ വേണ്ടിവരും.

വിലയിടിയാൻ കാരണം

രാജ്യാന്തര വിപണിയിലുണ്ടായ വൻ ഇടിവാണ് കേരളത്തിലും സ്വർണവിലയെ ബാധിച്ചത്. രാജ്യാന്തര വില 3.58 ശതമാനം ഇടിഞ്ഞ് 3,875 ഡോളറിലെത്തി. 2026ലെ രാജ്യാന്തര സ്വർണവിലയിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്. ബോണ്ട് യീൽഡ് ഇടിഞ്ഞെങ്കിലും അതിന്റെ നേട്ടം സ്വർണത്തിന് ലഭിച്ചില്ല. ടെക് ഓഹരികളിലെ വലിയ ഇടിവിനിടെ നഷ്ടം കുറയ്ക്കാൻ നിക്ഷേപകർ സ്വർണം വിറ്റ് പണമാക്കിയതാകാം വില താഴാൻ കാരണമെന്നാണ് വിലയിരുത്തൽ. ഡിസംബറിൽ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റം വരുത്തിയേക്കാമെന്ന പ്രതീക്ഷയും വിപണിയെ സ്വാധീനിക്കുന്നുണ്ട്.

ഈ ആഴ്ചയുടെ തുടക്കത്തിൽ എണ്ണവില കുറഞ്ഞതോടെ സ്വർണവിലയിൽ മുന്നേറ്റമുണ്ടായിരുന്നു. ബുധനാഴ്ച ഫെഡ് പലിശനിരക്ക് മാറ്റമില്ലാതെ നിലനിർത്തി. ഡിസംബറിൽ പലിശനിരക്ക് സംബന്ധിച്ച് വ്യക്തമായ ഉറപ്പുനൽകാതിരുന്ന ഫെഡ് ചെയർമാൻ കെവിൻ വാർഷ്, പണപ്പെരുപ്പം നിയന്ത്രിച്ചുനിർത്താനുള്ള പ്രതിബദ്ധത ആവർത്തിച്ചു വ്യക്തമാക്കി. പിന്നീട് പുറത്തുവന്ന യുഎസ് സാമ്പത്തിക കണക്കുകൾക്കു പിന്നാലെ യുഎസ് ട്രഷറി ബോണ്ട് യീൽഡ് ഇടിഞ്ഞു. എന്നിട്ടും സ്വർണവില ഉയർന്നില്ല. ടെക് ഓഹരികളിലുണ്ടായ വലിയ ഇടിവിനിടെ നഷ്ടം കുറയ്ക്കാൻ നിക്ഷേപകർ സ്വർണം വിറ്റ് ഓഹരികളിലേക്ക് പണം മാറ്റിയതാകാമെന്നാണ് വിലയിരുത്തൽ.

ഇനി വില കൂടുമോ, കുറയുമോ?

3,800 ഡോളറിലാണ് സ്വര്‍ണ വിലയുടെ അടുത്ത പിന്തുണ. ഈ ലെവലും താഴ്ന്നാല്‍ 3,720 ഡോളറിലേക്കും താഴാൻ വഴി തുറക്കും.  ഇതേരീതിയില്‍ വില കുറയുകയാണെങ്കില്‍ സ്വര്‍ണ വില അടുത്താഴ്ച തന്നെ ലക്ഷത്തിന് താഴേക്ക് എത്താം. രാജ്യാന്തര വിലയില്‍ 4,015 ഡോളര്‍ മറികടന്നാല്‍ മാത്രമാണ് സ്വര്‍ണത്തിന് ഇനിയൊരു മുന്നേറ്റമെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്. നിലവിലുള്ള ഇടിവ് മറികടക്കാന്‍ ഇതിനു മുകളിൽ വില നിലനിൽക്കേണ്ടതുണ്ട്. 4,039 ഡോളറാണ് തുടര്‍ന്നുള്ള പ്രതിരോധം. വിപണിയിൽ ഹ്രസ്വകാല ഇടിവുകൾ ഉണ്ടെങ്കിലും കേന്ദ്ര ബാങ്കുകളുടെ സ്വർണ്ണ വാങ്ങലുകളും ദീർഘകാല നിക്ഷേപകരുടെ ശക്തമായ ഡിമാൻഡുമാണ് സ്വർണത്തിന്റെ മുന്നേറ്റ സാധ്യതകളെ നിലനിർത്തുന്നത്.

ENGLISH SUMMARY:

Gold prices in Kerala witnessed a massive plunge with the price of a sovereign dropping by ₹2,480 to settle at ₹1,01,840. Per gram rates dropped by ₹310 to hit ₹12,730, sparking hopes among buyers that prices might fall below the ₹1 lakh mark once again. The dramatic domestic price crash was driven by a sharp 3.58% fall in international spot gold prices down to $3,875 per ounce, marking its lowest level in 2026. Global market experts attribute this downturn to investors liquidating gold assets to offset losses in tumbling tech stocks, coupled with expectations surrounding potential US Fed interest rate adjustments.