നാലു ദിവസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ സ്വർണ വില കൂടി. പവന് 160 രൂപ കൂടി 1,08,280 രൂപയിലാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വർധിച്ച് 13,535 രൂപയിലാണ് വ്യാപാരം. ഇന്നലെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു സ്വർണ വില. പിന്നാലെ രാജ്യാന്തര വിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ വിലയിൽ ചലനങ്ങളുണ്ടാക്കുന്നത്. ഇന്നത്തെ വിലയിൽ പത്തു ശതമാനം പണിക്കൂലിയിൽ ഒരു പവന്റെ ആഭരണം വാങ്ങാൻ ഏകദേശം 1,22,681 രൂപ വേണം. പണിക്കൂലിയും ജിഎസ്ടിയും അടക്കമുള്ള നിരക്കാണിത്.
Also Read: സ്വർണവില എങ്ങോട്ട്? കേരളത്തില് ഒരാഴ്ചയ്ക്കിടെ പവന് ഇടിഞ്ഞത് 2400 രൂപ വരെ
രാജ്യന്തര വിലയിൽ നേരിയ വർധനവുണ്ട്. നിലവിൽ 4,161 ഡോളറിലാണ്. ഫെഡ് റിസർവ് ഈ മാസം പലിശ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യത കുറഞ്ഞെങ്കിലും ബോണ്ട് യീൽഡ് ഉയർന്നു നിൽക്കുന്നതാണ് സ്വർണ വിലയിൽ വലിയ മുന്നേറ്റമില്ലാത്തതിനു കാരണം. യു.എസിലെ പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതിനു പിന്നാലെ ഭൂരിഭാഗം നിക്ഷേപക ബാങ്കുകളും ഡിസംബറിൽ പലിശ നിരക്ക് വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഭാവിയിൽ പലിശനിരക്ക് വർധിപ്പിക്കുന്നത് സംബന്ധിച്ച് ഫെഡ് ചെയർമാൻ കെവിൻ വാർഷ് വ്യക്തമായ സൂചനകളൊന്നും നൽകിയില്ല. ഈ മാസം 27, 28 തീയതികളിലെ ഫെഡ് യോഗത്തിലെയും ഡിസംബറിലെ യോഗത്തിലെയും സാമ്പത്തിക വിവരങ്ങൾ ഫെഡറൽ റിസർവിന്റെ നയം സംബന്ധിച്ച് വ്യക്തമായ ധാരണ നൽകിയേക്കും. ഇത് സ്വർണ വിലയുടെ ഗതി നിർണയിക്കും.
അതേസമയം ഹ്രസ്വകാലത്തിനുള്ളിൽ സ്വർണ വില വീണ്ടും റെക്കോർഡ് തകർത്ത് മുന്നേറാം എന്നാണ് ഫണ്ട് മാനേജർമാർ അഭിപ്രായപ്പെടുന്നത്. ഈ വർഷം ജനുവരിയിലാണ് സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തിയത്. ട്രോയ് ഓൺസിന് 5500 ഡോളറിലായിരുന്നു സ്വർണ വില. ഈ നിലവാരം മറികടക്കുമെന്നാണ് ട്രോയ് അസറ്റ് മാനേജ്മെന്റിലെ ഫണ്ട് മാനേജരായ ഷാർലറ്റ് യോങിൻറെ അഭിപ്രായം. 12 മുതൽ 18 മാസത്തിനുള്ളിൽ സ്വർണ വില പുതിയ റെക്കോർഡ് ഉയരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഷാർലറ്റ് പറഞ്ഞു. രാജ്യാന്തര തലത്തിലെ സംഘർഷങ്ങളുടെയും സാമ്പത്തിക വിപണിയിലെ അനിശ്ചിതത്വങ്ങളും കാരണം സ്വർണത്തിനുണ്ടാകുന്ന മേൽകൈയാണ് വില ഉയരാൻ കാരണമായി ചൂണ്ടികാട്ടപ്പെടുന്നത്.
Also Read: രാജ്യത്തെ ഏറ്റവും വലിയ ഐപിഒയുമായി ജിയോ പ്ലാറ്റ്ഫോംസ്; ധീരുഭായ് അംബാനിയുടെ സ്വപ്നത്തുടർച്ച
നിലവിൽ കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നത് ശക്തമായി തുടരുകയാണ്. വേൾഡ് ഗോൾഡ് കൗൺസിൽ ഡാറ്റ പ്രകാരം, കഴിഞ്ഞ മാസങ്ങളിലും ചൈന സ്വർണ ശേഖരം വർധിപ്പിച്ചിട്ടുണ്ട്. പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ കൈവശമുള്ള സ്വർണ ശേഖരം ഏകദേശം 2,410 ടണ്ണാണ് എന്നാണ് കണക്ക്.