നിക്ഷേപമെന്ന നിലയിലുള്ള സ്വര്‍ണത്തിന്‍റെ മൂല്യത്തിന് ഇപ്പോഴും ഇളക്കം തട്ടിയിട്ടില്ല. ജനുവരിയിലെ കുതിച്ചുകയറ്റത്തിന് ശേഷം 10 ശതമാനത്തോളം ഇടിഞ്ഞ് സുസ്ഥിര നില സ്വര്‍ണം ഇപ്പോള്‍ കൈവരിച്ചിട്ടുണ്ടെന്നാണ് രാജ്യാന്തരതലത്തിലെ വിലയിരുത്തല്‍. ആറുമാസത്തിനിടെ 13.6 ശതമാനമാണ് സ്വര്‍ണത്തിന്‍റെ വില ഇടിഞ്ഞത്. ട്രേഡിങ് വ്യൂവിന്‍റെ കണക്ക് പ്രകാരം ഔണ്‍സിന് 4,194.65 ഡോളറിലാണ് ഇന്നലെ വ്യാപാരം നടത്തിയത്.
സ്വര്‍ണവില താഴാന്‍ കാരണമെന്ത്?
യുഎസ് ബോണ്ടിന്‍റെ പലിശ നിരക്ക് വര്‍ധിച്ചതാണ് പ്രധാനമായും സ്വര്‍ണവില ഇടിയാന്‍ ഇപ്പോള്‍ കാരണമായത്. 10 വര്‍ഷത്തിനിടെ യുഎസ് ട്രഷറിയിലെ പലിശ നിരക്കില്‍ ഏകദേശം 5.27 ശതമാനത്തിന്‍റെ വര്‍ധനയാണ് ഉണ്ടായത്. സ്വര്‍ണമാകട്ടെ പലിശ നല്‍കുന്നതുമില്ല. ഇതോടെ ബോണ്ടുകളിലേക്ക് നിക്ഷേപകര്‍ കൂടുതലായും തിരിഞ്ഞു. സ്വര്‍ണവിലയും ഇടിഞ്ഞു.
ഡോളര്‍ കരുത്താര്‍ജിക്കുന്നതും സ്വര്‍ണവിലയെ സമ്മര്‍ദത്തിലാക്കുന്ന ഘടകമാണ്. ഈ വര്‍ഷം ഇതുവരെ മൂന്ന് ശതമാനം നേട്ടമാണ് യുഎസ് ഡോളര്‍ കൈവരിച്ചത്. യുഎസ് പലിശനിരക്ക് ഇനിയും വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളും സ്വര്‍ണവില ഇടിയാന്‍ കാരണമായി.
ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതും നാണ്യപ്പെരുപ്പമേറ്റി. ഇതോടെ ആശങ്കയിലായ നിക്ഷേപകര്‍ സ്വര്‍ണമല്ലാതെയുള്ള നിക്ഷേപങ്ങളിലേക്ക് തിരിഞ്ഞുവെന്നും കണക്കുകള്‍ പറയുന്നു. ജനുവരി 29 നെ അപേക്ഷിച്ച് രാജ്യാന്തര സ്വര്‍ണവിലയില്‍ വന്‍ ഇടിവാണുണ്ടായത്.
അതേസമയം, സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്നും വിലയിരുത്തലുണ്ട്. ഈ വര്‍ഷം 700 ടണിനടുത്ത് സ്വര്‍ണം കേന്ദ്ര ബാങ്കിന് വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. 2010–2021 ലെ ശരാശരിയായ 470 ടണിനെക്കാള്‍ വന്‍തോതില്‍ കൂടുതലാണിത്. വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥകള്‍ ഡോളറിന് മേലുള്ള ആശ്രയം കുറയ്ക്കുന്നതും സ്വര്‍ണവില ഉയരുമെന്ന് പ്രതീക്ഷ നല്‍കുന്നതാണ്. മാത്രമല്ല ഊര്‍ജ വിതരണം, ട്രേഡ് റൂട്ടുകള്‍, സര്‍ക്കാരിന്‍റെ കടം എന്നിവയും സ്വര്‍ണ നിക്ഷേപത്തിന് താല്‍പര്യമേറ്റുന്നു. ഇതിനെല്ലാം പുറമെയാണ് ഇന്ത്യയിലെ വിവാഹ–ആഘോഷ വിപണി. നവരാത്രി, ധനേന്ദ്ര, ദീപാവലി, ദസറ തുടങ്ങിയ ആഘോഷങ്ങളില്‍ ആളുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നതും വില ഉയരാന്‍ സഹായിക്കുമെന്നും വിലയിരുത്തലുണ്ട്.
സ്വര്‍ണവില ഇനിയെത്ര ഉയരും?
2026ലെ അവസാന പാദത്തിലെത്തുമ്പോള്‍ സ്വര്‍ണവില ഔണ്‍സിന് ശരാശരി 6000 ഡോളറാകുമെന്നാണ് ജെപി മോര്‍ഗന്‍ പ്രവചിക്കുന്നത്. 2027 അവസാനമാകുന്നതോടെ ഇത് 6,300 ഡോളര്‍ ഉയരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നിരുന്നാലും 2026 ഫെബ്രുവരിയിലെ പ്രവചനത്തില്‍ ഈ വര്‍ഷം അവസാന പാദത്തില്‍ 6300 ഡോളറാകുമെന്നായിരുന്നു ജെപി മോര്‍ഗന്‍ നേരത്തെ പ്രവചിച്ചിരുന്നത്. എന്നാല്‍ നിക്ഷേപകരുടെ താല്‍പര്യം കുറഞ്ഞുവെന്നും വിലക്കയറ്റം ഇതിനൊരു ഘടകമായെന്നും വിദഗ്ധര്‍ പറയുന്നു.
സ്വര്‍ണവില ഇനി ഇടിയുമോ?
സ്വര്‍ണവിലയില്‍ ഇനിയും ഇടിവുണ്ടാകാനുള്ള സാധ്യത വിദഗ്ധര്‍ തള്ളുന്നില്ല. അതേസമയം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ വില വര്‍ധിക്കുമെന്നും വിലയിരുത്തലുണ്ട്. ഇറാന്‍ സംഘര്‍ഷത്തിന്‍റെ ഭാവിയെന്താകുമെന്നതിനെ ആശ്രയിച്ചാകും എണ്ണവില നില്‍ക്കുകയെന്നും നാണ്യപ്പെരുപ്പത്തിലും പലിശനിരക്കിലും ഇതിന്‍റെ പ്രതിഫലനമുണ്ടാകുമെന്നും ഇതെല്ലാം സ്വര്‍ണത്തിന്‍റെ വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വലിയ ഇടിവ് സ്വര്‍ണവിലയില്‍ ഉണ്ടാകാനുള്ള സാധ്യത തുലോം കുറവാണ്.