gold-price-update
  • ഡോളർ സ്വർണവിലയെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് സാമ്പത്തിക വിദഗ്ധൻ വി.കെ.വിജയകുമാർ വിശദീകരിക്കുന്നു

​സ്വർണവില പവന് ഒരു ലക്ഷം രൂപയ്ക്ക് താഴെ പോകുമോ. കഴിഞ്ഞ എട്ടുമാസം കൊണ്ട് പവന് 21000 രൂപയിലേറെ കുറഞ്ഞിരുന്നു. എന്താണ് സ്വർണവിലയെ ഇങ്ങനെ സ്വാധീനിക്കുന്നത്? എങ്ങോട്ടാണ് വില നീങ്ങുന്നത്? സ്വർണത്തിന്റെ കാര്യത്തിൽ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ചോദ്യം ഒരു പവന്റെ വില എന്ന് ഒരു ലക്ഷം കടക്കുമെന്നായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ സ്വർണം ഒരു ലക്ഷമെന്ന നാഴികക്കല്ല് പിന്നിട്ടു. പിന്നെ സ്വര്‍ണവില കുത്തനെ കത്തിക്കയറി. 

ജനുവരി 29ന് പവന് 1,31160 രൂപയെന്ന സർവകാല റെക്കോഡുമിട്ടു. അവിടെ നിന്നാണ് ഈ ആഴ്ച വില 1,08120ലേക്ക് താഴ്ന്നത്. ഇന്നിപ്പോൾ സ്വർണ വില 1,04,480 രൂപയിലെത്തി. 13 ദിവസത്തിനിടെ 6,560 രൂപയാണ് കുറഞ്ഞത്. എന്താണ് സ്വർണ വിലയിൽ സംഭവിച്ചത്? പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഉയരുന്ന ക്രൂഡോയിൽ വിലയും കരുത്താർജിക്കുന്ന ഡോളറും ചേർന്നാണ് സ്വർണവില കുത്തനെ താഴ്ത്തുന്നത്. ഡോളർ സ്വർണവിലയെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് സാമ്പത്തിക വിദഗ്ധൻ വി.കെ.വിജയകുമാർ വിശദീകരിക്കുന്നു.

'സ്വർണത്തിന്റെ വില നിശ്ചയിക്കുന്നത് ഡോളറിലാണെന്നതാണ് പ്രധാനം. സ്വാഭാവികമായും ഡോളറിലെ വില വര്‍ധിക്കുമ്പോള്‍ ഇന്ത്യയിലെ, രൂപയിലുള്ള വിലയും വർധിക്കും. മറിച്ച്, ഡോളറിലുള്ള വില കുറയുമ്പോൾ ഇന്ത്യയിലുള്ള വിലയും കുറയും. പക്ഷേ രൂപയുടെ വിനിമയ നിരക്ക് ഇതിനെ സ്വാധീനിക്കുന്ന ഘടകം തന്നെയാണ്. ഈ വർഷം തുടക്കത്തിൽ സ്വർണവില ഏറ്റവും പീക്ക് റേറ്റ് ആയിരുന്നു. 6000 ഡോളർ വരെ വന്നു. സ്വർണവില പറയുന്നത് എപ്പോഴും ട്രോയ് ഔൺസിലാണ്. ഒരു ട്രോയ് ഔൺസ് എന്നാൽ 31.1 ഗ്രാം ആണ്. അപ്പോ ഈ വർഷം ജനുവരിയിൽ 5995, അതായിരുന്നു പീക്ക് റേറ്റ്. 5600 ഡോളർ എന്ന് പറയാം. അതിൽ നിന്ന് ഇപ്പോ അത് തുടർച്ചയായി കുറഞ്ഞു

ലോക വ്യാപകമായി കഴിഞ്ഞ വർഷം കേന്ദ്ര ബാങ്കുകൾ വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടി. ആർബിഐ ഉൾപ്പടെ ഇങ്ങനെ സ്വർണം വാങ്ങിയിരുന്നു. ഇത് വില കുതിച്ചുയരാൻ ഒരു പ്രധാന കാരണമായി. സാധാരണ യുദ്ധം പോലെയുള്ള പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ സ്വർണം പെട്ടന്ന് സുരക്ഷിത നിക്ഷേപമായി മാറും. വില കൂടുകയും ചെയ്യും. ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. റഷ്യ–യുക്രെയിന്‍ യുദ്ധവും പശ്ചിമേഷ്യയിലെ സംഘർഷവും ഒരേ സമയത്ത് നടക്കുമ്പോഴും സ്വർണ വില കുറയുകയാണ്. ഇതിന് പ്രധാന കാരണം അമേരിക്കയിലെ പലിശനിരക്ക് വർധിച്ചതാണ്. ലോകത്തെ തന്നെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമെന്ന് അറിയപ്പെടുന്നത് യുഎസ് സര്‍ക്കാരിന്‍റെ കടപ്പത്രങ്ങളാണ്. മുന്‍പ് ഈ കടപ്പത്രത്തിൽ നിക്ഷേപിച്ചാൽ കിട്ടുന്ന പലിശ ഒരു ശതമാനത്തിലും താഴെ ആയിരുന്നെങ്കിൽ ഇന്ന് 5.3 ശതമാനമാണ്'– വിജയകുമാര്‍ പറയുന്നു. 

ഡിപ്പോസിറ്റ് ചെയ്തു കഴിഞ്ഞാൽ നമുക്ക് പലിശ കിട്ടുന്നതുപോലെ സ്വർണാഭരണങ്ങളിൽ നിന്നോ അല്ലെങ്കിൽ സ്വർണ ബിസ്ക്കറ്റില്‍ നിന്നോ, അല്ലെങ്കിൽ ലോഹ രൂപത്തിലുള്ള ഇൻവെസ്റ്റ്മെന്റിൽ നിന്നോ റിട്ടേൺ ഇല്ല. അതേസമയം, യുഎസ് സര്‍ക്കാരിന്‍റെ ബോണ്ടിൽ നിന്ന് 5.3 ശതമാനം റിട്ടേൺ കിട്ടുമ്പോൾ വലിയ തോതിൽ തുക അമേരിക്കൻ ബോണ്ടുകളിലേക്ക് പോകും. അതുകാരണം ഡോളർ അപ്രീഷിയേറ്റ് ചെയ്യുന്നു. ഡോളർ അപ്രീഷിയേറ്റ് ചെയ്യുമ്പോൾ സ്വാഭാവികമായിട്ടും ഡോളർ ഡിനോമിനേറ്റഡ് പ്രൈസിങ് ആയതിനാൽ സ്വർണത്തിന്റെ വില കുറയുകയാണ് ചെയ്യുന്നത്. സ്വർണവില എപ്പോഴും വർദ്ധിക്കുക ഡോളർ ഡിപ്രീഷിയേറ്റ് ചെയ്യുമ്പോഴാണ്, ഡോളറിന്റെ മൂല്യം കുറയുമ്പോഴാണ്, അല്ലെങ്കിൽ ഡോളർ ഇൻഡക്സ് താഴത്തേക്ക് വരുമ്പോഴാണ്. കാരണം, ഡോളറിന്റെ മൂല്യം കുറയുമ്പോൾ, ഡോളർ ഇൻഡക്സ് താഴത്തേക്ക് വരുമ്പോൾ മറ്റ് കറൻസികളുടെ, ഉദാഹരണത്തിന് യൂറോയുടെ, പർച്ചേസിങ് പവർ വർദ്ധിക്കും, ക്രയശേഷി വർദ്ധിക്കും. അപ്പോ കൂടുതൽ സ്വർണം ഒരേ അളവ് പണം കൊണ്ട് തന്നെ കൂടുതൽ സ്വർണം വാങ്ങിക്കാൻ സാധിക്കുന്നു. അങ്ങനെ സ്വർണവില വർദ്ധിക്കുകയാണ് ചെയ്യുന്നത്, അത് ഇപ്പോ സംഭവിക്കുന്നില്ല. കാരണം ഡോളർ വർധിക്കുകയാണ്.''

അങ്ങനെ ഡോളറിന്റെ മൂല്യം കൂടുന്നതും ഡോളറിന്റെ കടപ്പത്രങ്ങളിലേക്ക് കൂടുതൽ നിക്ഷേപം പോകുന്നതും സ്വർണത്തിന്റെ തിളക്കം കുറയ്ക്കുന്നു. യുദ്ധം അവസാനിക്കാതെ ഈ സ്ഥിതിയ്ക്ക് വലിയ മാറ്റമുണ്ടാകാൻ സാധ്യതയില്ല. യുദ്ധം അവസാനിച്ചാൽ ക്രൂഡോയിൽ വില കുറയും. അപ്പോൾ അമേരിക്കൻ ബോണ്ടുകളുടെ പലിശയും കുറയും. അങ്ങനെ വരുമ്പോൾ ഡോളറിന്റെ മൂല്യം താഴുകയും സ്വർണത്തിലേക്ക് വീണ്ടും നിക്ഷേപം വരുകയും ചെയ്യും. 

പവന് ഒരു ലക്ഷത്തിന് താഴെ വരുമോ? അത്  പ്രവചനാതീതമാണ് എന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. എങ്കിലും ഈയൊരു ഉയർന്ന ഡോളർ എക്സ്ചേഞ്ച് റേറ്റ് നിലനിന്ന്, യു.എസ്. 10-ഇയർ ബോണ്ടിന്റെയൊക്കെ തന്നെ യീൽഡ് 5.3 ശതമാനം എന്നുള്ളത് ഇനിയും വർദ്ധിച്ച് 5.4 ശതമാനത്തിനൊക്കെ തന്നെ മുകളിലേക്ക് പോയിക്കഴിഞ്ഞാൽ ആ ഒരു സാഹചര്യം സംഭവിക്കാൻ സാധ്യതയുണ്ട് എന്നാണ് അവരുടെ വിലയിരുത്തൽ.

എന്നാൽ ദീർഘകാലത്തെ സാഹചര്യങ്ങൾ പരിഗണിച്ച് ഇതിന് വിപരീതമായ അഭിപ്രായം പറയുന്നവരുമുണ്ട്. ലണ്ടൻ ബുള്യൻ മാർക്കറ്റ് അസോസിയേഷൻ നടത്തിയ സർവേയിൽ പറയുന്നത്. ഒരു വർഷത്തിനകം രാജ്യാന്തര തലത്തിൽ സ്വർണവില 5000 ഡോളർ കടക്കുമെന്നാണ്. എന്നുവച്ചാൽ ആഭ്യന്തര വിപണിയിൽ പവൻറെ വില ഒന്നേകാൽ ലക്ഷമാകാം. കേന്ദ്രബാങ്കുകൾ വരും കാലത്ത് കൂടുതൽ സ്വർണം വാങ്ങാനിടയുണ്ടെന്നതാണ് ഇതിന് കാരണമായി സർവേ പറയുന്നത്. വില കുറഞ്ഞു തുടങ്ങുന്ന ട്രെൻഡ് ഉപഭോക്താക്കളെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. വില കുറഞ്ഞ് തുടങ്ങിയതോടെ ഇനിയും കുറയാനുള്ള സാധ്യത പ്രതീക്ഷിച്ച് ഉപഭോക്താക്കൾ വിപണിയിൽ നിന്ന് മാറി നിൽക്കുന്നതാണ് ഇപ്പോൾ കാണുന്നത്.

ENGLISH SUMMARY:

Gold prices in Kerala have fallen sharply from their record high of ₹1,31,160 per sovereign on January 29 to ₹1,04,480, raising questions about whether prices could drop below ₹1 lakh. According to economist V.K. Vijayakumar, a stronger US dollar, rising crude oil prices amid Middle East tensions and attractive US Treasury bond yields are putting downward pressure on international gold prices. However, the outlook remains uncertain, with the possibility of further declines if the dollar strengthens and bond yields rise, while a London Bullion Market Association survey cited in the report suggests international gold prices could cross $5,000 an ounce within a year. The falling prices have also left jewellery buyers hesitant, with some delaying purchases in anticipation of further reductions.