കെഎസ്‍യു സ്ഥാപക നേതാക്കളിൽ ഒരാളും പ്രമുഖ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കെ.ഡി. ദേവസ്യ (87) അന്തരിച്ചു. മൃതദേഹം തലശേരി സെന്റ് ജോസഫ്സ് കത്തീഡ്രൽ ദേവാലയത്തിൽ നാളെ 11.30ന് സംസ്കരിക്കും.. കോഴിക്കോട് ദേവഗിരി കോളജ് മുൻ യൂണിയൻ ചെയർമാനും എറണാകുളം ഗവ. ലോ കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്നു. വിമോചന സമരത്തിൽ വിദ്യാർഥി വിഭാഗം നേതാവായി. തേവര മുരളി സമരസമിതി കൺവീനറായും പ്രവർത്തിച്ചു. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, ആറളം ഫാം തൊഴിലാളി യൂണിയൻ പ്രസിഡന്റ്, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ഡിസിസി നിർവാഹക സമിതി അംഗം, കെപിസിസി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. മികച്ച പ്രസംഗകനുമായിരുന്നു. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സ്ഥാപക നേതാക്കളിൽ ഒരാളാണ്.
കോസ്മോപൊളിറ്റൻ ക്ലബ് പ്രസിഡന്റുമായിരുന്നു. 80കളിലെ ആർഎസ്എസ്–സിപിഎം സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചു. തുടർന്നു ജില്ലാ ഗവ. പ്ലീഡറും പബ്ളിക് പ്രോസിക്യൂട്ടറുമായി. അറുപതുകളിലെ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ യുവ തുർക്കികൾ വയലാർ രവി, എ.കെ.ആന്റണി, എ.സി.ജോസ്, ഉമ്മൻചാണ്ടി, പി.സി. ചാക്കോ, വി.എം. സുധീരൻ ആ നിരയിലെ തലയെടുപ്പുളള നേതാവാണ് ഇന്നലെ വിട പറഞ്ഞ കെ.ഡി. ദേവസ്യ. കെഎസ്‍യുവിന്റെ ആരംഭ കാലത്ത് ഇവർക്കൊപ്പം മുൻനിരയിലുണ്ടായിരുന്ന ദേവസ്യയുടെ തുടക്കം പേരാവൂർ ഹൈസ്കൂളിലെ വിദ്യാർഥി നേതാവായാണ്.
ദേവസ്യയുടെ മൂത്തമകൻ ഡി.കെ. ബ്രിജേഷ് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും എഐസിസി ന്യൂനപക്ഷ വിഭാഗം ദേശീയ വൈസ് ചെയർമാനുമാണ്. നിര്യാണ വാർത്തയറിഞ്ഞ ഉടനെ എ.കെ. ആന്റണിയും കെ.സി. വേണുഗോപാലും വി.എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പി.സി. ചാക്കോയും വിളിച്ചു അനുശോചനം അറിയിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെപിസിസി ട്രഷറർ വി.എ. നാരായണൻ,. സജ്ജീവ് മാറോളി, എം.പി. അരവിന്ദാക്ഷൻ,. കെ. ശിവദാസൻ, കെ.പി. സാജു എന്നിവരും ആശുപത്രിയിലെത്തി. മന്ത്രി റോജി.എം.ജോൺ വീട്ടിലെത്തി അനുശോചനമറിയിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ എന്നിവർ അനുശോചിച്ചു.