• നിക്ഷേപത്തട്ടിപ്പു കേസില്‍ അറസ്റ്റിലായ ബി.എല്‍.എം സഹകരണ സംഘം സ്ഥാപക ചെയര്‍മാന്‍ ആര്‍. പ്രേംകുമാറിനെ കോടതി വിട്ടയച്ചു. സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റെന്നു കണ്ടെത്തിയതോടെയാണു കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയുടെ നടപടി

നിക്ഷേപത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ബി.എൽ.എം സഹകരണ സംഘം സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനെ കോഴിക്കോട് മജിസ്ട്രേറ്റ് കോടതി വിട്ടയച്ചു. സുപ്രീംകോടതി പുറപ്പെടുവിച്ച അറസ്റ്റ് മാർഗനിർദേശങ്ങൾ പാലിക്കാതെയാണ് അന്വേഷണ സംഘം പ്രേംകുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതിയുടെ നടപടി. അതേസമയം, നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് വീണ്ടും അറസ്റ്റ് ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് സംഘം നാളെ കോടതിയിൽ അപേക്ഷ നൽകും. Also Read: ‘ചിലർ 'പന്നി' എന്ന് വിളിച്ചു'; ബോഡി ഷെയിമിങ് അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം

വ്യാഴാഴ്ച രാവിലെ ചെന്നൈ നുങ്കമ്പാക്കത്തെ വീട്ടിൽനിന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പ്രേംകുമാറിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇന്ന് ഉച്ചയോടെ കോഴിക്കോട്ടെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അറസ്റ്റിന്റെ നിയമസാധുത സംബന്ധിച്ച് നാടകീയമായ വാദപ്രതിവാദങ്ങൾ നടന്നത്.

പ്രേംകുമാറിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നായിരുന്നു അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകരുടെ വാദം. അറസ്റ്റിന് മുൻപ് നോട്ടീസ് നൽകിയിരുന്നില്ലെന്നും അറസ്റ്റ് വിവരം അടുത്ത ബന്ധുക്കളെയോ അഭിഭാഷകനെയോ രേഖാമൂലം അറിയിച്ചിരുന്നില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

അറസ്റ്റ് മെമ്മോ കൈപ്പറ്റാൻ പ്രേംകുമാർ തയ്യാറായില്ലെന്നും തുടർന്ന് മകന്റെ വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് അറസ്റ്റ് മെമ്മോ അയച്ചുനൽകിയെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വിശദീകരണം. എന്നാൽ, ഇത് തെളിയിക്കുന്ന സ്ക്രീൻഷോട്ട് റിമാൻഡ് റിപ്പോർട്ടിനൊപ്പം ഹാജരാക്കിയിരുന്നില്ല. ഇതോടെയാണ് അറസ്റ്റ് നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടി കോടതി പ്രേംകുമാറിനെ വിട്ടയച്ചത്.

അറസ്റ്റ് നടപടികളിലെ വീഴ്ച പരിഹരിച്ച് നിയമപ്രകാരമുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ഇതിനായി നാളെ കോടതിയിൽ അപേക്ഷ നൽകും. തുടർന്ന് പ്രേംകുമാറിനെ വീണ്ടും കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അതേസമയം, തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നാണ് പ്രേംകുമാറിന്റെ വാദം.

ഇതിനിടെ പ്രേംകുമാറിനെതിരെ കോതമംഗലത്ത് മറ്റൊരു നിക്ഷേപത്തട്ടിപ്പ് കേസും രജിസ്റ്റർ ചെയ്തു. ഇടുക്കി അണക്കര സ്വദേശിയിൽനിന്ന് 1.60 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചശേഷം വാഗ്ദാനം ചെയ്ത കമ്മീഷനും പലിശയും നൽകിയില്ലെന്ന പരാതിയിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ENGLISH SUMMARY:

A Kozhikode magistrate court released BLM Cooperative Society founder chairman R. Premkumar after finding procedural lapses in his arrest in an investment fraud case. The Crime Branch plans to seek permission for a fresh arrest after complying with legal requirements. Meanwhile, a new case has been registered against him in Kothamangalam over an alleged Rs 1.60 crore investment fraud.