veena-george-4

കെഎസ്‌യു പ്രവർത്തകർക്കെതിരായ കേസിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ പ്രതിരോധത്തിലാക്കി ഗൺമാൻ അഭിലാഷിന്റെ മൊഴി. സമരക്കാർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന മൊഴി വീണാ ജോർജ് പറഞ്ഞതനുസരിച്ചാണ് നൽകിയതെന്ന് അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. കെഎസ്‌യു പ്രവർത്തകർ വീണാ ജോർജിനെ ആക്രമിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നും അഭിലാഷ് എസ്ഐടിയോട് വ്യക്തമാക്കി. സമരക്കാർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയത്. Also Read: തൃണമൂൽ വിട്ട് മാസങ്ങള്‍ മാത്രം; തർക്കത്തിൽ കിടന്ന ഭൂമി യൂസഫ് പത്താന് വിട്ടുനൽകി ഗുജറാത്ത് സർക്കാർ

ഫെബ്രുവരി 25ന് ആണ് വീണാ ജോർജിനെതിരെ പ്രതിഷേധമുണ്ടായത്. ആയുധം ഉപയോഗിച്ച് മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു എഫ്ഐആർ. എന്നാൽ ആയുധം കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. മന്ത്രിയുടെ ഗൺമാന്റെ പരാതിയിലാണ് കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. കെഎസ‌്‌യു ജില്ലാ പ്രസിഡന്റ് എം.സി.അതുൽ, വി.വി.അക്ഷയ്, സി.എച്ച്.മുബാസ്, ബിതുൽ ബാലൻ, അഹമ്മദ് യാസിൻ എന്നിവർ രണ്ടാഴ്ച റിമാൻഡിലായി. 

പ്രതിഷേധത്തിനിടെയുണ്ടായ ഉന്തിലും തള്ളിലുമാണ് കഴുത്തിനു പരുക്കേറ്റതെന്നു മന്ത്രി വീണാ ജോർജ് പിന്നീടു മൊഴി നൽകി. സംഭവസമയത്ത് മന്ത്രിക്കു സുരക്ഷയൊരുക്കാൻ റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന, കണ്ണൂർ ടൗൺ സ്റ്റേഷനിലെ എസ്ഐ അനൂപ്, ഗ്രേഡ് എസ്ഐ പ്രകാശ്, സിപിഒ അഖിൽ എന്നിവരും ആയുധം കൊണ്ടുള്ള ആക്രമണം നടന്നിട്ടില്ലെന്നാണു മൊഴി നൽകിയിരുന്നത്.