mailatty-kseb

സോളര്‍ വൈദ്യുതി ശേഖരിക്കാനുള്ള കാസര്‍കോട് മൈലാട്ടിയിലെ 125 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി എനര്‍ജി സ്റ്റോറേജ് പദ്ധതിയുടെ കമ്മിഷനിങ് വൈകും. പദ്ധതിക്കായുള്ള ബാറ്ററി കിട്ടാനില്ലെന്നാണ് കെഎസ്‌ഇബി വിശദീകരണം. ബെസ് വൈകുന്നത് കാരണം പ്രതിദിനം കെഎസ്‌ഇബിക്ക് കോടികളുടെ നഷ്ടമാണ്. നിര്‍മാണ പൂര്‍ത്തീകരണത്തില്‍ അലംഭാവമെന്ന് വിമര്‍ശിച്ച വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കടുത്ത അതൃപ്തിയും രേഖപ്പെടുത്തി.

കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടയില്‍ ബെസ് പദ്ധതിയിലൂടെ സംസ്ഥാനത്ത് ആശ്വാസമെത്തുമെന്നായിരുന്നു കെഎസ്‌ഇബി നിലപാട്. 125 മെഗാവാട്ട് ശേഷിയുള്ള മയിലാട്ടി പദ്ധതി ഡിസംബറിലെന്ന് പ്രഖ്യാപനവും. മുല്ലേരിയില്‍ കമ്മീഷന്‍ ചെയ്ത ബെസിനൊപ്പം ഈ മാസം കമ്മീഷന്‍ ചെയ്യേണ്ടതായിരുന്നു മയിലാട്ടിയിലെയും പദ്ധതി. എന്നാല്‍ വൈകുമെന്നാണ് കെഎസ്‌ഇബി റെഗുലേറ്ററി കമ്മിഷനെ അറിയിച്ചിട്ടുള്ളത്. 

ബാറ്ററി കിട്ടാനുള്ള കാലതാമസമാണ് പ്രതിസന്ധി. ചൈനീസ് കമ്പനിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ബാറ്ററി കിട്ടാതെ ബെസ് തുടങ്ങാനാവില്ലെന്നും ചെയര്‍മാനും ഡയക്ടര്‍മാരും ഹിയറിങിനിടെ അറിയിച്ചു. പകല്‍ ലഭിക്കുന്ന സോളര്‍ വൈദ്യുതി സറണ്ടര്‍ ചെയ്യുന്നതും രാത്രി പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ തുകയും വൈദ്യുതി കരാറുകള്‍ക്ക് നല്‍കുന്ന ഫിക്സഡ് ചാര്‍ജുമെല്ലാം ചേര്‍ത്താല്‍ മയിലാട്ടി പ്രവര്‍ത്തിക്കാത്തതിലൂടെ കെഎസ്ഇബിക്ക് പ്രതിദിനം നാല് കോടി വരെ നഷ്ടമുണ്ടാവുന്നുണ്ട്. നവംബറിലും ഡിസംബറിലുമായി കമ്മീഷന്‍ ചെയ്യാനുള്ള അരീക്കോട്, ശ്രീകണ്ഠാപുരം, പോത്തന്‍കോട് ബെസ് പദ്ധതികളും വൈകും. 

250 മെഗാവാട്ടിന്‍റെ ബ്രഹ്മപുരം ബെസ് പദ്ധതി അടുത്ത വര്‍ഷം നവംബറിലാണ് പൂര്‍ത്തിയാകേണ്ടത്. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതിക്കായി കരാര്‍ ഒപ്പിട്ട് ഏഴു മാസം പിന്നിട്ടിട്ടും ഭൂമി പോലും ഏറ്റെടുത്തില്ല. പദ്ധതി നീളുന്നത് അലംഭാവമെന്നാണ് റെഗുലേറ്ററി കമ്മിഷന്‍റെ നിലപാട്. തുടര്‍ നടപടി 15 ദിവസത്തിനുള്ളില്‍ അറിയിക്കണമെന്നും കെഎസ്‌ഇബിയോട് കമ്മിഷന്‍ നിര്‍ദേശിച്ചു. ബസ് വന്നാലും വന്നില്ലെങ്കിലും കൂടുതല്‍ തുക നല്‍കി വൈദ്യുതി വാങ്ങുന്നത് ലാഭമെന്ന നിലപാടിലാണ് കെഎസ്‌ഇബിയും. 

ENGLISH SUMMARY:

The commissioning of KSEB's 125 MW Battery Energy Storage System (BESS) project at Mailatti in Kasaragod has been delayed due to the non-availability of batteries from a supplier in China. KSEB officials informed the Kerala State Electricity Regulatory Commission that the delay in getting the Mailatti plant operational is resulting in daily financial losses of up to ₹4 crore due to daytime solar energy surrender and high night-time power procurement costs. Expressing severe displeasure over the slow progress across various BESS initiatives, the Regulatory Commission directed KSEB to submit a detailed status report within 15 days. Similar battery storage projects at Areekode, Sreekandapuram, and Pothencode are also facing delays, while land acquisition for the 250 MW Brahmapuram BESS project remains pending seven months after signing the agreement.