ബേക്കറികൾ വഴി ഹോർട്ടിവൈൻ വിൽക്കാനുള്ള നീക്കം വിവാദമായതോടെ ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചാലക്കുടിയിലെ എംസിആർ ബേക്കറിക്ക് അനുവദിച്ച ഹോർട്ടിവൈൻ വിൽപ്പന ലൈസൻസ് റദ്ദാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ഹോർട്ടിവൈൻ വിൽപ്പനയ്ക്ക് വഴിയൊരുക്കിയ മുൻ എൽഡിഎഫ് സർക്കാരിന്റെ അബ്കാരി നിയമഭേദഗതി പുനഃപരിശോധിക്കാനും എക്സൈസ് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. വിവാദ ഉത്തരവ് പുറപ്പെടുവിച്ച ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശുപാർശ ചെയ്തതു. Also Read: കിഫ്ബി കടമെടുപ്പ് പ്രതിസന്ധിയാകും; ബാലഗോപാലിന്റെ ആശങ്കക്കുറിപ്പ് പുറത്ത്; സിപിഎം പ്രതിരോധത്തിൽ
ബേക്കറി വഴി ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകിയത് യുഡിഎഫ് സർക്കാരാണെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. ജൂൺ മാസത്തിലാണ് വിൽപ്പനയ്ക്കുള്ള ലൈസൻസ് അനുവദിച്ചത്. എന്നിട്ടും ഇക്കാര്യം അറിയില്ലെന്നാണ് നിലവിലെ എക്സൈസ് മന്ത്രിയുടെ വാദമെന്നും അദ്ദേഹം വിമർശിച്ചു. വിവാദം ഉയർന്നതിനു പിന്നാലെ ലൈസൻസ് റദ്ദാക്കാനുള്ള തീരുമാനം കൈയടി നേടാനുള്ള നീക്കമാണെന്നും എം.ബി. രാജേഷ് ആരോപിച്ചു. അതേസമയം, നിയമം പാലിച്ചാണ് ബേക്കറി വഴി ഹോർട്ടിവൈൻ വിറ്റതെന്ന് ഉൽപ്പാദകരായ ഡിസ്റ്റിലറിയുടെ ഉടമ കൊച്ചേരി സുരേഷ് വ്യക്തമാക്കി. സർക്കാർ നിശ്ചയിച്ച ചട്ടങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും ജൂൺ മാസത്തിലാണ് വിൽപ്പനയ്ക്കുള്ള അനുമതി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സ്വീകരിക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും സുരേഷ് വ്യക്തമാക്കി.
ചാലക്കുടിയിലെ ബേക്കറിക്ക് ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകിയ എക്സൈസ് വകുപ്പിന്റെ തീരുമാനമാണ് വിവാദത്തിന് വഴിവെച്ചത്. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ചർച്ച നടത്തിയ ശേഷമാണ് ലൈസൻസ് റദ്ദാക്കാനുള്ള നിർണായക തീരുമാനമെടുത്തത്. എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടികളിലേക്ക് കടക്കാനാണ് സർക്കാരിന്റെ തീരുമാനം. 15 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ ഹോർട്ടിവൈൻ ബേക്കറികൾ വഴി വിൽക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് സർക്കാരിന്റെ നിലപാട്.
എന്നാൽ, ബേക്കറികൾ വഴി ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകുന്ന നിയമഭേദഗതി മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് കൊണ്ടുവന്നത്. 2024 ജനുവരി 24-ന് അബ്കാരി നിയമത്തിൽ വരുത്തിയ ഭേദഗതി പ്രകാരം സൂപ്പർമാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, 100 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണമുള്ള ബേക്കറികൾ എന്നിവിടങ്ങളിൽ ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകാമായിരുന്നു.
2025 നവംബറിൽ ചാലക്കുടിയിലെ ബേക്കറി ലൈസൻസിനായി അപേക്ഷിച്ചെങ്കിലും എൽഡിഎഫ് സർക്കാർ അധികാരത്തിലിരുന്ന കാലയളവിൽ അനുമതി ലഭിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ജൂൺ 21-നാണ് വിൽപ്പനയ്ക്ക് അനുമതി ലഭിച്ചത്. തുടർന്ന് വിൽപ്പനയ്ക്കുള്ള ഹോർട്ടിവൈൻ ബെവ്കോ ഔട്ട്ലെറ്റിൽനിന്ന് ബേക്കറിക്ക് കൈമാറുകയും ചെയ്തു. ബേക്കറികളിൽ സാധാരണ ശീതളപാനീയങ്ങൾക്കൊപ്പം വൈനും വിൽക്കാനുള്ള നീക്കം പുറത്തുവന്നതോടെ രാഷ്ട്രീയ വിവാദം ശക്തമായി. നിയമഭേദഗതി മുൻ സർക്കാർ കൊണ്ടുവന്നതാണെങ്കിലും പ്രത്യേക ബേക്കറിക്ക് ലൈസൻസ് അനുവദിച്ചത് നിലവിലെ സർക്കാരിന്റെ കാലത്താണെന്നത് രാഷ്ട്രീയ ആരോപണപ്രത്യാരോപണങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.