New Delhi 2026 February 27 : Chief Minister of Kerala Pinarayi Vijayan during the Polit Bureau meeting at  AKG Bhawan New Delhi @ Rahul R Pattom

പിണറായി വിജയന്‍

  • പിണറായി വിജയനെ ചോദ്യംചെയ്യാൻ ഇ.ഡി സമൻസ് വീട്ടിലെത്തിച്ചതോടെ കേന്ദ്ര ഏജൻസിയുടെ തുടർനടപടികളെക്കുറിച്ച് ആശങ്കയിൽ സിപിഎം. ഇ.ഡി ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്ന 23-ാം തീയതിക്ക് മുൻപ് സുപ്രീംകോടതി അപ്പീൽ പരിഗണിക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.

പിണറായി വിജയനെ ചോദ്യംചെയ്യാൻ ഇ.ഡി സമൻസ് വീട്ടിലെത്തിച്ചതോടെ കേന്ദ്ര ഏജൻസിയുടെ തുടർനടപടികളെക്കുറിച്ച് ആശങ്കയിൽ സിപിഎം. ഇ.ഡി ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്ന 23-ാം തീയതിക്ക് മുൻപ് സുപ്രീംകോടതി അപ്പീൽ പരിഗണിക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. അതുവരെ ഹാജരാകേണ്ടതില്ലെന്ന നിലപാടാണ് പിണറായി വിജയനും സിപിഎമ്മും ആലോചിക്കുന്നതെന്നാണ് സൂചന. Also Read: ഗ്യാനേഷിനെ എതിര്‍ത്ത് ഇന്ത്യ സഖ്യത്തിലേക്ക് അടുക്കാന്‍ ബിജെപിയുടെ പഴയ 'രക്ഷകന്‍'; കോണ്‍ഗ്രസുമായി ചര്‍ച്ച

പിണറായി വിജയന് പുറമെ മുഹമ്മദ് റിയാസിനും ഉടൻ നോട്ടീസ് ലഭിച്ചേക്കുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് ടി. വീണയെ വീണ്ടും ചോദ്യംചെയ്യാൻ വിളിച്ചാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്ക് സാധ്യതയുണ്ടെന്നും പാർട്ടി ആശങ്കപ്പെടുന്നു.

പിണറായി വിജയന് ഇ.ഡി നോട്ടീസ് നൽകിയതിനെതിരെ മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജൻ രംഗത്തെത്തി. വീടിന് മുന്നിൽ നോട്ടീസ് പതിപ്പിച്ചത് തെറ്റായ നടപടിയാണെന്ന് അദ്ദേഹം വിമർശിച്ചു. പിണറായി വിജയനെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമമെന്നും ജനങ്ങളെ അണിനിരത്തി ഇതിനെ പ്രതിരോധിക്കുമെന്നും ജയരാജൻ വ്യക്തമാക്കി.

കനത്ത തിരിച്ചടി നേരിട്ട കണ്ണൂരിൽ സിപിഎമ്മിന്റെ വിശാല ജില്ലാ കമ്മിറ്റി യോഗം ആരംഭിച്ചു. പിണറായി വിജയനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയ തിരഞ്ഞെടുപ്പ് തോൽവികൾക്ക് പിന്നാലെ ജില്ലയിൽ സംഘടനാ തലത്തിൽ അഴിച്ചുപണിയുണ്ടാകുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. തളിപ്പറമ്പ്, പയ്യന്നൂർ മേഖലകളിൽ നേതാക്കൾക്കെതിരെ നടപടിയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ കാരണങ്ങൾ പരിശോധിക്കുന്നതിനൊപ്പം സംഘടനാ ദൗർബല്യങ്ങളും യോഗത്തിൽ ചർച്ചയായേക്കും.

സിപിഎം കൊല്ലം വിശാല ജില്ലാ കമ്മിറ്റി യോഗത്തിന്റെ അവസാന ദിവസത്തെ ചർച്ചകളിലും പിണറായി വിജയനെതിരെ രൂക്ഷവിമർശനം ഉയർന്നു. പാർട്ടി വ്യക്തികേന്ദ്രീകൃതമായെന്നും പിണറായി വിജയൻ മാത്രമല്ല പാർട്ടിയെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വേദിയിലിരിക്കെ പ്രതിനിധികൾ തുറന്നടിച്ചതായാണ് റിപ്പോർട്ട്. എക്സാലോജിക് കേസിൽ പിണറായി വിജയനെയും മകളെയും മരുമകനെയും സംരക്ഷിക്കേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും യോഗത്തിൽ പൊതുവികാരം ഉയർന്നതായി റിപ്പോർട്ടുകളുണ്ട്.

മുൻമന്ത്രി സജി ചെറിയാനെതിരെയും വിമർശനമുണ്ടായി. അദ്ദേഹത്തിന്റെ പ്രസ്താവനകൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്നും നേതാവിനെ നിയന്ത്രിക്കാൻ നേതൃത്വം തയ്യാറാകണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവൻ സാധാരണക്കാരുടെ പ്രശ്നങ്ങൾ വേണ്ടവിധം കേൾക്കുന്നില്ലെന്ന വിമർശനവും ജില്ലാ കമ്മിറ്റി അംഗങ്ങളിൽനിന്ന് ഉയർന്നു.

ENGLISH SUMMARY:

The CPM is facing multiple challenges amid the Enforcement Directorate's summons to Pinarayi Vijayan and growing internal criticism following electoral setbacks. Senior leader E.P. Jayarajan has condemned the ED's handling of the notice. Meanwhile, party meetings in Kannur and Kollam have reportedly witnessed discussions about organisational restructuring, electoral failures, personality-centred leadership, and the Exalogic case involving Vijayan's family.