s-sambasiva-rao-reaction

ബാര്‍ ലൈസന്‍സ് അനുമതിയുടെ പേരിലുള്ള വിവാദങ്ങള്‍ക്കൊടുവില്‍ എക്സൈസ് കമ്മിഷണറുടെ കസേര തെറിച്ചു. എന്നാല്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും തീരുമാനങ്ങളെല്ലാം സര്‍ക്കാരിനെ യഥാസമയം അറിയിച്ചിരുന്നതായും എക്സൈസ് കമ്മിഷണര്‍ പദവിയില്‍ നിന്നും നീക്കിയ എസ്.സാംബശിവ റാവു മനോരമ ന്യൂസിനോട്. ഇതെല്ലാം ജോലിയുടെ ഭാഗമെന്ന് അറിയിച്ച് ഔദ്യോഗിക വാഹനം ഒഴിവാക്കി സാംബശിവ റാവു എക്സൈസ് ആസ്ഥാനത്ത് നിന്നും ഓട്ടോയില്‍ മടങ്ങി.

അതേസമയം, എക്സൈസ് കമ്മിഷണര്‍ പദവിയില്‍ നിന്നും മാറ്റുന്നതിന് മുന്‍പ് എറണാകുളം, കോട്ടയം ജില്ലകളില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ എക്സൈസ് ഡപ്യുട്ടി കമ്മിഷണര്‍മാര്‍ക്ക് വീഴ്ചയില്ലെന്ന് വ്യക്തമാക്കി സാംബശിവ റാവു വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടില്ലെന്നും സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരെ എത്രയും വേഗം തിരിച്ചെടുക്കണമെന്നും ശുപാര്‍ശ ചെയ്തു. ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരു മണിക്കൂറിനുള്ളിലാണ് സാംബശിവ റാവുവിനെ എക്സൈസ് കമ്മിഷണര്‍ പദവിയില്‍ നിന്നും മാറ്റി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.

എന്നാല്‍ എക്സൈസ് കമ്മിഷണറെ മാറ്റിയതില്‍ പ്രത്യേകതയില്ലെന്നും സാംബശിവ റാവുവിന്‍റെ സ്ഥാനചലനം സ്വാഭാവികമെന്നും എക്സൈസ് മന്ത്രി എം.ലിജു പറഞ്ഞു. ഉദ്യോഗസ്ഥനെ മാറ്റുന്നത് ആദ്യമായല്ല. തനിക്ക് അതൃപ്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്നും എം.ലിജു വ്യക്തമാക്കി.

സത്യസന്ധനായ ഉദ്യോഗസ്ഥനെയാണ് എക്സൈസ് കമ്മീഷണര്‍ പദവിയില്‍നിന്ന് മാറ്റിയതെന്ന് മുന്‍ എക്സൈസ് മന്ത്രി എം.ബി.രാജേഷ് പ്രതികരിച്ചു. എല്ലാം അനുമതിയുടെയും ഉത്തരവാദിത്തം എല്‍ഡിഎഫ് സര്‍ക്കാരിന്റെ തലയില്‍ വയ്ക്കേണ്ടെന്നും എം.ബി.രാജേഷ് പറഞ്ഞു.

ENGLISH SUMMARY:

Excise Commissioner S. Sambasiva Rao was removed from his post by the Chief Secretary following an intense controversy surrounding the approval of bar licenses in Ernakulam and Kottayam. Speaking to Manorama News, Sambasiva Rao maintained that he did nothing illegal and had kept the government informed of all official decisions in a timely manner. Prior to his removal, he submitted a report exonerating Deputy Commissioners of any wrongdoing or financial corruption and recommended revoking the suspension of affected officials. Following the order, the IAS officer casually departed the Excise headquarters in an auto-rickshaw, characterizing the administrative shift as part of his routine job.