പഞ്ചാബിൽ ഓടിക്കൊണ്ടിരിക്കേ ട്രെയിനിന് തീപിടിച്ചു. അമൃത്സറിൽ നിന്ന് ബംഗാളിലെ ന്യൂ ജൽപായ്ഗുഡിയിലേക്ക് പോവുകയായിരുന്ന കർമഭൂമി എക്സ്പ്രസിന്റെ (12508) ജനറൽ കോച്ചുകളിലാണ് തീപിടിത്തമുണ്ടായത്. നാല് കോച്ചുകൾ അഗ്നിക്കിരയായി. പട്യാല ജില്ലയിലെ രാജ്പുരയ്ക്ക് സമീപം സരായി ബൻജാര റെയിൽവേ സ്റ്റേഷനടുത്തുവെച്ചായിരുന്നു അപകടം. ആര്‍ക്കും പരുക്കില്ല. യാത്രക്കാര്‍ക്ക് പകരം ട്രെയിന്‍ ഏര്‍പ്പെടുത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.
ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. എൻജിനിൽ നിന്ന് അഞ്ചാമത്തെ ജനറൽ കോച്ചിൽ തീയും പുകയും ഉയരുകയായിരുന്നു. നിമിഷങ്ങൾക്കകം തൊട്ടടുത്തുള്ള കോച്ചുകളിലേക്കും തീ പടര്‍ന്നു. പിന്നാലെ ട്രെയിൻ ഉടന്‍ നിർത്തുകയും യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. റെയിൽവേ ജീവനക്കാരുടെ സമയോചിത ഇടപെടലിൽ വൻദുരന്തമാണ് ഒഴിവായത്.
വിവരമറിഞ്ഞ ഉടൻ അംബാല ഡിവിഷനിൽ നിന്നുള്ള റെയിൽവേ ഉദ്യോഗസ്ഥരും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. തീ പൂർണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. മെഡിക്കൽ ടീമും സ്ഥലത്തെത്തിയിട്ടുണ്ട്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക വിവരം. കോച്ചിലെ ഫാനില്‍നിന്നാണ് തീപടര്‍ന്നതെന്ന് ചില യാത്രക്കാര്‍ പറഞ്ഞതായി റയില്‍വേ പൊലീസ് അറിയിച്ചു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ റയില്‍വേ ഉന്നതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.