ചേരാനല്ലൂർ വാഹനാപകട മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ നിയമോപദേശം തേടാൻ ക്രൈംബ്രാഞ്ച്. അപകടത്തിൽ ഉൾപ്പെട്ട 17കാരന്റെ സാമൂഹിക പശ്ചാത്തല റിപ്പോർട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് നിയമോപദേശം തേടുന്നത്. റിപ്പോർട്ട് സമർപ്പിച്ചാൽ കുട്ടിയുടെ പിതാവായ ജഡ്ജിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം നിലനിൽക്കുമോ എന്ന കാര്യത്തിലാണ് അന്വേഷണ സംഘത്തിന് വ്യക്തത വേണ്ടത്. Also Read: 17കാരനെതിരായ എഫ്.ഐ.ആറിനെ ചോദ്യം ചെയ്ത് കോടതി; ജാമ്യം റദ്ദാക്കണമെന്ന അപ്പീലുകൾ തള്ളി
എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഇന്നലെ നടത്തിയ നിരീക്ഷണങ്ങളുടെയും വിമർശനങ്ങളുടെയും പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. 17കാരനെതിരെ റജിസ്റ്റർ ചെയ്ത എഫ്‌ഐആർ നിലനിൽക്കില്ലെന്നും പകരം സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ടാണ് തയ്യാറാക്കി നൽകേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ജുവനൈൽ ജസ്റ്റിസ് മോഡൽ റൂൾസ് പ്രകാരം, ഹീനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ മുതിർന്നവരുമായി ചേർന്ന് കുറ്റകൃത്യം ചെയ്തതായി ആരോപണമുയരുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ മാത്രമാണ് കുട്ടിക്കെതിരെ നേരിട്ട് എഫ്‌ഐആർ റജിസ്റ്റർ ചെയ്യാൻ വ്യവസ്ഥയുള്ളത്. മറ്റ് കേസുകളിൽ ജനറൽ ഡയറിയിൽ വിവരം രേഖപ്പെടുത്തി കുട്ടിയുടെ പശ്ചാത്തലം വ്യക്തമാക്കുന്ന സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുകയാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് സമർപ്പിക്കുന്ന സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്ത മകനെ വാഹനമോടിക്കാൻ അനുവദിച്ചെന്നാരോപിച്ച് പിതാവായ ജഡ്ജിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം നിലനിൽക്കുമോ എന്നതാണ് ക്രൈംബ്രാഞ്ചിന്റെ പ്രധാന സംശയം. നിയമോപദേശം ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
മോട്ടോർ വാഹന നിയമത്തിലെ 199A വകുപ്പാണ് നിലവിൽ ജഡ്ജിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ അനുവദിച്ചാൽ മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അതേസമയം, ജഡ്ജിക്ക് ഹൈക്കോടതി ഇന്നലെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.