kakkanad-bus-accident-kerala-hc

റോഡിലെ തമ്പുരാക്കന്മാരല്ല, കാലന്‍‍മാരാണ് സ്വകാര്യ ബസ് ഡ്രൈവര്‍മാരെന്ന് ഹൈക്കോടതി. കാക്കനാട് സ്വകാര്യ ബസിടിച്ച് യുവതി മരിച്ച ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഐടി ജീവനക്കാരിയുടെ മരണത്തില്‍ അപകടമുണ്ടാക്കിയ ബസ് ഡ്രൈവർ എട്ട് ലഹരി കേസുകളിൽ പ്രതിയാണെന്നത് ഞെട്ടിക്കുന്നതാണ്. മരിച്ച യുവതിയുടെ കുടുംബത്തോട് മാപ്പപേക്ഷിക്കുന്നതായും, ഫുട്പാത്തുകൾ സ്ഥാപിച്ചില്ലെങ്കിൽ കൊച്ചികോർപ്പറേഷൻ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും ഹൈക്കോടതി പറഞ്ഞു.

നിയമങ്ങളെയും പൊലീസിനെയും ഭയമില്ലാത്തവരാണ് ബസ് ഡ്രൈവർമാർ എന്നും കോടതി പറഞ്ഞു. ഭ്രാന്തന്മാരെ പോലെയാണ് ഡ്രൈവർമാരുടെ അപകടപ്പാച്ചിൽ. എന്തു തരം ഡ്രൈവിങ്ങാണിത്. റോഡരികില്‍ ആരെങ്കിലുമുണ്ടോ എന്ന് ഡ്രൈവര്‍മാര്‍ കാണുന്നില്ല. ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്ത ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കാന്‍ യോഗ്യരല്ല. പൗരന്മാര്‍ എന്തുചെയ്യണമെന്നും ഹൈക്കോടതി ചോദിച്ചു. റോഡുകളില്‍ ഫുട്പാത്തുകളില്ലാത്തതാണ് അപകടകാരണം. ഫുട്പാത്ത് സ്ഥാപിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും, സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും കൊച്ചി കോർപ്പറേഷന് ഹൈക്കോടതി അന്ത്യശാസനം നൽകി.

ബസിന്റെ സമയക്രമത്തെക്കുറിച്ച് പൊലീസ് ചിന്തിക്കേണ്ടതില്ല. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കേണ്ടതില്ലെന്നും ഹൈക്കോടതി പറഞ്ഞു. പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ ഹൈക്കോടതി തുടര്‍നടപടികള്‍ സ്വീകരിക്കും. സിറ്റിസണ്‍സ് റെസ്‌പോണ്‍സ് ഗ്രൂപ്പുകള്‍ തുടങ്ങുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ മുന്നറിയിപ്പ് നൽകി. കാക്കനാട് അപകടം ഉണ്ടാക്കിയ ഡ്രൈവർക്കെതിരെ നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവറുടെ ക്രിമിനൽ പശ്ചാത്തലം ഉടമ മറച്ചുവെച്ചുവെന്നും പൊലീസ്. അടുത്തയാഴ്ച വിഷയം പരിഗണിക്കുന്നത് വരെ റോഡിൽ അപകടം ഉണ്ടാകാതിരിക്കാൻ പ്രാർഥിക്കുന്നു എന്ന് പറഞ്ഞാണ് കോടതി അവസാനിപ്പിച്ചത്.

ENGLISH SUMMARY:

The Kerala High Court has issued a scathing critique of private bus drivers, calling them 'deadly threats' rather than 'kings of the road' after reviewing footage of a fatal accident in Kakkanad that killed a female IT professional. Justice Devan Ramachandran expressed shock over revelations that the offending driver was an accused in eight narcotics cases and criticized the bus owner for concealing his criminal background. Offering apologies to the victim's grieving family, the court issued a stern ultimatum to the Kochi Corporation, warning of contempt of court proceedings if functional footpaths are not established along city roads. Emphasizing that police must act decisively against reckless driving and illegal left-side overtaking without being concerned about bus timetables, the court announced plans to initiate Citizen Response Groups to ensure road safety.