• മെസിയെ കേരളത്തിലെത്തിക്കാനായി സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ 126 കോടി രൂപ നൽകിയിരുന്നോ? ഈ തുകയ്ക്ക് ബാധകമായ നികുതി അടച്ചിരുന്നോ? നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി.സതീശനും കായികമന്ത്രി ഒ.ജെ. ജനീഷും നൽകിയ മറുപടികൾ തമ്മിലുള്ള വൈരുധ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്

മെസിയെ കേരളത്തിലെത്തിക്കാനായി സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ 126 കോടി രൂപ നൽകിയിരുന്നോ? ഈ തുകയ്ക്ക് ബാധകമായ നികുതി അടച്ചിരുന്നോ? നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി.സതീശനും കായികമന്ത്രി ഒ.ജെ. ജനീഷും നൽകിയ മറുപടികൾ തമ്മിലുള്ള വൈരുധ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. മുൻ സർക്കാരിന്റെ കാലത്തെ ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച അന്വേഷണത്തിൽ വിവിധ സർക്കാർ വകുപ്പുകൾക്കിടയിൽ ആവശ്യമായ വിവരശേഖരണവും ഏകോപനവും നടന്നിട്ടുണ്ടോ എന്ന ചോദ്യവും ഇതോടെ ഉയരുന്നു. Also Read: 'ഞങ്ങളൊക്കെ പിന്നെ എന്തിനാ'? നേഹയ്ക്ക് അമിതപ്രാധാന്യമെന്ന് NSUI ; അതൃപ്തി?

 

മെസിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട് നടന്നതായി ആരോപിക്കപ്പെടുന്ന തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണം പ്രഖ്യാപിച്ചത് വി.ഡി. സതീശൻ സർക്കാരിന്റെ ശ്രദ്ധേയമായ തീരുമാനങ്ങളിലൊന്നായിരുന്നു. കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ, ഈ വിഷയത്തിൽ ഈ മാസം 12നും 16നും നിയമസഭയിൽ ഉയർന്ന ചോദ്യങ്ങൾക്ക് ലഭിച്ച മറുപടികൾ വ്യത്യസ്തമായ വിവരങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്.

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ടോ എന്നായിരുന്നു ഈ മാസം 12ന് മഞ്ഞളാംകുഴി അലി മുഖ്യമന്ത്രിയോട് ചോദിച്ചത്. ജി.എസ്.ടി വകുപ്പിന്റെ കാഞ്ഞങ്ങാട് ഇന്റലിജൻസ് യൂണിറ്റ് നികുതി വെട്ടിപ്പ് കണ്ടെത്തിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സ്പോൺസർഷിപ്പ് ഫീസായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 2025 ജൂണിലും ഒക്ടോബറിലുമായി അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഏജന്റായ ടൂർപ്രൊഡന്റർ എന്ന കമ്പനിക്ക് 126 കോടി രൂപ കൈമാറിയെന്നാണ് മറുപടിയിൽ വ്യക്തമാക്കിയത്. എന്നാൽ, ഈ തുക ജി.എസ്.ടി റിട്ടേണിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉൾപ്പെടുത്തിയിട്ടില്ലെന്നും നികുതിയും 15 ശതമാനം പിഴയും അടയ്ക്കാൻ കമ്പനി വിസമ്മതിച്ചെന്നുമാണ് മുഖ്യമന്ത്രിയുടെ മറുപടിയിലുള്ളത്. നികുതി ഈടാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും വ്യക്തമാക്കിയിരുന്നു.

എന്നാൽ, ഈ മാസം 16ന് സി.ആർ. മഹേഷിന്റെ ചോദ്യത്തിന് കായികമന്ത്രി ഒ.ജെ.ജനീഷ് നൽകിയ മറുപടി വ്യത്യസ്തമായിരുന്നു. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അർജന്റീന ഫുട്ബോൾ അസോസിയേഷന് 126 കോടി രൂപ നൽകിയതായി അവകാശപ്പെടുന്നുണ്ടെങ്കിലും പണമിടപാട് സ്ഥിരീകരിക്കുന്ന രേഖകൾ സർക്കാരിന് ലഭിച്ചിട്ടില്ലെന്നാണ് മന്ത്രി അറിയിച്ചത്. ബാങ്ക് ഡെബിറ്റ് അഡ്വൈസ്, പണമടച്ചതിന്റെ രസീത് തുടങ്ങിയ രേഖകൾ ലഭ്യമല്ലെന്നും അതിനാൽ പണം കൈമാറിയതായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും മറുപടിയിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ മറുപടിയിൽ 126 കോടി രൂപയുടെ കൈമാറ്റവും നികുതി വെട്ടിപ്പും സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കുമ്പോൾ, കായികമന്ത്രിയുടെ മറുപടിയിൽ പണമിടപാട് സ്ഥിരീകരിക്കാനുള്ള രേഖകൾ പോലും ലഭ്യമല്ലെന്നാണ് പറയുന്നത്. ഒരേ വിഷയത്തിൽ സർക്കാരിന്റെ രണ്ട് പ്രധാന വകുപ്പുകളിൽനിന്ന് വ്യത്യസ്തമായ വിവരങ്ങൾ പുറത്തുവരുന്നത് അന്വേഷണത്തിന്റെ വിശ്വാസ്യതയെക്കുറിച്ചും വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തെക്കുറിച്ചും ചോദ്യങ്ങളുയർത്തുന്നു.

കായിക വകുപ്പ് സെക്രട്ടറി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചതെങ്കിൽ, ആ റിപ്പോർട്ടിൽ എന്തെല്ലാം കണ്ടെത്തലുകളാണുള്ളതെന്നും അന്വേഷണം നിലവിൽ ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കേണ്ടതുണ്ട്. നിയമസഭയിൽ മറുപടി നൽകുന്നതിന് മുമ്പ് ബന്ധപ്പെട്ട വകുപ്പുകൾ തമ്മിൽ വിവരങ്ങൾ പരിശോധിക്കുകയും ഏകോപനം ഉറപ്പാക്കുകയും ചെയ്യേണ്ടതായിരുന്നുവെന്ന വിമർശനവും ഉയരുന്നു.

ENGLISH SUMMARY:

The proposed plan to bring Lionel Messi to Kerala has come under renewed scrutiny following conflicting statements by Chief Minister V.D. Satheesan and Sports Minister O.J. Jinish. The Chief Minister stated that the GST Department had detected alleged tax evasion involving ₹126 crore in sponsorship payments by Reporter Broadcasting Company in 2025. He also referred to unpaid taxes and a 15% penalty. However, the Sports Minister said the government lacked bank records and payment receipts to verify whether the money had actually been transferred. The conflicting responses have raised questions about interdepartmental coordination, the findings of the Sports Department's preliminary report, and the progress of the investigation.