കോഴിഫാമില് ജോലി ചെയ്യുന്ന അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിലൂടെ മാസപ്പടിയായി രണ്ടേകാല് ലക്ഷം രൂപ കൈപ്പറ്റിയ വൈക്കം സിഐ പി.എ.ഷമീര്ഖാനെ കയ്യോടെ പൊക്കി വിജിലന്സ്. മണ്ണ് മാഫിയ ബന്ധമുള്ളവരില് നിന്നും ലോറിക്കാരില് നിന്നും വിവിധ കേസുകളിലെ പ്രതികളില് നിന്നുമാണ് ഒരുമാസത്തിനിടെ രണ്ടേകാല് ലക്ഷം സിഐ കൈക്കൂലിയായി കൈപ്പറ്റിയത്. ഷമീര്ഖാന്റെ ഇടപാടുകളില് വിജിലന്സ് അന്വേഷണം തുടരുകയാണ്.
ഷമീര്ഖാന്റെ ഓഫിസില് ഇന്നലെ വിജിലന്സ് നടത്തിയ മിന്നല് പരിശോധനയിലാണ് കൈക്കൂലി ഇടപാടുകളുടെ ഡിജിറ്റൽ തെളിവുകൾ കണ്ടെത്തിയത്. കഴിഞ്ഞ മാസം അഞ്ചിനാണ് കോഴിഫാമില് ജോലി ചെയ്യുന്ന അസംകാരന്റെ പേരില് അക്കൗണ്ട് തുടങ്ങിയത്. അരുണ് എന്നയാളുടെ പേരിലുള്ള മൊബൈല് നമ്പര് ബാങ്കില് കോണ്ടാക്ട് നമ്പരായി ചേര്ക്കുകയും ചെയ്തു. ഈ അക്കൗണ്ടിന്റെ എടിഎം കാര്ഡും കോണ്ടാക്ട് നമ്പരായി നല്കിയിരുന്ന മൊബൈല് സിം കാര്ഡും ഉപയോഗിച്ചത് സിഐ ആയിരുന്നു. ഇത് രണ്ടും വിജിലൻസ് പിടിച്ചെടുത്തു.
കൈക്കൂലിക്ക് മാത്രമായിട്ടാണ് ഈ അക്കൗണ്ട് ഉപയോഗിച്ചുവന്നത്. ഒരു മാസം കൊണ്ട് അക്കൗണ്ടിലെത്തിയത് 2,28000 രൂപ. അക്കൗണ്ടിൽ എത്തിയ പണം വൈക്കം, കുറവിലങ്ങാട് ഭാഗങ്ങളിലെ വിവിധ എടിഎമ്മുകളിൽ നിന്ന് സിഐ പിന്വലിക്കുകയും ചെയ്തു. ഹെൽമറ്റും മാസ്കും ധരിച്ച് സിഐ പണം പിൻവലിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വിജിലൻസ് സംഘം ശേഖരിച്ചിട്ടുണ്ട്.അന്വേഷണം തുടരുകയാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.