സിപിഎം കൊല്ലം വിശാല ജില്ലാ കമ്മിറ്റിയില് പിണറായി വിജയന് രൂക്ഷവിമര്ശനം. പിണറായിയും മകളും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും പിണറായി പാർട്ടിക്ക് മുകളില് വളർന്നത് തിരിച്ചടിയായെന്നുമാണ് വിമര്ശനങ്ങളില് പ്രധാനം. പിണറായിസർക്കാരിനെ തിരുത്താൻ പാർട്ടിക്കായില്ല. പിണറായി ഇഎംഎസിനെ ഓര്ക്കണമായിരുന്നുവെന്നും നേതാക്കള് തുറന്നടിച്ചു.
പാര്ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന് ഒൗചിത്യബോധമില്ലെന്നും നേതാക്കളുടെ ശരീരഭാഷയും സമീപനങ്ങളും തിരിച്ചടിച്ചുവെന്നും വിലയിരുത്തലുണ്ടായി. സിപിഎം പിരിവ് പാര്ട്ടിയായി എന്നും കൊല്ലത്തെ സിപിഎം സമ്പന്നരുടെ മാത്രം പാർട്ടിയായെന്നും പ്രതിനിധികള് തുറന്നടിച്ചു.
അതിനിടെ, കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ കണ്ണൂരില് സിപിഎം വിശാല ജില്ലാ കമ്മിറ്റിയോഗത്തിന് നാളെ തുടക്കം. സംസ്ഥാനത്ത് സിപിഎമ്മിന് ഏറ്റവും വലിയ നാണക്കേടുണ്ടാക്കിയ തോല്വികളുണ്ടായ ജില്ലയില് അഴിച്ചുപണികള് എത്രത്തോളമെന്നതിലാണ് രാഷ്ട്രീയ ആകാംക്ഷ. തളിപ്പറമ്പിലും പയ്യന്നൂരും നടപടികള്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്. സംഘടനാ വീഴ്ചകളുണ്ടായ ജില്ലയില് സെക്രട്ടറി കെ.കെ. രാഗേഷിനും വിപുലീകൃത കമ്മിറ്റി തീരുമാനങ്ങള് നിര്ണായകമാണ്.
ഒരുകാലത്തും തകരാത്ത പാര്ട്ടി കോട്ടയെന്ന വിശേഷണം സ്ഥാനാര്ഥികളെ കൊണ്ടും സംഘടനാ പാളിച്ചകളെ കൊണ്ടും പൊളിഞ്ഞ തിരഞ്ഞെടുപ്പ് ഫലമായിരുന്നു പയ്യന്നൂരിലെയും തളിപ്പറമ്പിലേതും. തോല്വി വിലയിരുത്താനും തിരുത്താനും സിപിഎം സംഘടനാ ബലം കൂടുതല് ശക്തിപ്പെടുത്തി വിപുലീകൃത കമ്മിറ്റികള് അടിത്തട്ടിലേക്ക് എത്തുകയാണ്. ജില്ലാ വിപുലീകൃത കമ്മിറ്റിയില് പിണറായിയും,എം.വി ഗോവിന്ദനുമടക്കം പങ്കെടുക്കുന്നത് 156 പേര്. നാളെയും മറ്റന്നാളും പാര്ട്ടി ജില്ലാ ആസ്ഥാനത്ത് തന്നെയാണ് കമ്മിറ്റി.
പയ്യന്നൂരിന്റെ കാര്യത്തില് തിരുത്തുമെന്ന് പറയുന്നതല്ലാതെ എവിടെ തിരുത്തിയെന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ മറുപടിയില്ലാതിരിക്കുന്ന ജില്ലാ നേതൃത്വത്തിലടക്കം അഴിച്ചുപണികള് ഉണ്ടാകുമെന്ന സൂചനകളാണ് വിപുലീകൃത കമ്മിറ്റിക്ക് മുന്നോടിയായി പുറത്തേക്കെത്തുന്നത്. അന്വേഷണ കമ്മീഷന്റെ കണ്ടെത്തല് നിര്ണായകം. എന്നാല് ജില്ലാ സെക്രട്ടറിക്കസേരയില് നിന്ന് കെ.കെ രാഗേഷിന് സ്ഥാനചലനമുണ്ടാകാന് സാധ്യത നന്നേ കുറവ്. സംഘടനാ വീഴ്ചകളില് രാഗേഷിന് ഉത്തരവാദിത്തമുണ്ടെങ്കിലും പിണറായിയ്ക്ക് പ്രിയപ്പെട്ടവനായത് രാഗേഷിനെ തുണയ്ക്കുമെന്നാണ് വിലയിരുത്തല്. എന്നാല് രാഗേഷിനെതിരെ ശക്തമായ വിമര്ശനം ഉയരുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
പേരാവൂരില് മല്സരിപ്പിച്ച് ശൈലജയെ ഒതുക്കാന് നോക്കിയതും പിണറായിക്ക് സ്വന്തം തട്ടകത്തില് വിയര്ക്കേണ്ടിവന്നതും ചര്ച്ചചെയ്യപ്പെടും. രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണം, അടുത്തിടെയുണ്ടായ ഹലാല് ഫായിദ വിവാദം, ,നോര്ത്ത് മലബാര് എജ്യുക്കേഷണല് സൊസൈറ്റി ഫണ്ട് വെട്ടിപ്പ് ആരോപണങ്ങളും വിപുലീകൃത കമ്മിറ്റിയിലെ വിഷയങ്ങളാകും. നിയമസഭാ തിരഞ്ഞെടുപ്പില് ക്ഷീണിച്ച പാര്ട്ടി തിരിച്ചുവരവിന്റെ പാതയിലെന്നാണ് ജില്ലാ സെക്രട്ടറിയുടെ വിശദീകരണം. അതിനുദാഹരണമായി ചൂണ്ടിക്കാട്ടുന്നത് തദ്ദേശ ഉപതിരഞ്ഞെടുപ്പ് വിജയങ്ങളാണ്.
സ്വന്തം ജില്ലയില് പിണറായി നേരിട്ട് വിപുലീകൃത കമ്മിറ്റിയില് പങ്കെടുക്കുമ്പോള് അദ്ദേഹത്തിനെതിരെ വിമര്ശനം എത്രകണ്ട് ഉയരുമെന്നതാണ് മറ്റൊരു കൗതുകം. പിണറായിയുടെ അസാന്നിധ്യത്തില് കാസര്കോട് ജില്ലാ കമ്മിറ്റിയില് രൂക്ഷവിമര്ശനം ഉയര്ന്നതാണ്. അതേസമയം, നവീന് ബാബു കേസില് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തപ്പെട്ട മുന് ജില്ലാ കമ്മിറ്റിയംഗം പി.പി. ദിവ്യയെ തിരിച്ചെത്തിക്കാനും അത് തടയാനും നീക്കമുണ്ടെന്നും സൂചനകളുണ്ട്.