• ദിപ്കെയെ ഉടൻ വിട്ടയക്കണമെന്നും വിവരം നൽകണമെന്നും ആവശ്യപ്പെട്ട് സിജെപി ഡൽഹി പൊലീസ് കമ്മിഷണർക്ക് കത്തുനൽകി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനായി പുറപ്പെടവേ ഇന്നലെ വൈകുന്നേരം കസ്റ്റഡിയിലെടുത്ത സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെയും ഐസ പ്രസിഡന്റ് നേഹ ബോറയെയും വിട്ടയക്കാതെ പൊലീസ്. ദിപ്കെ എവിടെയാണെന്നും  വിവരമില്ല. ദീപ്കെയെ ഉടൻ വിട്ടയക്കണമെന്നും വിവരം നൽകണമെന്നും ആവശ്യപ്പെട്ട് സിജെപി ഡൽഹി പൊലീസ് കമ്മിഷണർക്ക് കത്തുനൽകി. സിജെപി നേതാവ് അജിന്‍ക്യ ഷിന്‍ഡെയും അഭിഭാഷകരും രാത്രി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി അന്വേഷിച്ചെങ്കിലും പൊലീസ് വിവരം നൽകിയില്ല. ദിപ്കെയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയേക്കും. 

അതേസമയം, ഇന്നലെ വൈകുന്നേരം കസ്റ്റഡിയിലായി മണിക്കൂറുകളോളം എവിടെയാണെന്ന് വ്യക്തമല്ലാതിരുന്ന നേഹ ബോറ ആർ.കെ. പുരം സ്റ്റേഷനിലുണ്ടെന്ന് പൊലീസ് രാത്രി വൈകി വിവരം നൽകി. അഞ്ച് മണിക്കൂറോളം നേഹ ബോറയെ വിവിധ സ്ഥലങ്ങളിലേക്ക് പൊലീസ് മാറ്റിക്കൊണ്ടിരുന്നുവെന്ന് ഐസ ആരോപിച്ചു. അഭിഭാഷകരെ കാണാൻ അനുവദിച്ചില്ലെന്നും നേഹയെ എപ്പോൾ വിട്ടയക്കുമെന്ന് വ്യക്തമാക്കിയില്ലെന്നും സിജെപി നേതാക്കൾ പറഞ്ഞു.

നേഹയെക്കുറിച്ച് വിവരം നൽകണമെന്നാവശ്യപ്പെച്ച് സിപിഐ നേതാവ് ആനി രാജയടക്കം രാത്രി പത്തരയോടെ പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിലെത്തിയിരുന്നു. ആർ.കെ.പുരം സ്റ്റേഷനിലും രാത്രി ഐസ പ്രവർത്തകരെത്തി. നേഹയെ ഇന്ന് വിട്ടയച്ചേക്കുമെന്നാണ് സൂചന. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും വിദ്യാർഥി യുവജന സംഘടനകളുടെ മിന്നൽ പ്രതിഷേധത്തിന് സാധ്യതയുണ്ട്. 

ENGLISH SUMMARY:

Abhijeet Dipke, founder of CJP, remain in police custody after being detained while heading to a protest demanding the resignation of Chief Election Commissioner Gyanesh Kumar. Dipke’s whereabouts remain unknown, prompting CJP to write to the Delhi Police Commissioner seeking his immediate release and information about his location. Police later confirmed that Bora was at the R.K. Puram police station, while activists alleged that she had been moved between locations for nearly five hours and denied access to lawyers.