സിംഹാസനമോ മരക്കസേരയോ, ഇരിക്കുന്നതാരോ അതാണ് അതിന്റെ മൂല്യം. ഇന്ത്യന് സര്ക്കാരിന്റെയല്ല, ഇന്ത്യയുടെ ചീഫ് ഇലക്ഷന് കമ്മീഷണറെന്ന് ഉറക്കെ പ്രഖ്യാപിച്ച ടി.എന്.ശേഷനെ ഓര്മയുണ്ടോ? ഇന്ത്യന് ജനാധിപത്യത്തിന് തിലകക്കുറി ചാര്ത്തി നല്കിയ തിരുനെല്ലായി നാരായണയ്യര് ശേഷന്. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ജനാധിപത്യത്തിന്റെ കാതലെന്ന് തെളിയിച്ച, പൊതുജനത്തെ ബോധ്യപ്പെടുത്തിയ ചീഫ് ഇലക്ഷന് കമ്മിഷണര്. വോട്ടര് തിരിച്ചറിയല് കാര്ഡും, മാതൃകാ പെരുമാറ്റച്ചട്ടവും, പ്രചാരണച്ചെലവ് നിയന്ത്രണവുമടക്കം നടപ്പാക്കി കാണിച്ച വ്യക്തി. രാഷ്ട്രീയ നേതൃത്വത്തിന്റെയും, മന്ത്രിമാരുടെയും ശുപാര്ശകളും വിരട്ടലുകളും അംഗീകരിക്കില്ലായെന്ന് നേരേ പറയാന് കാണിച്ച തന്റേടം. രാഷ്ട്രപതിയോടും, സുപ്രീംകോടതിയോടും, പാര്ലമെന്റിനോടും ഒപ്പം ജനങ്ങളോടും മാത്രമാണ് മറുപടി പറയേണ്ടതെന്നും സര്ക്കാരിന് കീഴിലല്ല, ഇലക്ഷന് കമ്മിഷന് എന്ന ഭരണഘടനാ സംവിധാനമെന്നും അടിവരയിട്ട ടി.എന്.ശേഷന്. ടി.എന്.ശേഷന് പുതുതായി ഒന്നും കൊണ്ടുവന്നില്ല, നിലവിലുണ്ടായിരുന്ന ആര്ട്ടിക്കിള് 324 നല്കുന്ന അധികാരം പൂര്ണതോതില് വിനിയോഗിക്കുക മാത്രമാണ് ചെയ്തത്. കാര്യം ലളിതമാണ്, ഇരിക്കുന്ന കസേരയുടെ മൂല്യമറിയണം. ആ മൂല്യം ഉയര്ത്തിപ്പിടിച്ച് നടപടികള് എടുക്കണം. അതില്ലാതെ വരുമ്പോള് ആ സ്ഥാനം ചോദ്യം ചെയ്യപ്പെടും. ചോദ്യങ്ങളുണ്ടാകുമ്പോള് അടിച്ചമര്ത്തുന്നതിന് പകരം നടപടികള് സുതാര്യമെന്ന് ബോധ്യപ്പെടുത്താന് കഴിയാതെ വരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. ആ ‘ബോധ്യപ്പെടുത്തല്’ പരാജയപ്പെട്ടിടത്താണ് രാജ്യതലസ്ഥാനം നീറിപ്പുകയുന്നത്. തുടര്ച്ചയായുണ്ടാകുന്ന പ്രതിഷേധങ്ങളെ രാജ്യവിരുദ്ധം എന്ന് മുദ്രകുത്തി, പൊലീസ് രാജിന്റെ ഇരുമ്പുമറയ്ക്കുള്ളില് ഒതുക്കാന് ശ്രമിക്കുന്നത്.