തിരുപ്പറം കുണ്‍ട്രത്ത് ദീപം തെളിയിക്കാതിരുന്നതില്‍ തമിഴ്നാട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ദശലക്ഷക്കണക്കിന് വിശ്വാസികളുടെ വികാരത്തെയാണ് വിജയ് സര്‍ക്കാര്‍ മുറിപ്പെടുത്തിയതെന്നും ഇന്ന് ദീപം തെളിയിക്കാത്ത സര്‍ക്കാര്‍ നാളെ അമ്പലം അടച്ചുപൂട്ടിയേക്കാമെന്നും അശ്വിനി വൈഷ്ണവ് ആരോപിച്ചു. ആരാധനാ സ്വാതന്ത്ര്യമാണ് തമിഴ്നാട്ടില്‍ ഹനിക്കപ്പെട്ടതെന്നും ഭരണഘടന പൗരന് നല്‍കുന്ന ഉറപ്പ് ലംഘിക്കപ്പെട്ടുവെന്നും അശ്വിനിവൈഷ്ണവ് പറഞ്ഞു. Also Read: തിരുപ്പറംകുണ്‍ട്രത്തെ തര്‍ക്കത്തിന്‍റെ ചരിത്രമറിയാം
'ദീപം തെളിയിക്കുന്നതില്‍ നിന്ന് വിലക്കാന്‍ മാത്രമേ തമിഴ്നാട്ടിലെ സര്‍ക്കാരിന് കഴിയുകയുള്ളൂ. തമിഴ് അഭിമാനത്തെ ഇതുകൊണ്ട് ഇല്ലായ്മ ചെയ്യാന്‍ കഴിയില്ല. ദീപം തെളിയിക്കുന്നത് തടഞ്ഞപ്പോള്‍ വേദനിച്ചത് ലക്ഷക്കണക്കിന് ഭക്തര്‍ക്കാണ്. ഇന്ന് ദീപം തടഞ്ഞു, നാളെ അമ്പലത്തില്‍ പോകരുതെന്ന് പറയുമോ? അതാണോ തമിഴ്നാടിന് വേണ്ടത്? അതാണോ ഭരണഘടന പൗരന് നല്‍കുന്ന സ്വാതന്ത്ര്യം? മതപരമായ സ്വാതന്ത്ര്യം നല്‍കിയത് ഭരണഘടനയാണ്. കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോറിന് ഇനിയും താന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നുവെന്നും ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നുവെന്നും പറയാന്‍ കഴിയുമോ? അദ്ദേഹത്തിന്‍റെ ഹൃദയം ശുദ്ധമല്ല, നേതാവിനെ പോലെ ഭരണഘടന പോക്കറ്റിലിടാന്‍ മാത്രമാണിഷ്ടം'-കോണ്‍ഗ്രസിനെതിരെയും കേന്ദ്ര റെയില്‍വേ മന്ത്രി വിമര്‍ശനം തുടര്‍ന്നു.
ഭരണഘടനയെ അങ്ങേയറ്റം ആദരവോടെയാണ് എന്‍ഡിഎ സര്‍ക്കാര്‍ കാണുന്നെന്നും അത് നടപ്പിലാക്കുകയാണ് മോദി ചെയ്യുന്നതെന്നും അശ്വിനി വൈഷ്ണവ് അവകാശപ്പെട്ടു. എസ്ഐആറില്‍ കോണ്‍ഗ്രസിന്‍റേത് ഇരട്ടത്താപ്പാണെന്നും അശ്വിനി വൈഷ്ണവ് വിമര്‍ശിച്ചു. 'തമിഴ്നാട്ടില്‍ എസ്ഐആര്‍ നല്ലരീതിയില്‍ നടപ്പിലാക്കി. എന്നിട്ടാണ് രാജ്യം മുഴുവന്‍ കോണ്‍ഗ്രസ് ബഹളമുണ്ടാക്കുന്നത്. കേരളത്തിലും എസ്ഐആര്‍ നടപ്പിലാക്കി. ആരാണ് ജയിച്ചത്? കോണ്‍ഗ്രസ്. എസ്ഐആര്‍ വന്നത് കൊണ്ടാണ് ജയിച്ചതെന്ന് അവര്‍ പറഞ്ഞോ? ഇല്ല. പകരം രാജ്യത്ത് മറ്റിടങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചു'- അദ്ദേഹം പറഞ്ഞു. സ്വന്തം തോല്‍വിക്ക് എസ്ഐആറിനെ കുറ്റപ്പെടുത്തുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിജയ് ക്രിസ്ത്യാനി ആയത് കൊണ്ടാണ് തിരുപ്പറംകുണ്‍ട്രത്ത് ദീപം തെളിയിക്കാതിരുന്നതെന്ന് തമിഴ്നാട് ബിജെപി പ്രസിഡന്റ് നേരത്തെ ആരോപിച്ചിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിക്കാന്‍ മുഖ്യമന്ത്രിക്ക് എവിടെ നിന്ന് ധൈര്യം വന്നുവെന്നും നയ്നാര്‍ നാഗേന്ദ്രന്‍ ചോദ്യമുയര്‍ത്തിയിരുന്നു. മറ്റൊരു മുഖ്യമന്ത്രിയും ഇങ്ങനെ ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
മധുരയിലെ തിരുപ്പറംകുണ്‍ട്രത്തെ ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്നതിനെ ചൊല്ലിയായിരുന്നു വിവാദം. മോസ്കും ദര്‍ഗയുമുള്ളതിന്‍റെ അടുത്തായാണ് ദീപത്തുണുള്ളത്. ദീപം തെളിയിക്കാന്‍ ഭക്തര്‍ അനുമതി തേടിയെങ്കിലും സര്‍ക്കാര്‍ നിഷേധിച്ചു. ഇതോടെയാണ് കേസ് സുപ്രീംകോടതിയിലെത്തിയത്. ഒറ്റത്തവണ തെളിയിക്കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ദീപത്തൂണ്‍ ബ്രിട്ടീഷുകാരുടെ കാലത്തെ സര്‍വേ തൂണ്‍ ആണെന്നും അല്ലാതെ ക്ഷേത്രമോ ആചാരമോ ആയി ബന്ധമില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. നൂറ്റിയന്‍പതിലേറെ വര്‍ഷങ്ങളായി മലയുടെ താഴെയുള്ള ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിനടുത്തുള്ള ദീപമണ്ഡപത്തിലാണ് കാര്‍ത്തിക ദീപം തെളിയിച്ച് പോരുന്നത്. ഇപ്പോഴാണ് അവിടെയല്ല, ദര്‍ഗയ്ക്ക് മുകളിലെ ദീപത്തൂണിലാണ് തെളിയിക്കേണ്ടതെന്ന് വാദിച്ച് ചില ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയത്. അതല്ല ദീപത്തൂണെന്നും അത് സര്‍വേക്കല്ല് മാത്രമാണെന്നും ദര്‍ഗ അധികൃതരും സര്‍ക്കാരും വ്യക്തമാക്കുകയായിരുന്നു.