അമിത് ഷായും സ്റ്റാലിനും (ഫയല്‍ ചിത്രം)
ഡിഎംകെയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി തമിഴക വെട്രി കഴകം. ഡിഎംകെയും ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ പോകുന്നുവെന്നാണ് വിജയിന്റെ പാര്‍ട്ടിയുടെ ആരോപണം. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന് കണ്ടത് ഇതിന്റെ മുന്നോടിയാണെന്നും ടിവികെ ആരോപിച്ചു. പാര്‍ലമെന്റ് സമ്മേളനം 30ന് ചേരാനിരിക്കെ വലിയ രാഷ്ട്രീയ വിവാദത്തിനാണ് ടിവികെയുടെ പ്രസ്താവന വഴിയിട്ടിരിക്കുന്നത്. അതേസമയം ഡിഎംകെ ആരോപണം തള്ളി. മണ്ഡല പുനര്‍നിര്‍ണയം ചര്‍ച്ച ചെയ്യാന്‍ ഡിഎംകെ നേതാക്കള്‍ ഉടന്‍ ചേരുമെന്നും സൂചനയുണ്ട്.
ഡിഎംകെയുടെ മുഖപത്രമായ മുരശൊലിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് നയ്നാര്‍ നാഗേന്ത്രന്റേതായ അഭിമുഖം പ്രത്യക്ഷപ്പെട്ടതും ഡിഎംകെ, ബിജെപിയുമായി അടുക്കുന്നതിന്റെ വ്യക്തമായ തെളിവാണെന്നും ടിവികെ ആരോപിച്ചിരുന്നു. എന്നാല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള ഒരു നീക്കവും ഇല്ലെന്നും നാഗേന്ത്രനുമായുള്ള സമ്പൂര്‍ണ അഭിമുഖമല്ല മുരശൊലി പ്രസിദ്ധീകരിച്ചതെന്നും ടിവികെയ്ക്കെതിരായ ആരോപണങ്ങള്‍ വാര്‍ത്തയാക്കുക മാത്രമാണ് ഉണ്ടായതെന്നും ഡിഎംകെ വക്താവ് സയ്യിദ് ഹഫീസുള്ള വ്യക്തമാക്കി.
മുന്‍ മുഖ്യമന്ത്രി സി.എന്‍. അണ്ണാദുരെയുടെ പ്രസിദ്ധമായ 'ആടിന് താടിയും നാടിന് ഗവര്‍ണറും എന്തിന് എന്ന ചോദ്യമുയര്‍ത്തിയായിരുന്നു ടിവികെയുടെ ഐടി വിഭാഗം ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ചത്. ഡിഎംകെ അവരുടെ ആശയാടിത്തറയില്‍ നിന്നും വ്യതിചലിച്ചുവെന്നും ടിവികെ ആരോപിച്ചിരുന്നു. നിയമസഭയില്‍ ഗവര്‍ണറെ അനുവദിക്കാതിരുന്ന പാരമ്പര്യമാണ് ഡിഎംകെയ്ക്ക് ഉണ്ടായിരുന്നതെന്നും ഇന്നിതാ ഗവര്‍ണറുടെ കാല്ക്കല് വീഴുകയാണെന്നും ടിവികെ കുറ്റപ്പെടുത്തി. 'ചരിത്രം ആവര്‍ത്തിക്കുന്നു' എന്നായിരുന്നു ഡിഎംകെ മുന്‍പ് ബിജെപിയുമായി കൈകോര്‍ത്തതിനെ സൂചിപ്പിച്ച് നിലവിലെ നിലപാടുകള്‍ മുഖംമൂടി മാത്രമാണെന്ന ടിവികെയുടെ വാദം.
വിവാദങ്ങള്‍ കനത്തതോടെ മണ്ഡല പുനര്‍നിര്‍ണയ ബില്‍ വന്നാലും തമിഴ്നാടിന്റെ പാര്‍ലമെന്റിലേക്കുള്ള സീറ്റില്‍ മാറ്റം വരാന്‍ പാടില്ലെന്നും 7.2 ശതമാനം അങ്ങനെ തന്നെ തുടരണമെന്നാണ് ഡിഎംകെയുടെ പ്രഖ്യാപിത നിലപാടെന്നാണ് വക്താവ് ആവര്‍ത്തിച്ചത്. അതേസമയം, ഈ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ പാര്‍ലമെന്റില്‍ ബിജെപിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തോട് ഹഫീസുള്ള പക്ഷേ പ്രതികരിച്ചില്ല. ബില്ലില്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ ഡിഎംകെ തീരുമാനിച്ചാല്‍ ഇന്ത്യാസഖ്യത്തിന് വലിയ തിരിച്ചടിയുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി പിരിഞ്ഞ ഡിഎംകെ ഇക്കാര്യത്തില്‍ എന്ത് തീരുമാനം കൈക്കൊള്ളുമെന്നതിലും ഇതുവരെ വ്യക്തതയില്ല.
ജനസംഖ്യാനുപാതം അനുസരിച്ച് നിയമസഭ, പാർലമെന്റ് മണ്ഡലങ്ങളുടെ അതിർത്തികളും സീറ്റുകളുടെ എണ്ണവും പുനര്‍നിര്‍ണയിക്കാനുള്ള നിയമമാണ് ഡീലിമിറ്റേഷന്‍ ബില്‍. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാല്‍ പാര്‍ലമെന്റില്‍ നേരത്തെ ബില്‍ പരാജയപ്പെട്ടിരുന്നു. തിങ്കളാഴ്ച ലോക്സഭയിലും രാജ്യസഭയിലും ബില്‍ വീണ്ടും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യഥാസമയം ഫലപ്രദമായി ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കിയതിനാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനസംഖ്യ, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ്. അതുകൊണ്ടുതന്നെ ജനസംഖ്യാടിസ്ഥാനത്തില്‍ പാര്‍ലമെന്റിലേക്കുള്ള പ്രാതിനിധ്യം തീരുമാനിക്കപ്പെട്ടാല്‍ അത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് കരുന്നത്.