സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പിതൃത്വ അവധി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരായ പുരുഷന്മാര്‍ക്ക് ഭാര്യയുടെ പ്രസവത്തിനായി 15 ദിവസത്തെ അവധി ലഭ്യമാക്കും. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെതാണ് പ്രഖ്യാപനം.

വിവാഹിതരായ പുരുഷന്മാര്‍ക്ക് കുഞ്ഞ് ജനിക്കുന്നതിന് 15 ദിവസം മുമ്പോ കുഞ്ഞ് ജനിച്ച ദിവസം മുതൽ ആറ് മാസത്തിനുള്ളിലോ അവധി എടുക്കാം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്ക് മൂന്നാം പ്രസവത്തിനുള്ള അവധി 12 ആഴ്ചയില്‍നിന്ന് 365 ദിവസമാക്കി വിജയ് സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു.

വനിതാ  ജീവനക്കാർക്ക് 365 ദിവസത്തെ പ്രസവാവധി നൽകുന്നത് മാതൃത്വത്തിനും കുഞ്ഞിന്റെ ക്ഷേമത്തിനും സർക്കാർ നൽകുന്ന പ്രാധാന്യത്തെയാണ് വ്യക്തമാക്കുന്നതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. അതുപോലെ, പുരുഷ സർക്കാർ ജീവനക്കാർക്കും പിതൃത്വ അവധി നൽകുന്നത് കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങൾ പങ്കിടാനും കുഞ്ഞിനെ വളർത്തുന്നതിൽ പിതാവിന്റെ പങ്കാളിത്തം ഉറപ്പാക്കാനും സഹായിക്കുമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

ENGLISH SUMMARY:

Tamil Nadu Chief Minister C. Joseph Vijay announces 15 days of paternity leave for married male government employees around the time of childbirth.