വിവാഹം കഴിക്കുക, സ്വർണവും പണവുമായി മുങ്ങുക. വിവാഹത്തട്ടിപ്പ് പതിവാക്കിയ യുവതി ഒടുവിൽ കുടുങ്ങി. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ നിന്നാണ് വിവാഹത്തട്ടിപ്പിന്‍റെ  ഈ കഥ പുറത്തുവരുന്നത്. രണ്ടുമാസത്തിനിടെ രണ്ട് വിവാഹം കഴിച്ച കോവിൽപട്ടി സ്വദേശിനി കാർത്തികയ്ക്കെതിരെ രണ്ട് ഭർത്താക്കന്മാരും പരാതി നൽകി. വിവാഹശേഷം സ്വർണവും പണവുമായി മുങ്ങുകയായിരുന്നു യുവതിയുടെ രീതി.

വിവാഹത്തിന് സ്വർണം വാങ്ങുകയും പിന്നീട് ഭർതൃവീട്ടുകാരിൽ നിന്ന് പണം കൈക്കലാക്കി മുങ്ങുകയുമായിരുന്നു കാർത്തികയുടെ രീതി. ഭാര്യയെ അന്വേഷിച്ച് സ്വന്തം വീട്ടിലെത്തിയപ്പോഴാണ് യുവാക്കൾ ഇരുവരും തട്ടിപ്പിനിരയായ വിവരം തിരിച്ചറിഞ്ഞത്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സെപ്റ്റംബർ 13-നാണ് തഞ്ചാവൂർ ജില്ലയിലെ ഉപ്പുന്ദർപട്ടി സ്വദേശിയായ സിദ്ധാർഥൻ കാർത്തികയെ വിവാഹം കഴിച്ചത്. വിവാഹദല്ലാൾ വഴിയായിരുന്നു ആലോചന. കാർത്തികയ്ക്ക് മൂന്ന് പവൻ സ്വർണാഭരണങ്ങളും ദല്ലാളിന് കമ്മിഷനായി മൂന്ന് ലക്ഷം രൂപയും സിദ്ധാർഥന്റെ കുടുംബം നൽകി. വിവാഹച്ചടങ്ങുകൾക്കായി ഏകദേശം 15 ലക്ഷം രൂപയും ചെലവഴിച്ചു.

എന്നാൽ വിവാഹം കഴിഞ്ഞ് വെറും രണ്ട് ദിവസത്തിനുശേഷം അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് കാർത്തിക സ്വന്തം വീട്ടിലേക്ക് മടങ്ങി. ആശുപത്രിച്ചെലവിനായി സിദ്ധാർഥൻ പണവും നൽകിയാണ് അവളെ യാത്രയാക്കിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ സിദ്ധാർഥൻ ഫോണിൽ ബന്ധപ്പെട്ടു. ഓരോ തവണ വിളിക്കുമ്പോഴും ആശുപത്രിയിലാണെന്നോ അമ്മയ്‌ക്കൊപ്പമാണെന്നോ പറഞ്ഞ് ഒഴിഞ്ഞുമാറി. വിവാഹശേഷമുള്ള ആദ്യ ദീപാവലി ദിനത്തിലെങ്കിലും മടങ്ങിയെത്തുമെന്ന് സിദ്ധാർഥൻ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

ഒടുവിൽ ബന്ധുക്കളോടൊപ്പം കാർത്തികയെ അന്വേഷിച്ച് സിദ്ധാർഥൻ അവളുടെ നാട്ടിലെത്തി. അവിടെവച്ച് കാർത്തിക മാതാപിതാക്കളെന്ന് പരിചയപ്പെടുത്തിയ മുനിശ്വരിയെയും മാരിയപ്പനെയും കണ്ടു. മുത്തശ്ശിയെ പരിചരിക്കാനായി മധുരയിലേക്ക് പോയിരിക്കുകയാണെന്ന് അവർ അറിയിച്ചു.

അതിനിടെയാണ് കാർത്തികയെ അന്വേഷിച്ച് മറ്റൊരു യുവാവും അവിടെയെത്തിയത്. നാമക്കൽ ജില്ലക്കാരനായ രഞ്ജിത് കുമാറായിരുന്നു അത്. കാർത്തികയുമായുള്ള ബന്ധത്തെക്കുറിച്ച് സിദ്ധാർഥന്റെ കുടുംബം അന്വേഷിച്ചപ്പോഴാണ് മറ്റൊരു വിവാഹത്തിന്റെ വിവരം പുറത്തുവന്നത്. നവംബർ ഒന്നിന് താൻ കാർത്തികയെ വിവാഹം കഴിച്ചിരുന്നുവെന്ന് രഞ്ജിത് വെളിപ്പെടുത്തി.

കാർത്തികയെക്കുറിച്ച് തങ്ങൾക്ക് ഒന്നുമറിയില്ലെന്ന് മുനിശ്വരിയും മാരിയപ്പനും പറഞ്ഞതോടെ യുവാക്കൾ പൊലീസിനെ സമീപിക്കാൻ തീരുമാനിച്ചു. ഇതിനിടെ മുനിശ്വരി മൊബൈൽ ഫോണിൽ വിഡിയോ പകർത്താൻ തുടങ്ങുകയും തന്നെ ആക്രമിക്കാൻ വെല്ലുവിളിക്കുകയും ചെയ്തതോടെ തർക്കം രൂക്ഷമായി. നാമക്കലിൽ നിന്നുള്ളവർ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയാണെന്ന് ആരോപിച്ച് അവർ പൊലീസിന്റെ എമർജൻസി നമ്പറായ 100-ലേക്ക് വിളിച്ചു.

പൊലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തതോടെയാണ് സംഭവത്തിൽ മറ്റൊരു വഴിത്തിരിവുണ്ടായത്. താൻ കാർത്തികയുടെ പിതാവല്ലെന്നും വിവാഹ ഇടനിലക്കാരനാണെന്നും മാരിയപ്പൻ സമ്മതിച്ചു. കാർത്തിക തന്റെ സഹോദരിയുടെ മകളാണെന്നാണ് മുനിശ്വരി പറഞ്ഞത്. വിവാഹത്തട്ടിപ്പ് നടത്താൻ ഇരുവരും കാർത്തികയുടെ മാതാപിതാക്കളായി അഭിനയിച്ചതാകാമെന്നാണ് പൊലീസിന്റെ സംശയം.

സിദ്ധാർഥന്റെയും രഞ്ജിത് കുമാറിന്റെയും പരാതികളിൽ കാർത്തിക, മുനിശ്വരി, മാരിയപ്പൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മധുര സ്വദേശിയായ മറ്റൊരാളുമായും കാർത്തികയുടെ വിവാഹാലോചന നടന്നിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

വിവാഹം കഴിക്കാൻ താൽപര്യമുള്ള യുവാക്കളെ കാർത്തിക കോവിൽപട്ടിയിലെ ഒരു ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു പതിവ്. അമ്മയ്ക്ക് ഗുരുതരമായ അസുഖമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വിവാഹം വേഗത്തിലാക്കാൻ ആവശ്യപ്പെട്ടിരുന്നത്. ഇത്തരത്തിൽ എത്രപേർ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. മാരിയപ്പനും മുനിശ്വരിക്കും സ്റ്റേഷൻ ജാമ്യം ലഭിച്ചു. കാർത്തിക ഇപ്പോഴും ഒളിവിലാണ്.

ENGLISH SUMMARY:

A woman named Karthika from Kovilpatti in Tamil Nadu's Thoothukudi district is accused of marrying two men within two months and vanishing after taking gold and money from their families.