ഈ മാസം 30 മുതല്‍ ഡിസംബര്‍ 3വരെ വിളിച്ചു ചേര്‍ക്കുന്ന പാർലമെന്റ് സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങൾ മനോരമ ന്യൂസിന്. ചോദ്യോത്തര വേളയും ശൂന്യവേളയുമുണ്ടാകില്ലെന്ന് ലോക്‌സഭാ സ്പീക്കർ അറിയിച്ചു. സ്വകാര്യ ബില്ലുകളുടെ അവതരണവുമുണ്ടാകില്ല. സഭയുടെ സിറ്റിങ് നിയമനിർമാണത്തിന് മാത്രമായിരിക്കും. കാര്യപരിപാടി പൂർത്തിയായില്ലെങ്കിൽ സിറ്റിങ് നീട്ടിയേക്കും. മനോരമ ന്യൂസ് ബിഗ് ബ്രേക്കിങ്
അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് പാര്‍ലമെന്‍റ് സമ്മേളനം ഈ മാസം 30 മുതല്‍ ഡിസംബര്‍ 3വരെ വിളിച്ചു ചേര്‍ക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. മണ്ഡലപുനര്‍ നിര്‍ണയബില്ലും വനിത സംവരണ ബില്ലുമായിരിക്കും അജന്‍ഡ. വനിത സംവരണ ബില്‍ വരുമെന്ന സൂചന പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും വ്യക്തമാക്കിക്കഴിഞ്ഞു. പ്രതിപക്ഷ നിരയിലെ ഭിന്നതയ്ക്ക് വഴിവയ്ക്കുംവിധം സര്‍ക്കാര്‍ അനുകൂല നിലപാട് മാറ്റം എന്‍സിപി ശരദ് പവാര്‍ വിഭാഗം നേതാവ് സുപ്രിയ സുലെ നല്‍കി കഴിഞ്ഞു.
അണിയറയില്‍ ഒരുങ്ങുന്നത് എന്ത് എന്ന ആകാംക്ഷയാണ് ഇനി. പ്രതിപക്ഷനേതാക്കള്‍ ഉള്‍പ്പെടെ 106 ദിവസമായി കാത്തിരുന്ന ചോദ്യത്തിന് ഉത്തരം പാര്‍ലമെന്‍ററികാര്യമന്ത്രി കിരണ്‍ റിജിജു എക്സ് പോസ്റ്റിലൂടെ നല്‍കി. ഈ മാസം 30ന് ലോക്സഭയും ഡിസംബര്‍ 2ന് രാജ്യസഭയും ചേരും. ഡിസംബര്‍ 3ന് ഇരുസഭകളും പിരിയും. നിശ്ചയിച്ച കാര്യപരിപാടികള്‍ പൂര്‍ത്തിയാകുംവരെ സഭകളുടെ സിറ്റിങ് നീട്ടാന്‍ വ്യവസ്ഥയുണ്ട്. സര്‍ക്കാരിന്‍റെ സുപ്രധാനകാര്യപരിപാടികള്‍ എന്ന് മാത്രമാണ് പാര്‍ലമെന്‍ററി കാര്യമന്ത്രി സമ്മേളനത്തിന്‍റെ ഉദ്ദേശത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുള്ളൂ. എന്നാല്‍ മണ്ഡലപുനര്‍ നിര്‍ണയ ബില്ലും വനിത സംവരണ ബില്ലും പാസാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നാണ് സൂചന. വനിതാശക്തീകരണ നടപടിയെ ഒരു ശക്തിക്കും എതിര്‍ക്കാന്‍ കഴിയില്ലെന്ന് ഇന്ന് ഭരണഘടന ദിനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി എഴുതിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. വനിത സംവരണ ഭേദഗതി ബില്‍ പാസാക്കാന്‍ അനുവദിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
ഭരണഘടനഭേദഗതി പാസാക്കാന്‍ വേണ്ട മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇത്തവണ കിട്ടുമെന്ന ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍. എസ്ഐആറിനും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനും എതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ മൂര്‍ച്ച കുറഞ്ഞതായി ഭരണപക്ഷം വിലയിരുത്തുന്നു. പ്രതിപക്ഷ ഐക്യത്തിന് ഉലച്ചിലുണ്ടാകുന്നുവെന്ന സൂചനയും അതിനിടെ പുറത്തുവന്നു. മണ്ഡല പുനര്‍നിര്‍ണയ ബില്ലിന്‍റെ പൂര്‍ണ രൂപം ലഭിക്കട്ടെ എന്നിട്ട് ചര്‍ച്ച ചെയ്യാമെന്നും ചില്ലപ്പോള്‍ നല്ല ബില്ലായിരിക്കാമെന്നും എന്‍സിപി ശരദ് പവാര്‍ വിഭാഗം നിലപാട് എടുത്തുകഴിഞ്ഞു.
മഴക്കാല സമ്മേളനം ഓഗസ്റ്റ് 13ന് പിരിഞ്ഞെങ്കിലും ഭരണഘടനയുടെ 85(2) ആം വകുപ്പ് പ്രകാരം രാഷ്ട്രപതിയുടെ ഉത്തരവിലൂടെ സഭാ സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ല. പാര്‍ലമെന്‍റിലെ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃയോഗം നാളെ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരും.