പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. വെടിവച്ചിട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് ഇറ്റാലിയൻ പൗരന്മാർ മരിച്ചു. അതേസമയം , ഹോർമൂസ് കടലിടുക്കിൽ അഡ്‌നോക് കപ്പലിൽ നിന്ന് കാണാതായ ജോർദാൻ സ്വദേശിയായ നാവികന്റെ മൃതദേഹം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു

 

കുവൈത്തിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇറാന്റെ തുടർച്ചയായ ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ ഡ്രോണുകൾ കുവൈത്ത് സേന ആകാശത്തുവെച്ചുതന്നെ തകർത്തുവെങ്കിലും,അവശിഷ്ടങ്ങൾ പതിച്ച് രണ്ട് ഇറ്റാലിയൻ പൗരന്മാർ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരുടെയും മരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ കുവൈത്ത്, പാക്കിസ്ഥാൻ സ്വദേശികളായ മറ്റ് രണ്ടുപേർക്ക് പരുക്കേൽക്കുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയ വക്താവ് അബ്ദുൽ അസീസ് അൽ അത്‌വൻ വ്യക്തമാക്കി.

 

അതേസമയം, ഈ മാസം 17-ന് ഹോർമൂസ് കടലിടുക്കിലുണ്ടായ ആക്രമണത്തിൽ അഡ്‌നോക്കിന്റെ കപ്പലിൽ നിന്ന് കാണാതായ ജോർദാൻ സ്വദേശിയായ നാവികന്റെ മൃതദേഹം കണ്ടെത്തിയതായി കമ്പനി സ്ഥിരീകരിച്ചു. പരുക്കേറ്റ 11 ജീവനക്കാരിൽ ഒൻപതുപേരും ആശുപത്രി വിട്ടു. ഇതിനിടെ, ഹോർമൂസ് കടലിടുക്കിൽ ദ്രവീകൃത പ്രകൃതിവാതകവുമായി നീങ്ങിയ മറ്റൊരു ടാങ്കർ കടൽ മൈനിൽ തട്ടി സ്ഫോടനമുണ്ടായതും മേഖലയിലെ കപ്പൽഗതാഗതത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 

 

അതേസമയം, യെമൻ തലസ്ഥാനമായ സനാ ഉൾപ്പെടെയുള്ള ഹൂതി ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സൗദി വ്യോമസേന ശക്തമായ ആക്രമണമാണ് നടത്തിയത്. സനാ വിമാനത്താവള പരിസരത്തുനിന്ന് വൻ പുകച്ചുരുളുകൾ ഉയർന്നു. ബനി അൽ ഹറിതിലെ ഫാക്ടറിയും ഗോഡൗണും വ്യോമാക്രമണത്തിൽ തകർത്തു. ഇതിന് തിരിച്ചടിയായി ഹൂതികൾ സൗദി തലസ്ഥാനമായ റിയാദിന് നേരെ തൊടുത്ത ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വ്യോമസേന തകർത്തു. മേഖലയിലെ സംഘർഷസാഹചര്യം അതീവ ഗുരുതരമായതോടെ, സൗദി, തുർക്കി, പാക്കിസ്ഥാൻ രാജ്യങ്ങളുടെ പ്രതിനിധികൾ അടിയന്തരമായി പാക്കിസ്ഥാനിൽ യോഗം ചേരുകയാണ്. മക്ക സൈനിക സഹകരണ കരാറിൽ പങ്കാളികളായ രാജ്യങ്ങൾ നിലവിലെ ഭീഷണികളും സംയുക്ത പ്രതിരോധ നീക്കങ്ങളും വിശദമായി വിലയിരുത്തും.

ENGLISH SUMMARY:

Kuwait drone attack carried out by Iran resulted in the tragic death of two Italian citizens and injured others amid escalating Middle East tensions. The ongoing regional crisis also saw developments regarding the Strait of Hormuz shipping incidents and retaliatory airstrikes.