ഷാഫി പറമ്പില്‍- രാജ്മോഹൻ ഉണ്ണിത്താൻ തർക്കത്തിൽ ഷാഫി പറമ്പിലിനു  അനുകൂലമായി പാലക്കാട് ഫ്ലക്സ് ബോർഡുകൾ. " പാലക്കാടിന്റെ ഹൃദയത്തിലാണ് ഷാഫി", 

"നോവിച്ചാൽ നോക്കിയിരിക്കില്ല" എന്നാണ് ഫ്ലെക്സിലെ വാചകങ്ങള്‍. പാലക്കാട് സ്റ്റേഡിയം ബസ്റ്റാൻഡിന് സമീപത്താണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും പേരിലാണ് ഫ്ലക്സ് ബോർഡുകൾ.

 

രാജ്മോഹൻ ഉണ്ണിത്താൻ എം.പിയ്ക്ക് നെല്ലിയ്ക്കാത്തളം വെയ്ക്കാൻ കോൺഗ്രസ് പ്രവർത്തകർ നെല്ലിക്ക പാഴ്സൽ അയച്ച് കൊടുക്കുകയും ചെയ്തു . പാലക്കാട് വണ്ടാഴിയിലെ കോൺഗ്രസ് പ്രവർത്തകരാണ് ഉണ്ണിത്താനെ പരിഹസിച്ച് പാഴ്സൽ അയച്ചത്. എംപിയുടെ കാസർക്കോട്ടെ വിലാസത്തിലാണ് പാഴ്സലും കത്തും. ഷാഫി പറമ്പിലിന്റെ ജനപിന്തുണ കണ്ട് മാനസിക നില തെറ്റിയ എം.പി നെല്ലിക്കാത്തളം വയ്ക്കണം എന്നാണ് കത്തിലുള്ളത്. ഷാഫി പറമ്പിൽ അനുകൂലികളായ പ്രവർത്തകരാണ് ഇതിനുപിന്നിൽ

 

Also read: ‘നന്നായി അടികൊണ്ട്തന്നെയാണ് ഇവിടം വരെ എത്തിയത്’ 


അതേസമയം, പരസ്യപ്രസ്താവനകള്‍ക്ക് കര്‍ശന വിലക്കുമായി കെപിസിസി രംഗത്തെത്തി. പരസ്യപ്രസ്താവനകള്‍ ആരും നടത്തരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സോഷ്യല്‍ മീഡിയ അതിക്രമങ്ങള്‍ നീതീകരിക്കാവുന്നതല്ലെന്നും വിവാദങ്ങളുമായി ബന്ധപ്പെട്ട് നേതാക്കളുമായും സംസാരിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു .   

 

സംസ്ഥാന കോൺഗ്രസിലെ തർക്കങ്ങള്‍ പരിധി വിട്ടതോടെയാണ് നേതൃത്വത്തിന്റെ കര്‍ശന ഇടപെടല്‍. തര്‍ക്കങ്ങളില്‍ ഹൈക്കമാൻഡ് ഇടപെട്ടേക്കുമെന്നു സൂചനയുണ്ട്. വൈദ്യുതി മന്ത്രിമാരുടെ യോഗത്തിനായി ഡൽഹിക്ക് പോകുന്ന കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, സന്ദർശനത്തിനിടെ  നേതൃത്വവുമായി കൂടികാഴ്ച നടത്തിയേക്കും. കേരളത്തിലെ പ്രശ്നങ്ങൾ ഹൈക്കമാൻഡിനെ ധരിപ്പിക്കും എന്നാണ് വിവരം. 

 

നേരത്തെ മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയേക്കുറിച്ച് അടക്കം ‘എ’ ഗ്രൂപ്പ് ഹൈക്കമാൻഡിനു മുമ്പിൽ പരാതിപ്പെട്ടിരുന്നു. ഷാഫി പറമ്പിലിന് എതിരായ രാജ്മോഹൻ ഉണ്ണിത്താന്റെ രൂക്ഷ വിമർശനത്തോട് കാര്യമായി പ്രതികരിക്കാതെ വിഷയം തണുപ്പിക്കുകയാണ് നേതാക്കൾ. വി.ഡി.സതീശനും രമേശ് ചെന്നിത്തലയും കെ.മുരളീധരനും അടക്കമുള്ള നേതാക്കൾ സംയമനം പാലിച്ചു. രാജ്മോഹൻ ഉണ്ണിത്താന് അമിത പ്രാധാന്യം നൽകി മുഖ്യമന്ത്രിക്കെതിരെ പറഞ്ഞതടക്കമുള്ള കാതലായ വിഷയങ്ങളുടെ പ്രാധാന്യം കുറയ്ക്കേണ്ടെന്നാണ് കെ.സി പക്ഷവും ‘എ’ ഗ്രൂപ്പും കണക്കുകൂട്ടുന്നത്. 

ENGLISH SUMMARY:

Malayala Manorama Online News reports on the growing political tension and public displays of support for Shafi Parambil amid the ongoing Congress dispute in Palakkad. Youth Congress and KSU workers have installed flex boards in Palakkad while KPCC intervenes to control the public outbursts.