വനമേഖലയില്‍ അപ്രതീക്ഷിതമായി കണ്ടെത്തിയ കുരുന്നുകളുടെ കഥകേട്ട്  മനസുലഞ്ഞ് നില്‍ക്കുകയാണ്  തമിഴ്നാട്ടിലെ കൃഷ്ണഗിരി നിവാസികള്‍ . ആകെ അഴുക്കു പുരണ്ട വസ്ത്രം ധരിച്ച പത്തുവയസുകാരനായ ആണ്‍കുട്ടിയെയും അഞ്ചുവയസുകാരിയായി പെണ്‍കുട്ടിയെയും  വനത്തിനോട് ചേര്‍ന്നുള്ള റോഡിലാണ് കണ്ടെത്തിയത് .  ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശത്ത് ഇവരെ കണ്ട് വിവരമാരാഞ്ഞവരാണ് ഞെട്ടിക്കുന്ന ആ കഥ പുറത്തുവിട്ടത്.

കുട്ടികള്‍ സഹോദരങ്ങളാണ് .ഇവര്‍ ഒരുദിവസം മുഴുവന്‍ ഭയപ്പാടോടെ കാട്ടിലാണ് കഴിഞ്ഞുകൂടിയത് . ഉപേക്ഷിക്കപ്പെട്ടെന്ന് അവര്‍ തിരിച്ചറിഞ്ഞതുപോലും വൈകിയാണ്. അച്ഛനുമമ്മയും ചേര്‍ന്നാണ് ഇരുവരെയും കൃഷ്ണഗിരിയിലെ വനമേഖലയിലെത്തിച്ചത് .  കേക്കുവാങ്ങിവരാമെന്ന് പറഞ്ഞ് കുട്ടികളെ അവിടെ ഇരുത്തിയ ശേഷം രക്ഷിതാക്കള്‍ സ്ഥലം വിടുകയായിരുന്നു.  ഒരുപാട് സമയം അവര്‍ അച്ഛനമ്മമാരെ കാത്തിരുന്നു . രാത്രിയായതോടെ ഭയപ്പാടായി. എങ്കിലും  കുഞ്ഞനുജത്തിയെ നെഞ്ചോട് ചേര്‍ത്ത് രാത്രിമുഴുവന്‍ ആ പത്തുവയസുകാരന്‍ കാട്ടില്‍ തന്നെ കഴിഞ്ഞു.നേരം  പുലര്‍ന്ന ശേഷമാണ് അവര്‍ പുറത്തേക്ക് വന്നത്. അപ്പോള്‍ മാത്രമാണ്  രക്ഷിതാക്കള്‍  ഉപേക്ഷിച്ചു പോയെന്ന് ഇരുവരും മനസിലാക്കിയത് 

വനമേഖലയിലൂടെ കടന്നുപോകുന്ന റോഡില്‍ നില്‍ക്കുകയായിരുന്ന കുട്ടികളെ അതുവഴി കടന്നു പോയവരാണ് കണ്ടെത്തിയത്. അവര്‍ വിവരമാരാഞ്ഞപ്പോഴാണ്  കുട്ടികള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.  വീടെവിടെയെന്നോ അച്ഛനമ്മമാരുടെ ഫോണ്‍ നമ്പരോ ഇവര്‍ക്ക് അറിയില്ല.  കുട്ടികളെ കൂട്ടിവന്ന് വനപ്രദേശത്ത് ഉപക്ഷിച്ച് ദമ്പതിമാര്‍ കടന്നുകളഞ്ഞെന്നാണ് നിഗമനം. ഇതുവഴി കടന്നുപോയവരാണ് കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലിട്ടത്.

വിഡിയോ പ്രകാരം കുട്ടികളെ കേക്ക് വാങ്ങിത്തരാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും കൊണ്ടുവന്ന അച്ഛനും അമ്മയും കൃഷ്ണഗിരിയിലെ വനപ്രദേശത്ത്  അവരെ ഉപേക്ഷിക്കുകയായിരുന്നു. രാത്രിയായിട്ടും അച്ഛനും അമ്മയും തിരിച്ചു വരാതിരുന്നതോടെ   കൊടുംതണുപ്പില്‍ ഭയന്നു വിറച്ച കുട്ടികള്‍ കുറ്റിക്കാട്ടിനുള്ളില്‍ തന്നെ   രാത്രി തള്ളിനീക്കി. 

 തന്‍റെ കുഞ്ഞനുജത്തിയെ നെഞ്ചോട് ചേര്‍ത്ത് അവളുടെ മുടില്‍ കുരുങ്ങിയ വള്ളിച്ചെടികള്‍ എടുത്തമാറ്റി നില്‍ക്കുന്ന  ബാലന്‍റെ ദൃശ്യം ആരുടെയും കണ്ണുകള്‍ ഈറനാക്കും. കുട്ടികളോട് താന്‍ അച്ഛന്‍റെയും അമ്മയുടെയും നമ്പര്‍ ചോദിച്ചെന്നും എന്നാല്‍ ഇവര്‍ക്കിത് അറിയില്ലെന്നും ദൃശ്യങ്ങള്‍  പകര്‍ത്തിയ യുവാവ് പറഞ്ഞു.   തുടര്‍ന്ന് ഇളയ കുട്ടിയോട് യുവാവ് കുട്ടിയോട് ബര്‍ത്ത്ഡേയാണോ എന്ന് ചോദിക്കുന്നുണ്ട് . തലയാട്ടുന്നതോടെ താന്‍ കേക്ക് വാങ്ങിത്തരാമെന്ന് യുവാവ് പറയുന്നതും വിഡിയോയില്‍ കാണാം.  ചൈല്‍ഡ് വെല്‍ഫെയറിനെയും ചൈല്‍ഡ് പ്രൊട്ക്ഷന്‍ ബ്യൂറോയെയും ടാഗ് ചെയ്താണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോയ്ക്ക് ശേഷം കുട്ടികള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. 

ENGLISH SUMMARY:

A 10-year-old boy and his 5-year-old sister were found near a forest road in Krishnagiri, Tamil Nadu, after reportedly being abandoned by their parents under the pretext of buying a cake. The siblings spent a freezing night in the woods before passersby found them, recorded a video tagging child welfare authorities, and shared their story online.